എഴുപതിന്റെ നിറവിൽ ഷെയ്ഖ് മുഹമ്മദ്; ഗാനോപഹാരവുമായി ഇന്ത്യൻ സമൂഹം

video-indian-communitys-gift-to-sheikh-mohammed
SHARE

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ ജന്മദിനമായിരുന്നു ജൂലൈ പതിനഞ്ച്. ഇന്ത്യയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദിന് ജന്മദിനസമ്മാനമായി ഒരു ഗാനോപഹാരം. അറബ് കവിയുടെ വരികൾക്കു മുംബൈ സ്വദേശിയുടെ സംഗീതത്തിൽ പാടിയിരിക്കുന്നത് ഒരു മലയാളി ഗായികയാണ്.

ഇന്ത്യ ദുബായ് സൗഹൃദ വ്യാപാര വ്യവസായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1971 ൽ ഐക്യ എമിറേറ്റുകൾ സ്ഥാപിതമായ ശേഷം ആ ബന്ധം കൂടുതൽ ശക്തമായി. ദുബായ് ഭരണാധികാരിയായി അൻപതു വർഷം പൂർത്തിയാക്കിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിൽ ഈ രാജ്യം മികവിൻറെ ഉയരങ്ങൾ കീഴടക്കുകയാണ്. 

മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യയി നിന്നും ഇവിടെയെത്തിയ എല്ലാവർക്കും ഷെയ്ഖ് മുഹമ്മദ്, ആദരണീയനായ ഭരണാധികാരിയാണ്. ആ ഭരണാധികാരിയുടെ എഴുപതാം ജന്മദിനത്തിൽ ഇന്ത്യൻ സമൂഹത്തിൻറെ പിറന്നാൾ സമ്മാനമാണ് ഈ ഗാനോപഹാരം.

പ്രശസ്ത അറബ് കവി ഷിഹാബ് ഗാനിമിൻറെ വരികൾക്കു ബോളിവുഡ് സംഗീതസംവിധായകൻ മോണ്ടി ശർമയാണ് ഈണം നൽകിയിരിക്കുന്നത്. മലയാളികളെ എന്നും പ്രിയത്തോടെ സ്വീകരിച്ചിട്ടുള്ള ഭരണാധികാരിക്ക് ഗാനോപഹാരം അവതരിപ്പിച്ചിരിക്കുന്നത് പ്രവാസിയായ മലയാളി ഗായിക സുചേത സതീഷിൻറെ ശബ്ദത്തിലാണ്.

ഇന്ത്യൻ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സുചേത, ഏറ്റവും കൂടുതൽ ഭാഷകളിൽ ഏറ്റവുമധികം സമയം പാടിയതിനു ഗിന്നസ് റെക്കോർഡ് നേടിയ മിടുക്കിയാണ്. 102 ഭാഷകളിലായി ആറ് മണിക്കൂർ 15 മിനിട്ടാണ് സുചേത പാടിയത്. 

ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായതിൻറെ അൻപതാം വാർഷികത്തിൽ ഡോ.ഷിഹാബ് എഴുതിയ കവിതയാണ് ചില മാറ്റങ്ങളോടെ ഗാനമാക്കിയത്. നാലു മിനിട്ട് 45 സെക്കൻഡാണ് ഗാനത്തിൻറെ ദൈർഘ്യം. 

മുംബൈയിൽ സംഗീത സംവിധായകൻ മോണ്ടി ശർമയുടെ സ്റ്റ്യുഡിയോയിലായിരുന്നു റെക്കോർഡിങ്. പഠനമികവിന് സുചേതയ്ക്ക് ലഭിച്ച ഷെയ്ഖ് ഹംദാൻ പുരസ്കാര തുകയാണ് ഗാനനിർമാണത്തിനായി മാറ്റിവച്ചത്.

ഷെയ്ഖ് മുഹമ്മദിൻറെ എഴുപതാം ജന്മദിനത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ ഗാനത്തിൻറെ പ്രകാശനം നിർവഹിച്ചു. ഗാനത്തിന്റെ ഒരു പകർപ്പ് ഷെയ്ഖ് മുഹമ്മദിന് കൈമാറും. 

എല്ലാ മേഖലകളിലും രാജ്യത്തെ മികവിലേക്ക് നയിക്കുകയും മലയാളികളടക്കമുള്ള പ്രവാസികളെ പരിഗണിക്കുകയും ചെയ്യുന്ന ഭരണാധികാരിയുടെ നന്മയ്ക്ക്, ജന്മദിനസമ്മാനമായി ഇന്ത്യ സമ്മാനിച്ച ഉപഹാരമായിരുന്നു ഈ അറബ് ഭാഷയിലുള്ള ഗാനോപഹാരം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...