കഴിവുകളിലൂടെ പോരാടി വിജയിച്ച് അബുദാബിക്കാരുടെ ഷാജി മാഷ്

shaji-survived-story
SHARE

കുറവുകളും വൈകല്യങ്ങളുമൊക്കെ ജീവിതത്തെ പരാജയപ്പെടുത്തേണ്ടവയല്ല. മറിച്ചു കഴിവുകളിലൂടെ കുറവുകളെ അതിജീവിക്കുകയാണ് വേണ്ടത്. അത്തരത്തിൽ കലയിലൂടെ ജീവിതത്തിൽ മുന്നേറുന്ന ഒരു പ്രവാസി മലയാളിയാണ് തിരുവനന്തപുരം സ്വദേശി ഷാജി നവരസ.

അബുദാബിയിലെ സാംസ്കാരികകലാ രംഗങ്ങളിലെ സജീവസാന്നിധ്യമാണ് ഷാജി നവരസ. അബുദാബിക്കാരുടെ പ്രിയപ്പെട്ട ഷാജി മാഷ്. വലതു കാലിനു തീരെ സ്വാധീനമില്ല. അതിനാൽ തന്നെ നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ട്. പക്ഷേ, എല്ലാ കുറവുകളേയും കലാവാസനകൾ കൊണ്ടു മറികടക്കുകയാണ് തിരുവനന്തപുരം കടയ്ക്കാവൂർ ഭജനമഠം സ്വദേശിയായ ഷാജി. 

ചിത്ര രചന, സംഗീത സംവിധാനം, സംഗീതാലാപനം, ഉപകരണ സംഗീതം,  ശില്പരചന തുടങ്ങി വിവിധമേഖലകളിൽ ഷാജി തിളങ്ങുകയാണ്, പ്രചോദനമാവുകയാണ്. അബുദാബിയിലെ സംഗീതപരിപാടികളിലെ സജീവസാന്നിധ്യമായ ഷാജി മലയാളസിനിമാ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. ഷാജി  സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

മൂന്നാം വയസിലെടുത്ത ഒരു ഇൻജക്ഷൻറെ പിഴവാണ് കാലിൻറെ ബലഹീനതയ്ക്കു കാരണമായത്. ബുദ്ധിമുട്ടുകളോടെ സാധാരണജീവിതം നയിക്കുന്നതിനിടെ എട്ടുവർഷം മുൻപു ഗൾഫിലെത്തി. അബുദാബിയിലും, ഫുജൈറയിലുമായി കലാ സ്ഥാപനങ്ങളിലായിരുന്നു തൊഴിൽ. കുട്ടികളെ ചിത്രം വരയും, പാട്ടും പഠിപ്പിച്ചുകൊണ്ടായിരുന്നു ജീവിതത്തിലെ മുന്നേറ്റം. 

രാവിലെ തുടങ്ങുന്ന ക്ളാസുകൾ സന്ധ്യയോടെ അവസാനിക്കും. ക്ളാസുകഴിഞ്ഞാലും വിശ്രമമില്ല. ചിത്രരചനയും സംഗീതവുമൊക്കെയായി ജീവിതം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് അനേകർക്കു പ്രചോദനമേകുന്ന ഈ കലാകാരൻ. മൃദംഗം, തബല, ഡ്രംസ് തുടങ്ങിയ സംഗീതഉപകരണങ്ങൾ യഥേഷ്ടം വഴങ്ങുന്ന ഷാജി, ഈ കഴിവുകൾ അടുത്തതലമുറയ്ക്കു പകരുന്നതിലും മുന്നിലുണ്ട്. അബുദാബിയിലെ പ്രശസ്തമായ നവരസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസിലെ പ്രിൻസിപ്പാളായാണ് നിലവിൽ സേവനം ചെയ്യുന്നത്. 

ഷാജിക്കു പിന്തുണയുമായി ഭാര്യ സന്ധ്യയും മക്കൾ കൃഷ്ണവേണിയും കൃഷ്ണശ്രീയും കൂടെയുണ്ട്. എല്ലാത്തിനും ഉപരിയായി യു.എ.ഇയിൽ ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കാൻ ഭരണാധികാരികൾ മുന്നോട്ടുവച്ച നിശ്ചയദാർഡ്യക്കാരെന്ന പേര് അന്വർഥമാക്കുകയാണ് ഈ തിരുവന്തപുരംകാരൻ. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...