എവറസ്റ്റിന്റെ നെറുകിലെത്തിയ പ്രവാസിമലയാളി അബ്ദുൾ നാസറിന്റെ വിശേഷങ്ങൾ

gulf12
SHARE

ചെറിയ ലക്ഷ്യങ്ങളിൽ തടഞ്ഞുവീഴുന്നവർക്കു മുന്നിലേക്കു വലിയ ലക്ഷ്യം പൊരുതി വിജയിച്ച ഒരാളെയാണ് ഇനി പരിചയപ്പെടുത്തുന്നത്. ദോഹയിൽ ജോലിചെയ്യുന്ന പട്ടാമ്പി സ്വദേശി അബ്ദുൽ നാസർ. കഴിഞ്ഞമാസം എവറസ്റ്റിൻറെ നെറുകിലെത്തിയ പ്രവാസിമലയാളിയായ അബ്ദുൾ നാസറിൻറെ പർവതാരോഹണ വിശേഷങ്ങളാണ് ഇനി കാണുന്നത്.

1953 മെയ് മാസം ടെൻസിങ്ങും ഹിലാരിയും കീഴടക്കിയ ലോകത്തിലെ ഏറ്റവും വലിയ പർവതത്തിൻറെ ഉച്ചിയിലേക്കു മറ്റൊരു മെയ് മാസം ഒരു മലയാളി കൂടി ചുവടുവച്ചു. ദോഹയിലെ പ്രവാസിമലയാളി പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി അബ്ദുൾ നാസറാണ് പ്രതികൂല സാഹചര്യങ്ങളയും കാലാവസ്ഥേയും മറികടന്നു മലമുകളിലെത്തിയത്. ഏപ്രിൽ പതിനേഴിനു നേപ്പാളിലെ കാഠ്മണ്ഠു ലുഖ്ലയിൽ നിന്നും തുടങ്ങിയ യാത്ര ഒരു മാസമാകും മുൻപ് മെയ് പതിനാറിനു എവറസ്റ്റിൻറെ നെറുകയിലെത്തി.

അത്രയ്ക്ക് ലളിതമല്ല എവറസ്റ്റിലേക്കുള്ള പാത. മനസും ശരീരവും പാകപ്പെടുത്തി, കൃത്യമായ മുന്നൊരുക്കങ്ങളോടെയായായിരുന്നു യാത്ര. പ്രാർഥനയും യോഗയും ധ്യാനവുമൊക്കെയായി രണ്ടുമാസം നീണ്ട ഒരുക്കങ്ങളാണ് എവറസ്റ്റിലേക്കു നയിച്ചത്. 

പട്ടാമ്പിയിലേയും തൃശൂരിലേയും ചെന്നെയിലേയും പഠനത്തിനു ശേഷം ഭോപ്പാലിലും ഗുഡ്ഗാവിലുമൊക്കെ ചാർട്ടേഡ് അക്കൌണ്ടൻറായി ജോലി ചെയ്തിരുന്ന നാസറിനു വിദ്യാഭ്യാസകാലത്തുതന്നെ കായിക രംഗത്തോട് അഭിനിവേശമുണ്ടായിരുന്നു. പിന്നീട്, ജോലിത്തിരക്കുകൾക്കിടെ കൊളസ്ട്രോളടക്കമുള്ള ചില്ലറ ബുദ്ധിമുട്ടുകൾ തുടങ്ങിയതോടെ വീണ്ടും കായികരംഗത്ത് സജീവമായി. പാരിസ്, കുവൈത്ത്, ഖത്തർ തുടങ്ങിയ മാരത്തൺ മൽസരങ്ങളിൽ പങ്കെടുത്തശേഷമാണ് പർവതാരോഹണമെന്ന ലക്ഷ്യത്തിലേക്കു കടക്കുന്നത്. ആദ്യഘട്ടമായി ഉത്തരാഖണ്ഡിലെ ഖുവാരി പാസിലേക്കു ട്രെ്ക്കിങ് നടത്തി. പിന്നീടായിരുന്നു എവറെസ്റ്റെന്ന വലിയ ലക്ഷ്യത്തിലേക്കു നടന്നടുത്തത്. 

എവറസ്റ്റ് കീഴടക്കി മടങ്ങിയെത്തിയതോടെ ഒട്ടേറെപ്പേർ ആഗ്രഹം പ്രകടിപ്പിച്ചു അന്വേഷണം തുടങ്ങി. അവരോട് പറയാനുള്ളത് ഇതാണ്.

30 ലക്ഷത്തോളം രൂപയിൽ തുടങ്ങുന്ന പാക്കേജുകളാണ് എവറസ്റ്റ് യാത്രയ്ക്കു നിലവിലുള്ളത്. എവറസ്റ്റ് യാത്രികരുടെ മരണനിരക്ക് വർധിക്കുന്നത് പർവതാരോഹകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരിചയസമ്പന്നത പരിഗണിച്ചു മാത്രം അധികൃതർ ലൈസൻസ് നൽകണമെന്നാണ് അബ്ദുൽ നാസറിനു പറയാനുള്ളത്. ഹിലാരി സ്റ്റെപ്പിലെ ട്രാഫിക് ജാമിനെക്കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കപ്പുറം ഇക്കാര്യത്തിൽ നേപ്പാൾ സർക്കാരാണ് ഇടപെടേണ്ടതെന്നാണ് വ്യക്തമാകുന്നത്. 

എവറസ്റ്റ് കീഴടക്കുമ്പോൾ കൂടെ കീഴടക്കിയത് മനസിനെയാണെന്നു ഈ പട്ടാമ്പിക്കാരൻ വിശ്വസിക്കുന്നു. കൂടുതൽ ലക്ഷ്യത്തിലേക്കു ഉയരത്തിലേക്കുള്ള പാതയിൽ തടസങ്ങളുണ്ടാകാം. പക്ഷേ, മുന്നൊരുക്കത്തോടെ ലക്ഷ്യത്തിലെത്താനുള്ള കഠിനശ്രമമുണ്ടെങ്കിൽ ഏതു വൻമലയും കാൽക്കീഴിലാക്കാമെന്നു പഠിപ്പിക്കുകയാണ് അബ്ദുൽ നാസർ.

MORE IN GULF THIS WEEK
SHOW MORE