ഗൾഫിലൊരു ജോലി; സ്വപ്നസാക്ഷാത്കാരത്തിന് ഐ.എ.എസ്. ജോബ് സെൽ

gulf-jobcell
SHARE

യു.എ.ഇയിൽ ഒരു ജോലി കണ്ടുപിടിക്കാൻ ഏറെ പരിശ്രമം വേണം. എവിടെ എങ്ങനെയാണ് ജോലിക്കു ശ്രമിക്കേണ്ടതെന്നു പോലും അറിയാത്ത അവസ്ഥയുണ്ടാകാറുണ്ട് ഉദ്യോഗാർഥികൾക്ക്. അത്തരമൊരു സാഹചര്യത്തിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ജോബ് സെൽ എറെ പ്രയോജനകരമാകുന്നത്. ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നാണ് ഇനി പറയുന്നത്.

മലയാളികൾക്കു നന്നായറിയാം ഗൾഫിൽ ഒരു ജോലി ലഭിക്കാനുള്ള പ്രയാസം. പ്രത്യേകിച്ച് ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ. ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ ഇവിടെ ജോലി തിരക്കിയെത്തുന്നവരും ഏറെയുണ്ട്. അത്തരക്കാർക്ക് ഏറെ ബുദ്ദിമുട്ടാണ് ജോലി തേടാനും നേടാനും. യു.എ.ഇയിൽ ജോലി തേടുന്നവർക്ക് വലിയ സഹായവുമായാണ് ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.

ജോലി തേടുന്നവർക്ക് യാതൊരു പണച്ചെലവുമില്ലാതെ തന്നെ കമ്പനികളുമായി നേരിട്ട് അഭിമുഖത്തിനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ അസോസിയേഷൻ. ആയിരക്കണക്കിനു ഉദ്യോഗാർഥികളാണ് എല്ലാ ശനിയാഴ്ചയും ഇവിടെയെത്തി ഇൻറർവ്യൂവിൽ പങ്കെടുക്കുന്നത്. ഒരു വർഷത്തിനിടെ ആയിരത്തി ഇരുന്നൂറോളം പേർക്ക് ജോലി നേടാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വഴിയൊരുക്കിയെന്നത് ഈ പദ്ധതിയുടെ വിജയമാണെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.

മറ്റു ഏജൻസികളെപ്പോലെ റിക്രൂട്മെൻറിന് പണം വാങ്ങുകയോ മറ്റു നിരക്കുകൾ ഏർപ്പെടുത്തുകയോ ചെയ്യാതെയാണ് അസോസിയേഷൻറെ പ്രവർത്തനം. പതിനാലു പേരടങ്ങിയ ജോബ് സെൽ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോലി നഷ്ടപ്പെട്ട് യു.എ.ഇയിൽ തുടരുന്നവർക്കും ഫാമിലി വീസയിലും സന്ദർശക വീസയിലുമായി ഇവിടെയെത്തിയവർക്കും വിവിധ കമ്പനികൾ നേരിട്ട് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്.

iasjobcell.com എന്ന വെബ്സൈറ്റിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയുമാണ് റിക്രൂട്മെൻറിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നത്. ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ നേരിട്ടെത്തി കമ്പനികൾ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തും. അതിനാൽ തന്നെ ഇടനിലക്കാരില്ലാതെ സുതാര്യമായാണ് പ്രവർത്തനം.

മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയറിങ് ജോലികളിലേക്കാണ് കൂടുതൽ അവസരങ്ങൾ. ഒപ്പം ഒഫീസ് അഡ്മിനിസ്ട്രേഷൻ, അലുമിനിയം ഫാബ്രിക്കേഷൻ തുടങ്ങിയ ജോലികളിലേക്കും നിരവധി പേർക്കു ജോബ് സെൽ വഴി ജോലി ലഭിച്ചു.

റിക്രൂട്മെൻറ് നടത്താൻ വരുന്ന കമ്പനികളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് അഭിമുഖമടക്കമുള്ള നടപടികൾക്കു അവസരമൊരുക്കുന്നത്. റിക്രൂട്മെൻറിൽ പങ്കെടുക്കാനെത്തുന്നവർക്ക് യു.എ.ഇയിലെ ജോലി സാധ്യതകളെക്കുറിച്ചും ആശയവിനിമയം, വ്യക്തിത്വ വികസനം തുടങ്ങിയവയെക്കുറിച്ചും പ്രത്യേക സെമിനാറുകളും സൌജന്യമായി സംഘടിപ്പിക്കുന്നുണ്ട്.

ആവശ്യത്തിനു യോഗ്യതകളുള്ള ഉദ്യോഗാർഥികളില്ലെങ്കിൽ ഐ.എ.എസിൻറെ കൈവശമുള്ള ഡേറ്റാ ബേസ് വഴിയും ഉദ്യോഗാർഥികളെ തേടാറുണ്ട്. അബുദാബി, ദുബായ് തുടങ്ങി വടക്കൻ എമിറേറ്റ്സുകളുൾപ്പെടെ എല്ലായിടത്തുനിന്നും ഉദ്യോഗാർഥികൾ അസോസിയേഷനിലെത്തുന്നുണ്ട്. ജോബ് സെല്ലിൻറെ വെബ്സൈറ്റ് വഴിയോ നേരിട്ടെത്തിയോ റിക്രൂട്മെൻറിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാനാകും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...