പ്രവാസികൾക്കിടയിൽ ഹൃദ്രോഗം കൂടുന്നു; എന്താണ് കാരണം? എന്താണ് പോംവഴി?

heart-disease
SHARE

ഹൃദയാഘാതം കാരണം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിലെ വർധന ആശങ്കയുയർത്തുന്നതാണ്. പ്രവാസികൾക്കിടയിൽ ഹൃദ്രോഗ സാധ്യത കൂടാൻ കാരണം എന്താണ്? ജീവിതരീതികളിൽ എങ്ങനെ ശ്രദ്ധിക്കണം. ബോധവൽക്കരണത്തിൻറെ ഭാഗമായി ഡോക്ടർമാരടക്കമുളളവർ എന്താണ് നിർദേശിക്കുന്നതെന്നാണ് ഇനി കാണുന്നത്. 

പ്രവാസലോകത്ത് ഈ വാർത്തകൾ ഇപ്പോൾ പരിചിതമായിരിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചു കടന്നുപോയി. തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായമായവരിലായിരുന്നു ഹൃദ്രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ, യുവത്വത്തിൻറെ സജീവതയിൽ പോലും ഹൃദ്രോഗം പിടിമുറുക്കുന്ന കാഴ്ച ഉത്കണ്ഠാജനകമാണ്. ജീവിതഭക്ഷണശൈലിയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നത്. 

നമ്മൾ ഇന്ത്യക്കാരുടെ ജനിതകഘടന ഇങ്ങനെയാണെന്ന കാരണത്തിനൊപ്പം സ്ട്രെസ് എന്ന പേരിൽ നാം വിളിക്കുന്ന മാനസിക സംഘർഷങ്ങളും വിഷമങ്ങളുമൊക്കെയാണ് ഹൃദയസംബന്ധിയായ രോഗങ്ങൾക്കു പ്രധാനകാരണങ്ങൾ. വീട്ടിൽ നിന്നും അകന്നു താമസിക്കുന്ന പ്രവാസികൾ ഒറ്റപ്പെടലിൻറെ വേദന അടുത്തറിയുന്നവരാണ്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെ കൂട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ഓൺലൈൻ ലോകത്തു സജീവമാണെങ്കിൽ കൂടി ഒറ്റപ്പെടലിൻറെ ആശങ്കകൾ അലട്ടുന്നവർ ഏറെയുണ്ട്. നാട്ടിലെ കുടുംബാംഗങ്ങളിൽ നിന്നും ആവശ്യത്തിനു പിന്തുണയും പരിഗണനയും ലഭിക്കാതിരിക്കുന്നതും വിഷമങ്ങൾ പങ്കുവയ്ക്കാൻ സാഹചര്യമില്ലാത്തതും ഒറ്റപ്പെടലൻറെ കാരണങ്ങളാകുന്നു. അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്കിടയിൽ ആശങ്കാജനകമായി ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ നാട്ടിലെ കുടുംബാംഗങ്ങളുടെ പിന്തുണ പ്രവാസികൾക്കു ഏറ്റവും ആവശ്യമായ സാഹചര്യമാണിത്.

ഭക്ഷണശീലവും ഹൃദ്രോഗങ്ങൾക്കു കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമയത്തിനു ഭക്ഷണം കഴിക്കാതെ തിരക്കുകളിലമരുന്നവരാണ് പ്രവാസികളിലധികവും. കൃത്യമായ ഭക്ഷണം കൃത്യമായ സമയങ്ങളിൽ കഴിക്കുകയെന്നത് പ്രധാനമാണ്. 

ഗൾഫ് ലോകത്തെ സാമ്പത്തിക അസ്ഥിരത തൊഴിലിടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും അസ്ഥിരതയുമൊക്കെ പ്രവാസികൾക്കു മാനസിക സംഘർഷങ്ങളുണ്ടാക്കുന്ന പ്രധാനഘടകമാണ്. തൊഴിലിനെക്കുറിച്ചുള്ള ഉൽകണ്ഡകളും ആശങ്കകകളും ഒഴിവാക്കാൻ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണ ആവശ്യമാണ്. ഒപ്പം ക്രെഡിറ്റ് കാർഡുകളും വായ്പകളുമൊക്കെ എടുക്കുന്നവർ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കടിമപ്പെടുന്നതും മാനസികസംഘർഷം വർധിപ്പിക്കുന്നു.

ജോലിത്തിരക്കുകൾക്കിടയിൽ ശരീരവും ആരോഗ്യവും ശ്രദ്ധിക്കാത്തതും വിനയാകുന്നുണ്ട്. കൃത്യമായ വ്യായാമം ഉറപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ദിവസവും കുറഞ്ഞത് മുപ്പതു മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ ശാരീരികവും മാനസികവുമായ ഉന്മേഷം കൈവരിക്കാനാകുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. തിരക്കുകൾക്കിടയിൽ ജീവിതം കൈവിട്ടുപോകാതിരിക്കാൻ വ്യായാമത്തിനായി സമയം കണ്ടെത്തിയേ മതിയാകൂ.

ഉറക്കമില്ലായ്മയും മാനസികപിരിമുറുക്കം വർധിപ്പിക്കുന്നതിനു കാരണമാകുന്നു. അബുദാബിയിലും ദുബായിലുമൊക്കെയായി ജോലി ചെയ്യുന്ന പ്രവാസിമലയാളികളിൽ നല്ലൊരു പങ്കും  ദിനംപ്രതി മൂന്നും നാലും മണിക്കൂർ വാഹനമോടിക്കുന്നവരാണ്. ജോലി ചെയ്യുന്നതു കൂടാതെയുള്ള ഈ സമയം കൂടി കൂട്ടുമ്പോൾ ഉറങ്ങാൻ ആവശ്യത്തിനു സമയം ഇല്ലാതാകുന്നുവെന്നതാണ് മറ്റൊരാശങ്ക. പവർ സ്നാപ്പിലൂടെയെങ്കിലും ഉറക്കമില്ലായ്മ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 

ഇത്തരത്തിൽ, വിവിധ സാഹചര്യങ്ങളാണ് പ്രവാസിഇന്ത്യക്കാരുടേയും ഏറെ പ്രത്യേകിച്ച് മലയാളികളുടേയും ഹൃദയത്തെ കാർന്നു തിന്നുന്ന ഘടകങ്ങൾ. ശാരീരിക മാനസിക ഉൻമേഷം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പ്രവാസികളുടെ മുന്നോട്ടുള്ള വഴികളിൽ ഇടറിവീഴാതിരിക്കാൻ ഓർമപ്പെടുത്തലുകളും ബോധവൽക്കരണങ്ങളും ആവശ്യമാണ്. സർക്കാരുകളും എംബസിയും കോൺസുലേറ്റും അടക്കമുള്ള സ്ഥാപനങ്ങളും വിവിധ അസോസിയേഷനുകളുമൊക്കെ ഇത്തരം ബോധവൽക്കരണങ്ങളുമായി മുന്നോട്ടിറങ്ങേണ്ടതും കാലഘട്ടത്തിൻറെ അത്യാവശ്യമായി മാറിയിരിക്കുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...