അന്ധനെന്ന് കാരണം; സ്കൂളുകള്‍ മടക്കിയയച്ചു; ഇന്ന് മിന്നും ജയം; കയ്യടി

muhammad-mustafa-halal
SHARE

അന്ധനാണെന്ന കാരണത്താൽ പഠിക്കാൻ അഡ്മിഷൻ ലഭിക്കാതെ സ്കൂളുകൾ മടക്കിഅയച്ച മലയാളിയായ വിദ്യാർഥിക്ക് ഷാർജ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം. അകക്കണ്ണിൻറെ വെളിച്ചത്തിൽ ഇരുട്ടിനെ അകറ്റിയ മുഹമ്മദ് മുഫ്തഫാ ഹിലാലിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഷാർജ സർവകലാശാലയിൽ കഴിഞ്ഞദിവസം നടന്ന ബിരുദദാന ചടങ്ങിലെ മനോഹര കാഴ്ചയാണിത്. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽ നിന്നും മലയാളിയായ അന്ധവിദ്യാർഥി മുഹമ്മദ് മുസ്തഫാ ഹിലാൽ ബിരുദ സർട്ടിഫിക്കേറ്റ് നേടുന്ന കാഴ്ച. കറുത്ത കണ്ണടയണിഞ്ഞ് പരസഹായത്തോടെയെത്തിയ മുഹമ്മദ് മുഫ്തഫയുടെ കരം ഗ്രഹിച്ച് ഷെയ്ഖ് ഡോ.സുൽത്താൻ അനുമോദിച്ചു. മകനേ നീ പഠിച്ചു മുന്നേറുക ഇനിയും എന്നായിരുന്നു ഭരണാധികാരിയുടെ വാക്കുകൾ. 

അത്ര ലളിതമായിരുന്നില്ല, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള മുഹമ്മദ് മുസ്തഫയുടെ വഴി. കാഴ്ചയില്ലാത്ത കുട്ടിയെ പഠിപ്പിക്കാനാവില്ലെന്നു പറഞ്ഞു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നിന്നാണ് അറിവിൻറെ, അക്ഷരങ്ങളുടെ കൂട്ടുകാരനായി അറിയപ്പെടുന്ന ഷാർജ ഭരണാധികാരിയുടെ അനുമോദനങ്ങളിലേക്കുള്ള മുന്നേറ്റം.

ശ്രീമൂലം അസംബ്ലി അംഗമായിരുന്ന സാഹിബ് ബഹ്ദൂർ കൊച്ചസൻ കുഞ്ഞ് ബഹാദൂറിെൻറ പേരമകൻ ഹിലാൽ ഹസൻ കോയയുടേയും സിനി ഫാത്തിമയുടെയും മൂത്ത മകനാണ് മുസ്തഫാ ഹിലാൽ. ജൻമനാ കാഴ്ചയില്ലായിരുന്നു. പല നാടുകളിൽ, പല ഡോക്ടർമാരെ കാണിച്ചെങ്കിലും പരിഹാരമായില്ല. ഒരു കാരണവശാലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നു നിർബന്ധമുണ്ടായിരുന്നു പിതാവ് ഹിലാൽ കോയക്ക്. 

ദുബായിലെ ജോലിവിട്ട് മകൻറെ വിദ്യഭ്യാസത്തിനു വേണ്ടി മാതാപിതാക്കൾ നാട്ടിലേക്കു മടങ്ങി. ആലപ്പുഴ ബാലഭവൻ, തിരുവന്തപുരം വഴുതക്കാട്ടെ സർക്കാർ അന്ധ വിദ്യാലയം എന്നിവിടങ്ങളിലായി പഠനം തുടങ്ങി. യു.എ.ഇയിലേക്ക് തിരികെ വരേണ്ട സാഹചര്യം വന്നതോടെ ഷാർജയിലേക്കു മടങ്ങി. വിവിധ സ്കൂളുകളിൽ അഡ്മിഷൻ ചോദിച്ചു കയറിയിറങ്ങി. പക്ഷേ, നിരാശയായിരുന്നു ഫലം. 

ഒടുവിൽ എമിറേറ്റ്സ് നാഷനൽ സ്കൂൾ ചെയർമാനും പ്രിൻസിപ്പലുമായിരുന്ന രവി തോമസാണ് മുഫ്തഫയെ സ്കൂളിലെ സാധാരണവിദ്യാർഥിയെന്ന പോലെ കൈപിടിച്ച് മുന്നോട്ട് നടത്തിയത്. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പിന്നെ കളിച്ചും പഠിച്ചും കൂട്ടുകാർക്കൊപ്പം മുന്നേറി. പഠനത്തിനൊപ്പം വായനയിലും ചെസിലുമൊക്കെ കഴിവു തെളിയിച്ചു.

ഷാർജ സർവകലാശാലയിൽ നിന്നും മികച്ചവിജയത്തോടെയാണ് ബിബിഎ നേടിയത്. ഉമ്മയുടേയും ബാപ്പയുടേയും പിന്തുണയാണ് മുന്നോട്ടുള്ള വഴികളിൽ വിളക്കായത്. സഹോദരിമാരായ മുംതാസും മറിയവും പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു

റേഡിയോയിലൂടെയും വാട്സ്ആപ്പിലൂടെയുമൊക്കെയാണ് വാർത്തകളറിഞ്ഞത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അറിവു സമ്പാദനം വേഗത്തിലായി. ഓഡിയോ ബുക്കുകളും ഇ ബുക്കുകളും പ്രയോജനപ്പെടുത്തി. കഴിഞ്ഞ വർഷം മുതൽ ഖുർആൻ മനപാഠമാക്കാനും തുടങ്ങി. വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു നടക്കാനാണ് മുഫ്തഫയുടെ താൽപര്യം.

യാത്ര ചെയ്യാനേറെ ഇഷ്ടമാണ്. മലയാളമുൾപ്പെടെ വാർത്താചാനലുകൾ കേൾക്കുകയും രാഷ്ട്രീയമുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നതിൽ തൽപരനാണ് മുസ്തഫ. ഒപ്പം അന്ധതയുൾപ്പെടെ വിവിധ വെല്ലുവിളികൾ നേരിടുന്നവരോട് ചില കാര്യങ്ങളും പറയാനുണ്ട്. 

ജീവിതവിജയമാണ് ലക്ഷ്യം. വെല്ലുവിളികൾ ഏറെയുണ്ടെന്നറിയാം പക്ഷേ, അതിനെയെല്ലാം അതിജീവിക്കുന്ന മനസാണ് കരുത്ത്. ആ കരുത്തിലും ദൈവത്തിലും വിശ്വാസമർപ്പിച്ച് മാതാപിതാക്കളുടേയും പ്രിയപ്പെട്ടവരുടേയും കരം ഗ്രഹിച്ചാണ് യാത്ര..മുന്നോട്ടുള്ള ജീവിതയാത്ര.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...