അബുദാബിയിൽ അക്ഷരവസന്തവുമായി പുസ്തകമേള

BOOK-FAIR
SHARE

അബുദാബിയിൽ അക്ഷരവസന്തവുമായി പുസ്തകമേള. തലസ്ഥാനനഗരിക്ക് ആവേശമായി ആയിരക്കണക്കിനു പുസ്തകപ്രേമികളാണ് മേളയുടെ ഭാഗമായത്. ഇന്ത്യയെ അതിഥി രാഷ്ട്രമായി പ്രഖ്യാപിച്ചു ഇന്ത്യ യുഎഇ ബന്ധത്തിനും പുസ്തകമേള നേർസാക്ഷ്യമായി. പുസ്തകമേളയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും പുസ്തകങ്ങളോടുള്ള പ്രണയം തുടരുന്നുവെന്നതിൻറെ നേർസാക്ഷ്യമായിരുന്നു അബുദാബിയിലെ പുസ്തകമേള. അൻപതു രാജ്യങ്ങളിലെ ആയിരം പ്രസാധകരിലൂടെ അഞ്ചുലക്ഷം ശീർഷകങ്ങളിലുള്ള പുസ്തകങ്ങളായിരുന്നു ഇരുപത്തൊൻപതാമതു അബുദാബി പുസ്തകമേളയിൽ വായനക്കാർക്കായി ഒരുക്കിയിരുന്നത്. 

ഇന്ത്യ യു.എ.ഇ സാംസ്കാരിക ബന്ധത്തിൻറെ നേർസാക്ഷ്യമായിരുന്നു അബുദാബിയിലെ ഈ പുസ്തകമേള. അതിഥി രാജ്യമായി ഇന്ത്യയെ ആദരിച്ചതു രാജ്യത്തിനുള്ള അംഗീകാരമായി. മലയാളത്തിൽ നിന്നുൾപ്പെടെ പ്രമുഖ സാഹിത്യകാരൻമാർ, പ്രസാധകർ, കലാകാരൻമാർ ഉൾപ്പെടുന്ന നൂറംഗ സംഘം ഇന്ത്യയെ പ്രതിനിധീകരിച്ചു പുസ്തകമേളയുടെ ഭാഗമായി.

ബുക്കർ പ്രൈസ് ജേതാവും നൈജീരിയൻ എഴുത്തുകാരനുമായ ബെൻ ഒക്റി, ഇന്തോ ഓസ്ട്രേലിയൻ സാഹിത്യകാരൻ സറൂ ബ്രൈർലെ, നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ പിതാവ് സിയാഉദ്ദീൻ യൂസഫ് സായ് തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖർ ഒരാഴ്ച നീണ്ടുനിന്ന അക്ഷരോത്സവത്തിൽ വായനക്കാരുമായി സംവദിച്ചു.

സാഹിത്യത്തിലൂടെയും കലയിലൂടെയും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം യുഎഇക്കും പ്രവാസലോകത്തിനും പരിചയപ്പെടുത്തുന്ന കാഴ്ചകളാൽ പുസ്തകമേള സജീവമായിരുന്നു.

പ്രശസ്ത ഗായിക എസ്.ജാനകിയെക്കുച്ച് പ്രവാസി മലയാളിയായ അഭിലാഷ് പുതുക്കാട് എഴുതിയ 'ആലാപനത്തിലെ തേനും വയമ്പും' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. 

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സ്റ്റോറീസ് ഫ്രം ബാപ്പൂസ് ലൈഫ്, രബീന്ദ്രനാഥ് ടഗോറിന്‍റെ ചുട്ടി തുടങ്ങിയവയുടെ അറബിക് പരിഭാഷകളുടെ പ്രദർശനത്തിനും മേള സാക്ഷിയായി. ഡോ. എസ് ശാരദക്കുട്ടി, ഇന്ദു മേനോൻ, മനോജ് ദാസ്, ദീപക് ഉണ്ണികൃഷ്ണൻ തുടങ്ങിയ മലയാള സാഹിത്യരംഗത്തെ പ്രമുഖരും പുസ്തകപ്രേമികളുമായി സംവദിച്ചു. 

ഇ-സോൺ, കോമിക് കോർണർ, എന്‍റർടൈൻമെന്‍റ് സോൺ തുടങ്ങി യുവതലമുറയ്ക്കായി പ്രത്യേകവിഭാഗങ്ങളും മേളയിൽ ഒരുക്കിയിരുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ നടന്ന പുസ്തകമേള യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ആണ്  ഉൽഘാടനം ചെയ്തത്

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.