നോമ്പ് പരിശുദ്ധിയിൽ ഇസ്ലാം മതവിശ്വാസികൾ

gulf1
SHARE

പരിശുദ്ധ റമസാൻ നോമ്പിലേക്കു പ്രവേശിച്ചിരിക്കുകയാണ് ഇസ്്ലാം മതവിശ്വാസികൾ. പ്രവാസലോകത്തെ തിരക്കിനിടയിലും വിശ്വാസത്തോടെ പ്രാർഥനയോടെ നോമ്പുകാലം ആചരിക്കുകയാണ് പ്രവാസി മലയാളികൾ. മക്കയിലും മദീനയിലും ഇതു തീർഥാടനകാലം. റമസാൻ കാലത്തെ വിശേഷങ്ങളും കാഴ്ചകളുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.

ഗൾഫ് നാടുകളിൽ വിശുദ്ധവും ശാന്തവുമായൊരന്തരീക്ഷമാണ് റമസാൻ പകരുന്നത്. എല്ലാ തീവ്രാഗ്രഹങ്ങളേയും മറികടന്നു അല്ലാഹുവിനൊപ്പമാകുന്ന നിമിഷങ്ങൾ. വിശുദ്ധ റമസാൻ മാസത്തിൻറെ കാഴ്ചകളും വിശേഷങ്ങളുമാണ് ആദ്യം പങ്കുവയ്ക്കുന്നത്.

''അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾക്കു നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു മുൻപുള്ളവർക്കു നിർബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങൾ ഭയഭക്തിയുള്ളവരാകാൻ വേണ്ടി...'' വിശുദ്ധ ഖുർആൻ സത്യവിശ്വാസികളോടു നിർദേശിച്ച വ്രതാനുഷ്ടാനത്തിൻറെ പുണ്യദിനങ്ങളിലാണ് ഇസ്്ലാം മത വിശ്വാസികൾ. ഹിജ്റ വർഷത്തിലെ ഒൻപതാം മാസമായ റമദാൻ. വിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഏറ്റവും അനുഗ്രഹീതവും ഭയഭക്തിനിർഭരവും ആത്മീയതയും നിറഞ്ഞ മാസം. ഇസ്ളാമിൻറെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ വ്രതാനുഷ്ടാനത്തിൻറെ പുണ്യം നിറയുന്ന ദിനങ്ങൾ. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം.

റഹ്മ അഥവാ ദൈവകൃപ, മഗ്ഫിറ അഥവാ പാപമോചനം നിജാദ് അഥവാ നരക വിമുക്തി എന്നിങ്ങനെ പത്തു ദിവസങ്ങൾ ഉൾപ്പെടുന്ന മൂന്നു ഭാഗങ്ങളായാണ് റമസാൻ മാസത്തെ തിരിച്ചിരിക്കുന്നത്. അവസാനത്തെ പത്തിലെ ഏറ്റവും പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. 

റമസാൻ മാസത്തിലെ വ്രതാനുഷ്ടാനം വിശ്വാസികൾക്കു നിർബന്ധമാണ്. സൂരോദ്യയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും വികാരങ്ങളും നിയന്ത്രിച്ചു ആത്മീയതയിലും സഹോദരസ്നേഹത്തിലും കഴിയുകയെന്നതാണ് വ്രതാനുഷ്ടാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

സമൂഹത്തിലെ അവശരരോട് കടപ്പെട്ടു ജീവിക്കണമെന്ന് ഓർമിപ്പിക്കുന്ന മാസം കൂടിയാണ് റമസാൻ. സമ്പത്ത് ദൈവഹിതപ്രകാരം അർഹതപ്പെട്ടവർക്കായി സക്കാത്ത് നൽകണമെന്നു ഓർമപ്പെടുത്തുകയാണ്. പ്രവാസികൾ ജീവിതം മെച്ചപ്പെടുത്താൻ പ്രയത്നിക്കുമ്പോഴും സക്കാത്തിലൂടെ നോമ്പിൻറെ വിശുദ്ധി 

