സഞ്ചാരികള്‍ സലാലയിലേക്ക്; മഴ ഉത്സവത്തിന് തുടക്കമായി

salala-fest
SHARE

ഗൾഫ് നാട്ടിലെ കേരളമെന്നു വിളിപ്പേരുള്ള ഒമാനിലെ സലാലയിൽ മഴക്കാലം തുടങ്ങി. മഴ ഉത്സവം, ഖരീഫ് ഫെസ്റ്റ് തുടങ്ങിയതോടെ മലയാളികളടക്കം ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കടുത്ത വേനൽച്ചൂടിൽ ഗൾഫ് വെന്തുരുകുമ്പോൾ മഴയിലും മഞ്ഞിലുമായി സലാല കുളിരണിയുകയാണ്. കേരളത്തിനു സമാനമായി, ഹരിതാഭ നിറഞ്ഞ കാടും തോടും മലയും താഴ്വാരവുമൊക്കെ നിറഞ്ഞ പ്രദേശം. 

സലാലാ ക്ഷണിക്കുകയാണ്. പ്രകൃതിയെ പ്രണയിച്ച് പ്രകൃതിയിലേക്കു മടങ്ങാനുള്ള മനോഹരമായ ക്ഷണം. മഴ ഉത്സവത്തിൻറെ ആദ്യ ആഴ്ചകളിൽ തന്നെ സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിക്കഴിഞ്ഞു സലാലയിലേക്ക്. സാധാരണ ജൂൺ പകുതിയോടെ മഴ തുടങ്ങുമെങ്കിലും ഇത്തവണ മഴയെത്തുന്നത് അൽപം കൂടി കാത്തിരുന്നതിനു ശേഷമാണ്. മലയാളികളും ഒമാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ സഞ്ചാരികൾ എല്ലാം മറന്നാഘോഷിക്കാൻ സലാലയിലേക്കു വന്നുകൊണ്ടിരിക്കുന്നു.

ഒമാന്‍റെ സംസ്കാരവും പൈതൃകവും കാഴ്ചക്കാർക്ക് പകരുന്ന സാംസ്കാരിക ഗ്രാമമാണ് സലാലയിലെത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു മനോഹരകാഴ്ച. അറബ് പരമ്പരാഗത വസ്ത്രങ്ങളും ഉൽപ്പന്നങ്ങളുമെല്ലാം ഇവിലെ ലഭിക്കും. ഒമാനിലെയും മറ്റു ജി.സി.സി രാഷ്ട്രങ്ങളിലെയും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണവും കായികപ്രകടനങ്ങളും മുഖ്യ ആകർഷണമാണ്. 

വാരാന്ത്യ അവധി ദിനങ്ങളിൽ ദുബായില്‍നിന്നുള്ള മലയാളികളടക്കം നിരവധി പേര്‍ സലാലയിലെത്തുന്നുണ്ട്. സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് ഫെസ്റ്റിവലിനായി സർക്കാർ എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുപതുലക്ഷം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം  ജൂൺ  21 മുതൽ ഓഗസ്റ്റ് 15 വരെ ആറരലക്ഷത്തോളം സഞ്ചാരികളാണ് സലാല സന്ദർശിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 25  ശതമാനത്തിന്‍റെ വർധന. സലാലയിൽ പുതിയ വിമാനതാവളം തുറന്നതും സലാം എയർ, ഒമാൻ എയർ എന്നിവ ഖരീഫ് സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചതും സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത്തവണ മസ്കറ്റിൽനിന്നും സലാലയിലേക്ക് പോകാൻ മുവ്സലാത്ത് ബസിൽ ദിവസവും എഴുന്നൂറുസീറ്റുകളാണ് അധികം നൽകിയിരിക്കുന്നത്. മസ്ക്കറ്റിൽ നിന്നും സലാലയിലേക്കു പോയിവരുന്നതിനുള്ള നിരക്കു പതിനാലിൽ നിന്നും പത്തു റിയാലായി കുറച്ചിട്ടുണ്ട്. 

ജോലിയുടെ തിരക്കുകൾക്കിടയിൽ, ചൂടിൻറെ കാഠിന്യത്തിൽ നിന്നും ഒരു ഇടവേള ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മനസിനെ കുളിർമയുള്ലതാക്കാൻ പറ്റിയ ഇടമാണ് സലാല. കേരളത്തിൻറെ ഓർമകളുമായി അതേ ഗൃഹാതുരത പകരാൻ സലാല സഞ്ചാരികളെ കാത്തിരിക്കുന്നു.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...