രാജ്യത്ത് വീണ്ടും മോദി തരംഗം; പ്രവാസി പ്രതീക്ഷകൾ വാനോളം; കടൽ കടക്കുന്ന ചിന്ത

modi-gulf-week
SHARE

ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിനുള്ള അംഗീകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സൌദിയുടേയും യുഎഇയുടേയും പരമോന്നത സിവിലിയൻ പുരസ്കാരം. അംഗീകാരങ്ങൾക്കൊപ്പം ഒട്ടേറെ ആവശ്യങ്ങളും നിർദേശങ്ങളും ഗൾഫ് മേഖലകളിലെ പ്രവാസികൾ മുന്നോട്ടുവയ്ക്കുന്നു. മോദിയുടെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവാസികളുടെ ചിന്തയാണ് പങ്കുവയ്ക്കുന്നത്. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും എൻഡിഎ ഭരണം. അഞ്ചുവർഷത്തെ ഭരണത്തിനുള്ള അംഗീകാരമായി ജനം ഭരണതുടർച്ച നൽകി. ഈ വിജയത്തിൻറെ അലയൊലികൾ പ്രവാസലോകത്തും പ്രകടമായിരുന്നു. ഗൾഫിലെ പ്രവാസികളുമായി ഏറ്റവുമധികം സംവധിച്ച സർക്കാരായിരുന്നു മോദിയുടേത്. അതിനാൽ തന്നെ മോദി സർക്കാരിൻറെ രണ്ടാം വരവിനേയും ഏറെ പ്രതീക്ഷയോടെയാണ് പ്രവാസലോകം കാത്തിരിക്കുന്നത്. ഗൾഫ് നാടുകളിലെ ഭരണാധികാരികളും വലിയ ആവേശത്തോടെയാണ് മോദിയുടെ രണ്ടാംവരവിനെ സ്വാഗതം ചെയ്തത്. മോദിയെ ഫോണിൽ വിളിച്ചാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിന്ദനം അറിയിച്ചത്. ഇന്ത്യ യുഎഇ ബന്ധം കൂടുതൽ ശക്തമാകാൻ ഒരുമിച്ചു നീങ്ങുമെന്നും കിരീടാവകാശി ട്വീറ്റ് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും നരേന്ദ്രമോദിക്കു അഭിനന്ദനം അറിയിച്ചു. സൌദിയിലെ ഭരണകൂടത്തിൻറേയും ജനങ്ങളുടേയും പേരിൽ നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും  ഇന്ത്യയിലെ ജനങ്ങൾക്കു ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്നും ആശംസിക്കുന്നതായി ഭരണാധികാരി സൽമാൻ രാജാവും  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു.  

അഞ്ചുവർഷത്തെ ഒന്നാം എൻഡിഎ ഭരണകാലത്തിനിടെ രണ്ടുതവണ യു.എ.ഇയും ഓരോ തവണ വീതം ഒമാനും സൌദി അറേബ്യയും ഖത്തറും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. മലയാളികളടക്കമുള്ള ലക്ഷക്കണക്കിനു പ്രവാസികൾക്കു രണ്ടാം വീടായ യു.എ.ഇയിലേക്കു ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെത്തിയത് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷമായിരുന്നുവെന്നത് ഏറെ രാഷ്ട്രീയചർച്ചകൾക്കു വഴി തുറന്നിരുന്നു. മുൻപ്രധാനമന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി  തുടർച്ചയായി പ്രവാസികളെ നേരിട്ടു അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ ഓരോ സന്ദർശനവും.  പ്രവാസികൾക്കൊപ്പമാണ് സർക്കാരെന്ന സന്ദേശവും അതിലുപതി ദേശീയതയുമായാരുന്നു എല്ലാ പ്രസംഗങ്ങളിലേയും രത്നചുരുക്കം.

ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ വൻവളർച്ചയ്ക്കാണ് കഴിഞ്ഞ അഞ്ചുവർഷം സാക്ഷ്യം വഹിച്ചത്. യുഎഇയുടേയും സൌദിയുടേയും പരമോന്നത സിവിലിയൻ പുരസ്കാരത്തിനു പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തതും കേന്ദ്രസർക്കാരിൻറെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിനുള്ള അംഗീകാരമായിരുന്നു. നയതന്ത്ര ബന്ധത്തിലെ ഈ മികവ് വരും വർഷങ്ങളിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തണം. തൊഴിൽ, യാത്ര, സർക്കാർ സേവനങ്ങൾ, പുനരധിവാസം അടക്കമുള്ള വിവിധ മേഖലകളിൽ സർക്കാരിൻറെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ദശകങ്ങളായുള്ള പല ആവശ്യങ്ങളും വാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങിയത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഉത്സവ സീസണുകളിലും മറ്റും നാട്ടിലേക്കുള്ള വിമാനടിക്കറ്റിലെ വർധനയാണ്. നിരന്തരമുള്ള ആവശ്യങ്ങളോടു പോലും മാറിമാറി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല എന്നത് പ്രവാസികളോടുള്ള അവഗണനയായി തുടരുന്നു. ഇക്കാര്യത്തിൽ മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് വീണ്ടും ഉയരുന്ന ആവശ്യം.

