സംഗീതപ്രേമികൾക്കും വിശ്വാസികൾക്കും ആനന്ദാമൃതമായി ക്വയർ ഫെസ്റ്റിവൽ

gulf224
SHARE

സംഗീതപ്രേമികൾക്കും വിശ്വാസികൾക്കും ഒരുപോലെ ആനന്ദാമൃതമായിരുന്നു പതിനെട്ടാമതു യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ. ഇരുന്നൂറ്റിഇരുപത്തിയഞ്ചു പേരടങ്ങിയ ഗായകസംഘം സംഗീതഉപകരണങ്ങളുടെ അമിതമായഅകമ്പടിയില്ലാതെ ശബദസമന്വയത്തിലൂടെ മനോഹാരിത സൃഷ്ടിച്ച കാഴ്ച. സിഎസ്ഐ ഗാനോത്സവത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

യുഎഇയിലെ മലയാളികളായ സിഎസ്ഐ സഭാ വിശ്വാസികൾ സംയുക്തമായി സംഘടിപ്പിച്ച ഗാനോത്സവത്തിലെ കാഴ്ചകൾ. ആരാധനാക്രമങ്ങളിൽ സംഗീതത്തിന് അതീവപ്രാധാന്യമുള്ള സിഎസ്ഐ സഭയിലെ വിശ്വാസികളുടെ സംഗാതാത്മകമായ സാക്ഷ്യം. അബുദാബി, ദുബായ്, ജെബലലി അൽഎയ്ൻ, ഷാർജതുടങ്ങിയ ഇടവകകളിലെ 225 പേരടങ്ങുന്ന ഗായകസംഘമാണ് ഷാർജയിൽ ഗാനോത്സവം അവതരിപ്പിച്ചത്.

ഇംഗ്ളീഷ്, മലയാളം ഭാഷകളിലെ ഓരോ ഗാനങ്ങളായിരുന്നു ഗായകസംഘങ്ങൾ ആലപിച്ചത്. ഇംഗ്ളീഷ് കവിയായിരുന്ന എഫ്.സാൻഡ്ഫോർഡ് ഫിയർപോയിൻറിൻറെ അതിപ്രശസ്തമായ ഫോർ ദ ബ്യൂട്ടി ഓഫ് ദി എർത് എന്ന ഗാനത്തോടെയായിരുന്നു ജെബലലി അൽ എയ്ൻ സംഘത്തിൻറെ തുടക്കം. 

തുടർന്നു മലയാള ഭക്തിഗാനം. സംഗീതോപകരണങ്ങളുടെ അമിത അകമ്പടികളില്ലാതെ പ്രാർഥനാനിർഭരമായി ആത്മീയതയുടെ കരംഗ്രഹിച്ചു ഗാനാഞ്ജലി.

1975 ൽ രൂപീകൃതമായ ദുബായ് സിഎസ്ഐ ഇടവകഗായകസംഘം സെമി ക്ളാസിക്കൽ ശൈലിയിലുള്ള പ്രശസ്തമായ മലയാളം ഭക്തിഗാനം ആലപിച്ചു.

ഇറ്റാലിയൻ പുരോഹിതനും ബറോക് സംഗീതജ്ഞനുമായ അൻറോണിയോ ലൂസിയോ വിവാൾഡിയുടെ വിഖ്യാതമായ വയലിൻ കൺസേർട്ടോ പരമ്പര ഫോർ സീസൺസിലെ മനോഹരമായൊരു ഭാഗത്തിൻറെ പുനരവതരണവും ഏറെ ശ്രദ്ധയാകർഷിച്ചു. 

സംഗീതസംവിധായകൻ ജോസി പുല്ലാടിൻറെ ഗാനമാണ് അബുദാബി ഇടവകഗായകസംഘം അവതരിപ്പിച്ചത്. പ്രശസ്തമായ ക്രിസ്മസ് ഗാനമായ ജോയ് ടു ദ വേൾഡിൻറെ സംഗീതസംവിധായകൻ ജോർജ് ഫ്രെഡറിക് ഹാൻഡ്‌ലിൻറെ പ്രാർഥനാഗാനവും അബുദാബി സംഘം പാടി.

സ്വന്തമായൊരുക്കിയ ഗാനമാണ് ഷാർജ ഗായകസംഘം ആദ്യം അവതരിപ്പിച്ചത്. ലിൻഡ സ്റ്റോൾസും കെയ്ത് ക്രിസ്റ്റഫറും ചേർന്നൊരുക്കിയ, ആത്മീയതയിലേക്കു കൈപിടിച്ചു നടത്തുന്ന ഇംഗ്ളീഷ് ഗാനവും സംഘം ആലപിച്ചു. തുടർന്നു 225 അംഗ സംഘം ഒരുമിച്ചു മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പ്രാർഥനാ ഗീതങ്ങൾ ആലപിച്ചു. നനൂറുകണക്കിനു പേരാണ് ഗാനോത്സവത്തിനു സാക്ഷികളാകാനെത്തിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾക്കായി ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിരുന്നു. 

നാടും വീടും വിട്ടു മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ പ്രവാസലോകത്തെത്തിയവരെ ആത്മീയതയിലും ധാർമികതയിലും വളർത്താൻ സഹായിക്കുന്ന കൂട്ടായ്മകളാണ് ഗാനോത്സവത്തിനു പിന്നിൽ. 

അഞ്ചുവയസുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെ സംഘത്തിലുണ്ട്. വിവിധജോലികളിലുള്ളവരും വിദ്യാർഥികളും വീട്ടമ്മമാരും ഗായകസംഘത്തിൻറെ ഭാഗമാണ്. തുടർച്ചയായ പതിനെട്ടാം വർഷമാണ് സിഎസ്ഐ ഗാനോത്സവം സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ക്വയർ സംഘമാണ് ഷാർജയിലെ ആരാധനാകേന്ദ്രത്തിൽ പരിപാടി അവതരിപ്പിച്ചത്. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.