അറബിക്കഥകളുടെ സൗന്ദര്യവും സംഗീതവും സംസ്കാരവും സംഗമിച്ച 1001 രാവുകൾ

week17
SHARE

ആയിരത്തിഒന്നു രാവുകളിലെ നാടോടിക്കഥകൾ മലയാളികൾക്കും സുപരിചിതമാണ്. ആ കഥകളുടെ നാടകസാക്ഷാത്കാരത്തിൻറെ മനോഹാരിത നേരിട്ടു കാണാൻ അവസരമൊരുക്കിയാണ് ഷാർജയിൽ നാടകോത്സവം അരങ്ങേറിയത്. അറബിക്കഥകളുടെ സംഗീതവും താളവും നേരിട്ടു കാണാൻ അവസരമൊരുക്കിയ നാടകോത്സവത്തിൻറെ വിശേഷങ്ങൾ കാണാം.

ആയിരത്തൊന്നു രാവുകൾ... അറബിക് പേർഷ്യൻ നാടോടിക്കഥകളുടെ ശേഖരം. അലാവുദ്ദീനും അൽഭുത വിളക്കും, ആലിബാബയും നാൽപ്പതു കള്ളൻമാരും തുടങ്ങിയവ നമ്മൾ മലയാളികളുടെ കുട്ടിക്കാലങ്ങളെ അറേബ്യൻ ലോകത്തേക്കു പിച്ചവെപ്പിച്ച കഥകളായിരുന്നു. അറബിക്കഥകളുടെ സൗന്ദര്യവും സംഗീതവും സംസ്കാരവും സംഗമിച്ച 1001 രാവുകൾ: അവസാന അധ്യായം എന്ന നാടകോത്സവത്തിനാണ് ഷാർജ അൽ മജാസ് ആംഫി തിയറ്റർ വേദിയായത്. 

ആയിരത്തൊന്നു രാവുകളിലെ അവസാന അധ്യായം അധികരിച്ച് ഒരുക്കിയ വർണ പ്രൗഢമായ നാടകം. അവസാനത്തെ 3 രാത്രികളിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് വേദിയിൽ നിറഞ്ഞത്.

ആയിരത്തൊന്നു രാവുകളിലെ മുഖ്യ കഥാപാത്രമായ ഷഹർ‌സാദ കഥ പറയുന്ന രീതിയിലാണ് അവതരണം ഒരുക്കിയത്. അറേബ്യൻ സംസ്കാരത്തിൻറെയും രാജാക്കൻമാരുടെ പ്രൌഡിയുടെയും നേർക്കാഴ്ചയൊരുക്കിയാണ് നാടകം അവതരിപ്പിച്ചത്. 

വിസ്മയവും കൌതുകവും ജനിപ്പിക്കുന്ന കാഴ്ചകളിലേക്കുള്ള ഒരുക്കം അതിശയിപ്പിക്കുന്നതായിരുന്നു. 25 രാജ്യങ്ങളിൽ നിന്നുള്ള 537 കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, അക്രോബാറ്റുകൾ എന്നിവരാണ് നാടകത്തിൻറെ ഭാഗമായത്. 

അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിലായാണ് നാടകം അവതരിപ്പിച്ചത്. വിവിധ വാദ്യോപകരണങ്ങളുമായി 51 സംഗീതജ്ഞരും പതിമൂന്ന് തരം രാജ്യാന്തര കലാരൂപങ്ങളും വേദിയെ സജീവമാക്കി. 

കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളും പ്രകാശവിന്യാസവും കാണികൾക്കു പുതിയകാഴ്ചയായി. ലോകത്തെ മികച്ച നാടക കലാകാരന്മാർ ഗംഭീര പ്രകടനവുമായി അണിനിരന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ശബ്ദദൃശ്യ മികവിന് പ്രമുഖ സാങ്കേതിക വിദഗ്ധരും പിന്തുണ നൽകി.  മധ്യപൂർവദേശത്തെ പ്രശസ്ത കലാകാരന്മാരായ ഫിലിപ് സ്കാഫ്, സെബാസ്റ്റ്യൻ സോള്‍ദെവില എന്നിവരായിരുന്നു പരിപാടിയുടെ പിന്നിലെ മുഖ്യആസൂത്രകർ. 

ഇരുപതു ദിവസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് നാടകം പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. ബ്രിട്ടൺ, ബ്രസീൽ, ജപ്പാൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും നാടകത്തോടു സഹകരിച്ചു. അൾജീരിയ, നെതർലാൻഡ്, ചെക് റിപ്പബ്ളിക്, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞർ ലൈവായി നാടകത്തെ മികവുറ്റതാക്കി.

ഷാർജയെ ലോകത്തിന്റെ പുസ്തകതലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ തുടക്കമായാണ് നാടകം അവതരിപ്പിച്ചത്.  

MORE IN GULF THIS WEEK
SHOW MORE