ഗൾഫിൽ വച്ചു മരണപ്പെടുന്ന പ്രവാസിമലയാളികലുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതി നോർക്ക വഴി കേരള സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികളുടെ സ്ഥിതി ഇതല്ല. ഇവിടെ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് കമ്പനിയുടേയോ അല്ലെങ്കിൽ വ്യവസായികളുടേയോ സാമൂഹ്യപ്രവർത്തകരുടേയോ കനിവിലാണ്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി സൌജന്യമായി ഈ സേവനം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നാണ് ഓരോ പ്രവാസിയുടേയും ആഗ്രഹം. 

ജോലിതട്ടിപ്പ്, ശമ്പളം ലഭിക്കാത്ത സാഹചര്യം തുടങ്ങിയ പ്രശ്നങ്ങളിൽ എംബസികളുടേയും കോൺസുലേറ്റുകളുടേയും സഹായം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. നിയമന കാര്യങ്ങളിലെ സുതാര്യതയ്ക്കായി കൂടുതൽ പരിശ്രമങ്ങളും ആവശ്യമുണ്ട്. ജോലിതട്ടിപ്പുകൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും കൂടുന്നുവെന്നതും ഗൌരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ ഇത്തരം തട്ടിപ്പുകളെ ചെറുക്കാനാകൂ. ഇതിനിടെയാണ് ഗൾഫിലെ സാമ്പത്തിക അസ്ഥിരത തുടരുന്നത്. നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും സജീവമായുണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഗൾഫ് നാടുകളുമായുള്ള വ്യവസായ വ്യാപാര മേഖലകളിൽ കഴിഞ്ഞ അഞ്ചുവർഷം ഉയർച്ചകളുടേതായിരുന്നു. എണ്ണ, ബഹിരാകാശം, കാർഷികം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിവിധ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ കയറ്റിറക്കുമതി കരാറുകളിൽ ഒപ്പിട്ടിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള വ്യവസായ ബന്ധത്തിൻറെ വളർച്ചയെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു പ്രവാസലോകത്തെ വ്യവസായികളടക്കമുള്ളവരുടെ പ്രതികരണങ്ങൾ. അതേസമയം, ആൾകൂട്ടകൊലപാതങ്ങൾ, ഭരണകൂടത്തിൻറെ ഭാഗമായ മന്ത്രിമാർ അടക്കമുള്ലവരുടെ വർഗീയ പരാമർശങ്ങൾ, ഭക്ഷണ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങൾ, നിലപാടുകൾ തുറന്നുപറയുന്നവർക്കെതിരെയുള്ള ഭീഷണി തുടങ്ങിയ സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രവാസികൾ ആശങ്കയോടെയാണ് കാണുന്നത്. സമൂഹമാധ്യമങ്ങളിലടക്കം നിലപാടുകൾ വ്യക്തമാക്കുമ്പോൾ മതവിശ്വാസങ്ങൾ ഹനിക്കാത്ത തരത്തിലാകണമെന്നു പ്രവാസികൾ മറക്കരുത്. ഇത്തരത്തിൽ പ്രവാസികൾക്കിടയിലും ആശങ്കയുണ്ടാക്കുന്ന ആക്രമണങ്ങൾക്കെതിരെ സർക്കാർ കൃത്യമായ നടപടിയെടുക്കണമെന്നാണ് പറയാനുള്ളത്. 

യുപിഎ സർക്കാരിൻറെ കാലത്തുണ്ടായിരുന്ന പ്രവാസകാര്യമന്ത്രാലയം ഇത്തവണയും ഉണ്ടാകില്ലെന്നുറപ്പാണ്. പക്ഷേ, വിദേശകാര്യമന്ത്രാലയത്തിൻറെ ഇടപെടൽ മുൻവർഷങ്ങളിലേതുപോലെ പ്രവാസി വിഷയങ്ങളിൽ സജീവമായിരിക്കുമെന്നാണ് പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE