അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്; മിഡിൽ ഈസ്റ്റ് മലയാളി മംസ്

gulf5
SHARE

ഗൾഫിലെ മലയാളികളായ അമ്മമാരുടെ കൂട്ടായ്മയാണ് മിഡിൽ ഈസ്റ്റ് മലയാളി മംസ്. അടുക്കളയിൽ നിന്നും അരങ്ങത്തേക്കു വരാൻ അവസരമൊരുക്കിയ മൂന്നാം വാർഷികാഘോഷ പരിപാടിയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ഗൾഫ് നാടുകളിലെ മലയാളി അമ്മമാരുടെ സമൂഹമാധ്യമ കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഈസ്റ്റ് മൂന്നാം വാർഷികോഘോഷത്തിൻറെ നിറവിലാണ്. യുഎഇയിൽ ഏറ്റവുമധികം വനിതകൾ ഭാഗമായ സംഘടന. ജോലിയുടേയും ജീവിതത്തിൻറേയും തിരക്കുകൾക്കിടയിൽ കലാവാസനകളും കഴിവുകളേയും ഒഴിവാക്കേണ്ടിവരുന്ന വെല്ലുവിളികളെയാണ് ഇവർ മറികടക്കുന്നത്. 

വാർഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ മിസിസ് ഇന്ത്യാ ഇൻ്റർനാഷനൽ സൗന്ദര്യമത്സരത്തിൽ 13 അമ്മമാരാണ് മാറ്റുരച്ചത്. ഒരിക്കൽ പോലും റാംപിൽ കയറിയിട്ടില്ലാത്തവർ പോലും ആത്മവിശ്വാസത്തോടെ പങ്കെടുത്തു. സിനിമാഅഭിനേതാക്കളും മോഡലുകളുമൊക്കെ മാറ്റുരയ്ക്കുന്ന റാംപിലേക്ക്, അമ്മമാരുടെ ആത്മവിശ്വാസത്തോടെയുള്ള യാത്ര. 

മിസിസ് ഇന്ത്യ മത്സരത്തിൽ നിതാ രാജൻ കിരീടം ചൂടി. രാജി ജിനു, ആൻ മറിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

40 കുരുന്നുകൾ അണിനിരന്ന കേരളാ ഫാഷൻ ലീഗ് ലിറ്റിൽ സ്റ്റാർ കാഴ്ചക്കാർക്ക് കൌതുകകരമായി. സംഘടനയിലെ അംഗങ്ങളായവരുടെ മക്കളാണ് പാട്ടിനൊപ്പം നൃത്തമാടി റാംപിലെത്തിയത്. 

കെഎഫ്എൽ ഇൻ്റർനാഷനൽ പ്രിമിയർ ഫാഷൻ ടൂർ, ഡിജെ പാർട്ടി, ഭക്ഷ്യോത്സവം എന്നിവയും അനന്തര 2019 എന്ന പേരിൽ അവതരിപ്പിച്ച പരിപാടിയുടെ ഭാഗമായി. ഷാർജ എക്സ്പോ സെൻററിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളുടെ ഭാഗമായ നൃത്തരൂപങ്ങളുടെ അവതരണം ശ്രദ്ധേയമായി. 

അഭിനേതാക്കളായ നേഹ സക്സേന, നൂറിൻ ഷരീഫ്, രാജ്യാന്തര മോഡലുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കെഎഫ്എൽ സ്ഥാപകൻ അബിൽ ദേവ്,  ഫാഷൻ കൊറിയോഗ്രഫർ എം.എസ്.ശ്രീധർ എന്നിവരായിരുന്നു സംവിധാനം. സംഘടനാ സ്ഥാപക ദിയ ഹസൻ, അഡ്മിൻ ഫാത്തിമ അഹ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. 

കേരളത്തിലെ പ്രളയദുരന്തത്തിലടക്കം വിവിധരംഗങ്ങളിൽ  ചാരിറ്റി പ്രവർത്തനങ്ങൾ തുടരുന്ന മലയാളി മംസ് എന്ന സംഘടനയിൽ യുഎഇയിൽ മാത്രം മുപ്പത്തിനാലായിരം അംഗങ്ങളാണുള്ളത്. തൊഴിലാളി ക്യാംപുകളിൽ സഹായമെത്തിക്കുക, അംഗങ്ങളുടെ ക്ഷേമപ്രവർത്തനം, കലാവാസനകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയിലാണ് മലയാളി മംസ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE