മുപ്പതിനായിരത്തിലധികം കടൽ ജീവികളും മത്സ്യങ്ങളും നിറഞ്ഞൊരു അക്വേറിയം

gulf333
SHARE

മുപ്പതിനായിരത്തിലധികം കടൽ ജീവികളും ആയിരത്തിലധികം മത്സ്യങ്ങളും നിറഞ്ഞൊരു അക്വേറിയം. അതിനുള്ളിലൂടെ നടക്കാൻ ഒരു ടണലും. ഒമാനിലെ മോൾ ഓഫ് മസ്ക്കറ്റിലെ അക്വേറിയത്തിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

കടലിലെ വിസ്മയവും കൌതുകവുമായ ലോകത്തെ അടുത്തുകാണാൻ അവസരമൊരുക്കുകയാണ് മോൾ ഓഫ് മസ്ക്കറ്റിലെ അക്വേറിയം. 8,000 ചതുരശ്ര മീറ്റർ വിസ്തൃതി. മുപ്പതിനായിരത്തിലധികം കടൽജീവികൾ.. ആയിരത്തിലധികം മത്സ്യങ്ങൾ. സമുദ്രത്തിനടിയിലൂടെ നടക്കുന്ന പ്രതീതിയുമായി ടണലിലൂടെ സഞ്ചാരികൾക്കു കൌതുകക്കാഴ്ചകൾ അടുത്തറിയാം.

മൂന്ന് ദശലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളാൻ ശേഷിയുണ്ട് ഈ അക്വേറിയത്തിന്.  സ്രാവുകൾ, നീരാളികൾ,  പെൻഗ്വിനുകൾ തുടങ്ങിയവയെ നേരിൽകണ്ടു കടൽ സൗന്ദര്യം പൂർണമായി ആസ്വദിക്കാനാണ് അക്വേറിയം അവസരമൊരുക്കുന്നത്. 81 ടൺ ഭാരമുള്ള 92 അക്രലിക് പാനലുകൾ കൊണ്ടാണ് നിർമാണം. 

ഭൂരിഭാഗം ജീവികളും മത്സ്യങ്ങളും ഒമാൻ കടലിൽ നിന്നും ശേഖരിച്ചവയാണ്. പവിഴപ്പുറ്റുകൾ പറിച്ചുനടാനും ഒമാൻ കടലിലെ പ്രധാന ഇനം പവിഴപ്പുറ്റുകളെ കുറിച്ചുള്ള പഠനവും ലക്ഷ്യമിട്ട് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം.1400കളിൽ കടൽ വഴി ലോകം ചുറ്റിയ ഒമാനി സഞ്ചാരി അഹമദ് ബിൻ മാജിദിന്റ ഓർമയിലാണ് അക്വേറിയത്തിൻറെ യാത്രാ വഴി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്വേറിയത്തിന്റ  പ്രധാനഭാഗം കടൽ സാഹസിക യാത്രയുടെ ഓർമകൾ ഉയർത്തുന്നവയാണ്. 

കഴിഞ്ഞമാസം പതിനഞ്ചിനു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത അക്വേറിയത്തിലേക്ക് പ്രവാസികളടക്കം ആയിരങ്ങളാണ് സന്ദർശിക്കാനെത്തുന്നത്. 

മുതിർന്നവർക്കു 8.5 റിയാലും, 13 വയസിന് താഴെയുള്ളവർക്കു 6.5 ഉം ആണ് ടിക്കറ്റ് നിരക്ക്. ഭിന്നശഷിക്കാർ, ക്യാൻസർ രോഗികൾ തുടങ്ങിയവർക്കു പ്രവേശനം സൌജന്യമാണ്. അംഗ വൈകല്യം ഉള്ളവർക്ക്, ഭിന്നശേഷിയുള്ളവർ, ക്യാൻസർ രോഗികൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.

MORE IN GULF THIS WEEK
SHOW MORE