റമദാൻ കാലത്തെ ചിന്തകളും ചർച്ചകളുമൊക്കെ കാലഘട്ടത്തോടു ചേർത്തു വയ്ക്കുന്നവയാണ്. ഖുർആനിൽ, അല്ലാഹുവിൽ വിശ്വാസിക്കുന്ന ഒരുവൻ  എങ്ങനെ ജീവിക്കണമെന്നു ഒരിക്കൽകൂടി ഓർമപ്പെടുത്തുകയാണ് റമസാൻ. ഭീകരാക്രമണങ്ങളുടേയും ആഭ്യന്തര കലഹങ്ങളുടേയും പശ്ചാത്തലത്തിൽ റമസാൻ മുന്നോട്ടുവയ്ക്കുന്ന ചിന്തകൾക്ക്, ഖുർ ആൻ പഠിപ്പിക്കുന്ന പാഠങ്ങൾക്കു കേരളത്തിൽ നിന്നടക്കം ആശങ്കയുളവാക്കുന്ന വാർത്തകൾ തുടരുന്ന പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുണ്ട്. 

റമദാൻ തുടങ്ങിയതോടെ ജനലക്ഷങ്ങളാണ് മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലുമായി എത്തുന്നത്. വിശ്വാസികളെ സ്വീകരിക്കാൻ മസ്ജിദുൽ ഹറമിലെ എല്ലാ കവാടങ്ങളും തുറന്നിട്ടിരിക്കുകയാണ്. ഹറമിൽ 210 കവാടങ്ങളും ഏഴു അടിപാതകളും മയ്യത്ത് പ്രവേശിക്കുന്നതിന് ഒരു കവാടവും ആണുള്ളത്. തീർഥാടകർക്കു സുരക്ഷയും ശാന്തരായി പ്രാർഥന നിർവഹിക്കാനുള്ള സൌകര്യങ്ങളുമാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്.  മുസ്ഹഫുകളും നമസ്കാര വിരിപ്പുകളും വിശ്വാസികൾക്കായി തയ്യാറായിക്കഴിഞ്ഞു. ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇത്തവണയും ചെയിൻ ബസ് സർവീസുണ്ട്. സ്ത്രീകളും പുരുഷന്മാരുമായി 10,000ത്തിലധികം പേർ റമദാനിലെ പ്രത്യേക സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങളിൽ ആറാം തീയതി തിങ്കളാഴ്ചയാണ് നോമ്പു തുടങ്ങിയതെങ്കിൽ ഒമാനിൽ ചൊവ്വാഴ്ചയാണ് വ്രതാനുഷ്ടാനം ആരംഭിച്ചത്. പ്രവാസിമലയാളികളേറെയുള്ള യുഎഇയിൽ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ പ്രാർഥനകളും ഇഫ്താർ വിരുന്നുകളും സംഘടിപ്പിക്കുന്നുണ്ട്. കെഎംസിസി, വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവരും വ്യവസായികളും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നുണ്ട്. മതജാതിവർണ വ്യത്യാസമില്ലാതെ പ്രവാസികൾ ഒരേ മനസോടെ ഇതിൽ പങ്കാളികളാകുന്നതും മനോഹര കാഴ്ചകളാണ്.

ഇനി ഒരുമാസം ഇത്തരം കൂട്ടായ്മകളാൽ ഗൾഫ് നാടുകൾ സജീവമായിരിക്കും. പ്രാർഥനാ ധ്വനികളാൽ മുഖരിതമായൊരന്തരീക്ഷത്തിൽ സാഹോദര്യത്തിൻറെ സന്ദേശവുമായി പ്രവാസിമലയാളികൾ റമസാൻ വിശുദ്ധിയിൽ പങ്കുചേരുകയാണ്.

MORE IN GULF THIS WEEK
SHOW MORE