പ്രവാസികള്‍ക്ക് നോവായി മാറിയ ആഴ്ച; വേദനപ്പൊട്ടായി മലയാളി സാന്നിധ്യവും

dubai-accident
SHARE

പ്രവാസികളെ ഏറെ സങ്കടപ്പെടുത്തിയ ഒരാഴ്ചയാണ് കടന്നു പോകുന്നത്. ദുബായിലെ വാഹനാപകടത്തിൽ ഏഴു മലയാളികളടക്കം പതിനേഴു പേർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസിമലയാളികൾ കേട്ടത്. 

ജൂൺ ആറ്,വ്യാഴം. വൈകിട്ട് അഞ്ച് നാൽപ്പത്. ഒമാനിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം പെരുന്നാൾ അവധി  ആഘോഷിച്ച ശേഷമുള്ള മടങ്ങിവരവ്. ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അവസാന സ്റ്റോപ്പിലെത്തുന്നതിനു അഞ്ചു മിനിട്ടു മുൻപ് എല്ലാം അവസാനിച്ചു. വലിയവാഹനാപകടങ്ങളോ ദുരന്തങ്ങളോ കേട്ടു പരിചയമില്ലാത്ത ദുബായ് ഞെട്ടലോടെയാണ് വാർത്ത കേട്ടത്. വിവിധ രാജ്യക്കാരായ പതിനേഴു പേർ വാഹനാപകടത്തിൽ മരിച്ചു. 31 യാത്രികരായിരുന്നു മസ്ക്കറ്റിൽ നിന്നും ദുബായിലേക്കുള്ള ബസിലുണ്ടായിരുന്നത്. അതിൽ പതിനേഴു പന്ത്രണ്ടു പേർ ഇന്ത്യക്കാരടക്കം പതിനേഴു മരണം. ഏഴു പേരും മലയാളികൾ. ഗൾഫിലെ സജീവസാന്നിധ്യമായ മലയാളികൾ മരണത്തിലും വേദനയോടെ സാന്നിധ്യമായി. 

കണ്ണൂർ തലശ്ശേരി സ്വദേശി ഉമ്മർ മകൻ നബീൽ, ദുബായിലെ സജീവസാമൂഹികപ്രവർത്തകൻ തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കാവീട്ടിൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, കോട്ടയം പാമ്പാടി സ്വദേശി വിമൽ കാർത്തികേയൻ, തൃശൂർ സ്വദേശി കിരൺ ജോൺ, കണ്ണൂർ സ്വദേശി രാജൻ ഗോപാലൻ എന്നീ മലയാളികളാണ് അപകടത്തിൽ മരിച്ചത്. മരിച്ച ദീപകുമാറിൻറെ ഭാര്യ ആതിരയ്ക്കും മകൾക്കും പരുക്കേറ്റു. തൊട്ടു മുന്നിലത്തെ സ്റ്റോപ്പിലായിരുന്നു ദീപകുമാറും കുടുംബവും ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഉറങ്ങിപ്പോയതിനാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനിരിക്കെയായിരുന്നു അപകടം. 

വീട്ടിലേക്കു മടങ്ങാൻ നേരമായെന്ന ഓർമപ്പെടുത്തലോടെ ഇൻസ്റ്റാഗ്രാമിൽ അവസാനത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത മുംബൈ സ്വദേശി റോഷ്നി മുൽഛാന്ദാനിയും നോവുന്ന ഓർമയായി. ദുബായ് നഗരത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റോഷ്നിയുടെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിച്ചു. രണ്ടു പാക്കിസ്ഥാൻ സ്വദേശികൾ, അയർലൻഡ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും അപകടത്തിൽ മരിച്ചു. ബസുകൾക്ക് യാത്രാ നിരോധനമുള്ള 2.2 മീറ്റർ ഉയരപരിധിയുള്ള റോഡിലേക്ക്, ഓടിച്ചുകയറ്റിയ ബസ് ഹൈറ്റ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വേഗപരിധി നാൽപ്പതു കിലോമീറ്ററിൽ കൂടിയതും അപകടത്തിൻറെ തീവ്രത വർധിപ്പിച്ചു. 

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിൻറെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലേയും മൃതദേഹങ്ങൾ നാട്ടിലേക്കു പോകുന്നതിൻറെ നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. അപകടത്തിനു പിന്നാലെ റാഷിദിയ ആശുപത്രിയിലെത്തിയ കോൺസുൽ ജനറൽ വിപുൽ പാസ്പോർട് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കിയതോടെയാണ് വേഗത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായത്.

മലയാളികളായ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലും ഏറെ സജീവമായിരുന്നു. അഷ്റഫ് താമരശ്ശേരി, നാസർ വാടാനപ്പള്ളി,  നന്തി നാസർ തുടങ്ങിയവർ ദുബായിലെ നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ബന്ധുക്കളെ സമാശ്വസിപ്പിക്കാനും മുന്നിലുണ്ടായിരുന്നു.

അപകടത്തെതുടർന്നു, ബോധവൽക്കരണം ശക്തമാക്കാനുള്ള നടപടികളാണ് ആർ.ടി.എ, ദുബായ് പൊലീസ്, ഇന്ത്യൻ എംബസി തുടങ്ങിയവർ നടത്തിവരുന്നത്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന നഗരത്തിലുണ്ടായ അപകടം പ്രവാസികളടക്കമുള്ളവരെ ഞെട്ടിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഇവിടെയെത്തിയ പ്രവാസികളുടെ പ്രതീക്ഷകൾ ഇത്തരം അപകടങ്ങളിലൂടെയോ മറ്റേതു സാഹചര്യത്തിലൂടെയോ അണയാതിരിക്കട്ടെയെന്ന ആശയോടെ മരിച്ചവർക്ക് ആദരാഞ്ജലികൾ...

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...