മലയാളത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന അമേരിക്കൻ യുവതി എലീസ

gulf45
SHARE

കേരളപ്പിറവി ദിനത്തിലും മാതൃഭാഷാ ദിനത്തിലുമൊക്കെ മാത്രമായി നമ്മൾ മലയാളികളുടെ മലയാളഭാഷയോടുള്ള സ്നേഹം ചുരുങ്ങാറുണ്ട്. ഈ സാഹചര്യത്തിൽ ഒരു അമേരിക്കൻ യുവതി മലയാളം പഠിക്കാനും അതു മറ്റുള്ളവരെ പഠിപ്പിക്കാനും ശ്രമിക്കുന്നത് നമുക്കൊക്കെ മാതൃകയാണ്. മലയാളത്തെ സ്നേഹിക്കുന്ന പഠിപ്പിക്കുന്ന എലീസയെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. 

മറ്റൊരു ഭാഷ പഠിച്ചു വളർന്നു മലയാളത്തെ പ്രണയിക്കുന്ന എലീസ, മലയാളത്തെ മാറ്റിനിർത്തുന്ന മലയാളികൾക്കൊരു നല്ല മാതൃകയാവുകയാണ്. ന്യൂ മെക്സിക്കോയിൽ നിന്നും അധ്യാപനത്തിൽ ബിരുദാനന്ദര ബിരുദം നേടിയ എലിസബത്ത് എന്ന എലീസയുടെ മലയാളം പഠനവും അധ്യാപനവും കൌതുകകരമാണ്. മലയാളികൾ സംസാരിക്കും പോലെ മലയാളം സംസാരിക്കാറായിട്ടില്ല. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് എലീസ.

മലയാളത്തെ സ്നേഹിച്ച എലീസ വിവാഹം കഴിച്ചതും മലയാളിയെയാണ്. കൊച്ചി സ്വദേശിയും ദുബായിൽ സൈബർ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ അർജുനനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് വിവാഹത്തിലെത്തിയത്. പക്ഷേ, അർജുനനെ പരിചയപ്പെടും മുൻപുതന്നെ, പ്രണയിക്കും മുൻപുതന്നെ എലീസ മലയാളഭാഷയെ പ്രണയിച്ചു തുടങ്ങിയിരുന്നു. 

അമേരിക്കയിലെ ജോർജിയയിലെ പഠനകാലത്തു മലയാളികളായ സുഹൃത്തുക്കളിൽ നിന്നുമാണ് ആദ്യാക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്. അർജുനെ വിവാഹം കഴിച്ചതോടെ കേരളസംസ്കാരം കൂടുതൽ പരിചയപ്പെടാനും ഇഷ്ടപ്പെടാനും തുടങ്ങി. ആദ്യാക്ഷരങ്ങൾ പഠിക്കുന്നതിനൊപ്പം അതു മറ്റുള്ളവരെ പഠിപ്പിക്കാനും എലീസ വഴി കണ്ടെത്തി. learn Malayalam Instagram എന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ആദ്യം വരുന്നത് എലി.കുട്ടിയെന്ന പേജാണ്. ഇതിലൂടെ ഉച്ഛാരണം കൃത്യമായി മനസിലാക്കാൻ ചിത്രങ്ങളുടെ അകമ്പടിയോടെയാണ് മലയാളം പഠിപ്പിക്കുന്നത്.

താരതമ്യേന അൽപം കടുപ്പമാണ് മലയാളം പഠിക്കാനെന്നു എലീസ സമ്മതിക്കും. എന്നാൽ, മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു അതിനുള്ള സൌകര്യങ്ങൾ കുറവാണെന്നാണ് പക്ഷം. അതിനു പരിഹാരമായാണ് ഇൻസ്റ്റാഗ്രാമിലെ ഈ മലയാള അധ്യാപനം. 

ചില സിനിമകൾ കാണിക്കുന്നതല്ലാതെ മലയാളം പഠിപ്പിക്കാനായി അമിതമായി പ്രേരിപ്പിക്കാറില്ലെന്നു ഭർത്താവ് അർജുനനറെ സാക്ഷ്യം. ആഴചയിലൊരിക്കൽ വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാവൂ എന്നാണ് എലീസയുടെ നിയമം. കൊച്ചിയും തിരുവനന്തപുരവും ആലപ്പുഴയുമൊക്കെ സന്ദർശിച്ചിട്ടുള്ള എലീസയ്ക്ക് കൊച്ചിയിലെ ടാക്സി ഡ്രൈവർമാരുടെ നല്ല പെരുമാറ്റത്തെക്കുറിച്ചു നൂറു നാവാണ്.

ജനിച്ചതു കൊച്ചിയിലാണെങ്കിലും സൌദിയിൽ പഠിച്ചു വളർന്ന അർജനൻറെ മലയാളത്തോടുള്ള സ്നേഹം എലീസയ്ക്കും പ്രചോദനമായി. 

കൂടുതൽ പേരിലേക്ക് മലയാളം എത്തിക്കാൻ മലയാളിയല്ലാത്ത തൻറെ ശ്രമങ്ങൾ അംഗീകരിക്കപ്പെടുന്നതിൽ എലീസയ്ക്കു സന്തോഷമുണ്ട്. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു അതിനു ഓൺലൈനിലൂടെ കൂടുതൽ സൌകര്യം ഒരുക്കണമെന്നാണ് എലീസയുടെ പക്ഷം. പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് മലയാളത്തനിമയിൽ ജീവിക്കാനാഗ്രഹിക്കുകയാണ് എലീസയെന്ന എലിസബത്ത്.

MORE IN GULF THIS WEEK
SHOW MORE