30വർഷം ഗൾഫിൽ കഷ്ടപ്പെട്ടു; ഹോട്ടലിന് പ്രവാസി കൈക്കൂലി നൽകേണ്ടി വന്നത് 22 ലക്ഷം

gulf34
SHARE

പ്രവാസലോകത്തെ വ്യവസായികളായ പലരുടേയും വലിയ മോഹമാണ് സ്വന്തം നാട്ടിൽ ഒരു സംരംഭം. എന്നാൽ, അതിനുള്ള പിന്തുണ ലഭിക്കാത്തതാണ് ആന്തൂരിലെ സാജനെപ്പോലുള്ളവരെ മരണത്തിലേക്കു തള്ളിവിടുന്നത്. പ്രവാസലോകം പ്രതിഷേധത്തിലാണ്. പ്രവാസികൾ നാടിൻറെ നട്ടെല്ലാണെന്നു പറയുകയും അതേ നട്ടെല്ലിനിട്ടു ചവിട്ടുകയും ചെയ്യുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോടുള്ള പ്രതിഷേധം. 

മുപ്പതുവർഷം ഗൾഫിൽ കഷ്ടപ്പെട്ടു സമ്പാദിച്ച പണം കൊണ്ടു സ്വന്തം നാട്ടിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ വേണ്ടി ഇരുപത്തിരണ്ടു ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്ന പ്രവാസി വ്യവസായിയുടെ വാക്കുകളാണിത്. 2010 ൽ എല്ലാ സർക്കാർ അനുമതികളും നേടി നിയമപരമാണ് റെജി ചെറിയാൻ പുന്നമടക്കായലിനു സമീപം ഹോട്ടൽ നിർമാണം തുടങ്ങിയത്. അന്നത്തെ മുൻസിപ്പൽ സെക്രട്ടറി ബെൽ രാജിൻറെ നിർദേശപ്രകാരമെത്തിയ ഏജൻറ് ചോദിച്ചത് ഇരുപത്തിയഞ്ചുലക്ഷം രൂപ കൈക്കൂലി. എല്ലാ നിയമങ്ങളും പാലിച്ചെങ്കിലും കൈക്കൂലി നൽകാതെ കാര്യങ്ങൾ മുന്നോട്ടുപോകില്ലെന്നായിരുന്നു ഭീഷണി. 

ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 150 വർഷം മുൻപ് കായൽ ഉണ്ടായിരുന്നു എന്നാരോപിച്ചാണ് ഇപ്പോൾ ഉദ്യോഗസ്ഥർ വേട്ടയാടുന്നത്.  മലിനീകരണ നിയന്ത്രണ പ്ളാൻറിൻറെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡിലെ എൻജിനീയറുടെ ഭീഷണി തുടരുകയാണ്. 

പ്രവാസലോകത്ത് കഷ്ടപ്പെട്ട് ജീവിതം വെട്ടിപ്പിടിച്ചു മുന്നേറിയിട്ടും നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ അഹംഭാവങ്ങളിൽ ഇടറിയ നൂറുകണക്കിനു പേരുടെ പ്രതിനിധിയാണ് റെജി ചെറിയാൻ. ഗൾഫിൽ നിന്നെത്തി വർക്ഷോപ്പ് തുടങ്ങാൻ എല്ലാ അനുമതിയും, മുഖ്യമന്ത്രിയുടെ നിർദേശവും ലഭിച്ചിട്ടും നീതി ലഭിക്കാതെ ഒടുവിൽ ആത്മഹത്യ ചെയ്ത കൊല്ലം വിളക്കുടി പഞ്ചായത്തിലെ സുഗതൻ, നിയമപരമായി എല്ലാം ചെയ്തിട്ടും സി.പി.എം നേതാവിൻറെ ഇടപെടൽ കാരണം പ്രവർത്തനാനുമതി ലഭിക്കാത്ത സ്ഥാപനവുമായി കാത്തിരിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി എം.റഫീഖ്, പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുടെ എതിർപ്പുകാരണം സർവീസ് സ്റ്റേഷൻ തുടങ്ങാനാകാതെ ദുരിതത്തിലായ കുവൈത്തിലെ പ്രവാസിമലയാളിയും കോഴിക്കോട് വെങ്ങേരി സ്വദേശിയുമായ റെജി ഭാസ്കർ...ഇങ്ങനെ നീളുകയാണ് നീതിനിഷേധത്തിൻറെ ഇരകളായ പ്രവാസിമലയാളികൾ. നാടിൻറെ ചൂടും ചൂരും അനുഭവിച്ചു നാട്ടിൽ മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ ഒരുങ്ങിയവരാണീ പ്രവാസികൾ. എല്ലാ വഴികളുമടഞ്ഞപ്പോൾ ചിലർ ആത്മഹത്യയിൽ അഭയം തേടി. മറ്റുചിലർ ഇപ്പോഴും രാഷ്ട്രീയപാർട്ടികളുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയുമൊക്കെ കനിവു തേടി അലയുന്നു. 

ആന്തൂരിലെ സാജൻറെ മരണത്തോടെയാണ് പ്രവാസികളിൽ പലരും സഹിച്ച ദുരിതങ്ങൾ, സഹിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങൾ പുറത്തുപറയാനൊരുങ്ങിയത്. മരുഭൂമിയിൽ വീട്ടുകാരേയും ബന്ധുക്കളേയും വിട്ട് കഷ്ടപ്പെട്ടു സമ്പാദിച്ച പണം നാട്ടിൽ നിക്ഷേപിച്ച്, ചുവപ്പുനാടകളിൽ കുരുങ്ങിക്കഴിയുന്നവർ ഏറെയുണ്ട് മലയാളിനാട്ടിൽ. മാറിമാറി വരുന്ന സർക്കാരുകൾ, മന്ത്രിമാർ, പാർട്ടി പ്രതിനിധികൾ എല്ലാവരുടേയും വാഗ്ദാനങ്ങളിൽ വഞ്ചിതരാകാനാണ് പ്രവാസിയുടെ വിധി. പ്രവാസലോകത്തെത്തുന്ന രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരെയുമൊക്കെ ആവേശത്തോടെ സ്വീകരിക്കാനും കൂടെകൂട്ടാനും ഏറെ സംഘടനകളുണ്ട് പ്രവാസലോകത്ത്. പക്ഷേ, ഈ സംഘടനകൾ ഇടപെട്ടാൽ പോലും പ്രവാസിമലയാളികൾക്കു നാട്ടിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകില്ല എന്നതാണ് സത്യം. ഗൾപ് നാടുകളിൽ ചുവപ്പുനാടകളില്ലാതെ വ്യവസായം തുടങ്ങിയവരിൽ പലരും നാട്ടിൽ ചെറിയ സംരംഭങ്ങൾക്കുപോലും ചുവപ്പുനാടയുടെ ചരടിൽ കുരുങ്ങുകയാണ്. ഫയലിലെ ചരടുകൾ ആത്മഹത്യക്കുള്ള കയറായി മാറുന്ന അവസ്ഥ. അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനും പ്രവാസികളെ കൂടെക്കൂട്ടുന്നതിനുമാണ് സംസ്ഥാനസർക്കാരിൻറെ നേതൃത്വത്തിൽ ലോക കേരള സഭ തുടങ്ങിയത്. ഉത്ഘാടന സമ്മേളനം തിരുവനന്തപുരത്തും മേഖലാ സമ്മേളനം യു.എ.ഇയിലുമായി സംഘടിപ്പിച്ചു. പക്ഷേ, ലോകകേരള സഭ കൊണ്ടു എന്തു ഗുണമാണ് ഗൾഫിലെ പ്രവാസികൾക്കുണ്ടായതെന്ന ചോദ്യം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. 

ലോകകേരള സഭ നിലവിൽ വന്നു രണ്ടുവർഷം കഴിഞ്ഞിട്ടും ഇടത്തരം പ്രവാസിവ്യവസായികളോടുള്ള കേരളത്തിലെ രാഷ്ട്രീയ, സർക്കാർ ഉദ്ോഗസ്ഥരുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്താനായിട്ടില്ലെന്നതാണ് ആന്തൂരിലെ സാജൻറെ ആത്മഹത്യ വിരൽ ചൂണ്ടുന്നത്. ലോകകേരള സഭയുടെ പ്രവർത്തനം മേൽത്തട്ടുകളിൽ മാത്രമൊതുങ്ങാതെ ഇടത്തരക്കാരുൾപ്പെടുന്ന ചെറുകിട വ്യവസായികളെക്കൂടി പരിഗണിക്കുന്നതാകണമെന്നാണ് പ്രവാസികളുടെ അഭിപ്രായം. മുഖ്യമന്ത്രി അടക്കമുള്ള അധികാരികികൾ ഗൾഫ് നാടുകളിലെത്തുമ്പോൾ ഇടത്തരം വ്യവസായികളെക്കൂടി പരിഗണിക്കുന്നതിനും കാണുന്നതിനും അവസരമൊരുക്കണം. യു.എ.ഇയിൽ മാത്രം മലയാളികളായ അയ്യായിരത്തോളം ഇടത്തരം വ്യവസായികളുണ്ടെന്നത് കേരളത്തിൻറെ മുതൽകൂട്ടാണെന്നു അധികാരികൾ മറക്കാതിരിക്കട്ടെ. സാജൻറെ ആത്മഹത്യയോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചതിനു പിന്നാലെ, കോൺഗ്രസ് അനുഭാവ പ്രവാസിസംഘടനകളിൽ നിന്നുള്ള ലോകകേരളസഭാ അംഗങ്ങളും രാജി പ്രഖ്യാപിച്ചു. ലോകകേരള സഭയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് വിവിധഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ രാജി. 

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി എൻ.ഡി.പി.ആർ.ഇ.എം അടക്കമുള്ള പല പദ്ധതികളും സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ നോർക്ക റൂട്ട്സ് ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, വീടു വയ്ക്കാനുള്ള പെർമിറ്റു മുതലുള്ള ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന പ്രവാസികൾ സംരംഭം തുടങ്ങുന്നതിൻറെ നൂലാമാലകളെ ആശങ്കയോടെയാണ് കാണുന്നത്. അതിനു മാറ്റം വരണമെങ്കിൽ സെക്രട്ടേറിയേറ്റിൽ നിന്നു തുടങ്ങി വില്ലേജ് ഓഫീസുകളിൽ വരെ ഒരേപോലെ ഇടപെടലുകളുണ്ടാകണമെന്നാണ് പ്രവാസസമൂഹത്തിൻറെ ആവശ്യം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...