പ്രവാസലോകത്തെ പാട്ടുവിശേഷങ്ങൾ; പാര്‍വതിയുടെ ഗാനലോകം

parvathy-gulf-this-week
SHARE

ലോകത്തെ ഇളക്കിമറിച്ച, സ്വാധീനിച്ച അനേകം പാട്ടുകാരെ നമുക്കറിയാം. ഇംഗ്ളീഷ് ആൽബങ്ങളിലൂടെ പരിചിതമായ അനേകം മുഖങ്ങൾ. ഇവർക്കിടയിലേക്കാണ് പ്രവാസിമലയാളിയായ പതിനൊന്നാം ക്ളാസുകാരി പാർവതി ചുവടുറപ്പിക്കുന്നത്. റിയാന്നയും ഷക്കീരയും ലേഡി ഗാഗയുമൊക്കെ സഞ്ചരിച്ച വഴികളിലേക്കാണ് ഈ മലയാളി പെൺകുട്ടിയും നടന്നടുക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ ഗോപകുമാറിൻറേയും വന്ദനയുടേയും ഇളയമകൾ പാർവതി.ജി.നായർ. സ്വപ്നങ്ങൾ ഉയരങ്ങളിലാണ്. അതിലേക്കുള്ള വഴികളിൽ കഠിനാധ്വാനത്തോടെ മുന്നേറുകയാണ് പാർവതിയെന്ന പതിനൊന്നാം ക്ളാസുകാരി. 

പ്ളേ സ്കൂൾ കാലത്ത് അധ്യാപകരുടെ പിന്തുണയോടെയാണ് പാർവതി ആദ്യം സംഗീതലോകത്തേക്കു കടക്കുന്നത്. സംഗീതത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ അധ്യാപകരും മാതാപിതാക്കളും കൂട്ടുനിന്നതോടെ, പ്രോത്സാഹിപ്പിച്ചതോടെ മുന്നോട്ടു നീങ്ങി. എട്ടാം വയസിൽ ബാർബി ആൻഡ് ഡയമൺഡ് കാസിലെന്ന പ്രശസ്ത ആനിമേറ്റഡ് മൂവിയിലെ ഗാനം അമ്മയുടെ ഫോണിൽ പാട്ടു പാടി റെക്കോർഡ് ചെയ്താണ് ലോകത്തിനു മുന്നിൽ ആദ്യ ഗാനമായി അവതരിപ്പിച്ചത്. 

തുടർന്നു പ്രശസ്ത ഗായകരുടെ പാട്ടുകൾ കവർ സോങ്ങായി പാടി ചിത്രീകരിച്ച് യു ട്യൂബിൽ പോസ്റ്റ് ചെയ്തു തുടങ്ങി. കേരളത്തനിമയുടെ പശ്ചാത്തലത്തിൽ ഇംഗ്ളീഷ് സംഗീതാലാപനമെന്ന ചിന്ത മാതാപിതാക്കളുടേതായിരുന്നു. അങ്ങനെയാണ് നാട്ടിലെത്തി വാഗമൺ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം നടത്തിയത്.  ഈ ഗാനങ്ങൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തു. 

നൊ റ്റിയേഴ്സ് ലെഫ്റ്റു ക്രൈ (No tears left to cry), ഗോഡ് ഈസ് എ വുമൺ(God is a woman) തുടങ്ങിയ ഗാനങ്ങളിലൂടെ ലോകസംഗീതത്തിൻറെ നെറുകയിലെത്തിയ അരിയാന ഗ്രാൻഡേയാണ് പാർവതിയുടെ ഇഷ്ടഗായിക. 

പ്രശസ്ത ഗായികമാരുടെ ഗാനചിത്രീകരണങ്ങൾ കണ്ടും പഠിച്ചുമാണ് വ്യത്യസ്തതയോടെ പാർവതി ഗാനങ്ങൾ പാടി ചിത്രീകരിക്കുന്നത്. അങ്ങനെ ചിത്രീകരിച്ച ദ ഗ്രേറ്റസ്റ്റ് ഷോ മാനിലെ ദ മില്യൺ ഡ്രീംസെന്ന ഗാനമാണ് യു ട്യൂബിൽ ഏറ്റവുമധികം പേർ കണ്ടത്. 

ഫിഫ്ത് ഗ്രേഡിലാണ് പാർവതി സംഗീതപഠനം ഔദ്യോഗികമായി തുടങ്ങിയത്.  പോപ്പ് ആൻഡ് റോക്ക്, ബാലഡ്സ്, റിഥം ആൻഡ് ബ്ളൂസ് സംഗീതരൂപങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. ദുബായ് ജെംസ് ഔർ ഓൺ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാർഥികൾ പ്രശസ്ത സംഗീതസംവിധായകൻ എ.ആർ റഹ്മാനു മുന്നിൽ അവതരിപ്പിച്ച വന്ദേമാതാരം സംഘഗാനത്തിലും പാർവതി ഭാഗമായിരുന്നു. 2018 ജനുവരിയിലിയിരുന്നു എട്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ വന്ദേമാതരം അതിമനോഹരമായി അവതരിപ്പിച്ചത്.

ഹിന്ദി, മലയാളം പാട്ടുകളും കേൾക്കാറുള്ള പാർവതി, കെ.എസ്.ചിത്രയുടേയും അർജിത് സിങ്ങിൻറേയും ശ്രേയ ഘോഷാലിൻറേയുമൊക്കെ ആരാധികയാണ്. ഇംഗ്ളീഷ് സംഗീതലോകത്താണ് മുന്നോട്ടുപോകുന്നതെങ്കിലും മാതൃഭാഷയും പ്രിയംതന്നെ.

ബെസ്റ്റ് ഓഫ് ദ ബെസ്റ്റ്, യു.എ.ഇ ഗോട്ട് ടാലൻറ്, ദുബായ് ഫെസ്റ്റിവൽ സിറ്റി കിഡ്സ് സ്റ്റാർസ്, വിർജിൻ നാഷണൽ റേഡിയോ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഗായകർ പങ്കെടുത്ത മൽസരങ്ങളിലൊക്കെ പാർവതി വിജയിയായി. യുഎഇയിലെ യങ് മ്യുസീഷ്യൻ പുരസ്കാരവും പാർവതിയുടെ സംഗീതതാൽപര്യത്തിനുള്ള അംഗീകാരമായി. അച്ഛൻ ഗോപകുമാറും അമ്മ വന്ദനയും സഹോദരിയും പൂർണപിന്തുണയോടെ കൂടെയുണ്ട്. 

ലണ്ടനിലെ ട്രിനിറ്റി കോളജിൽ നിന്നും റോക്ക് ആൻഡ് പോപ്പ് വോക്കൽസിൽ ഗ്രേഡ് എട്ടു ഡിസ്റ്റിങ്ഷനോടെ പാസായ പാർവതി, പിയാനോയിലും പരിശീലനം തുടരുന്നുണ്ട്. 

വലിയ സ്വപ്നങ്ങളിലേക്കുള്ള പാതയിൽ കുറുക്കുവഴികളില്ലെന്നറിയാം പാർവതിക്ക്. അതിനാൽ തന്നെ സംഗീതപരിശീലനത്തിലൂടെ, കഠിനാധ്വാനത്തിലൂടെ സ്വപ്ന സാക്ഷാത്കാരത്തിനാണ് ഈ മിടുക്കി ശ്രമിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...