വിനോദസഞ്ചാര മേഖലയിലെ പുതിയ കാഴ്ചകളുമായി അറേബ്യൻ ട്രാവൽ മാർക്കറ്റ്

travel-mart
SHARE

വിനോദസഞ്ചാര മേഖലയിലെ പുതിയ കാഴ്ചകളും വിശേഷങ്ങളുമായി ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ്. കേരളമുൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പ്രതിനിധികളുടെ പ്രത്യേക സ്റ്റോളുകൾ വിനോദസഞ്ചാരമേഖയ്ക്ക് ഉണർവു പകരുന്നതായി. ട്രാവൽ മാർക്കറ്റിൻറെ വിശേഷങ്ങൾ അതു കേരളത്തിനു എങ്ങനെ പ്രയോജനകരമാകുമെന്നതാണ് ആദ്യ വാർത്ത.

ടൂറിസം മേഖലയിലെ നവീന ആശയങ്ങളും മേഖലകളും പരിചയപ്പെടുത്തുന്ന പ്രദർശനമാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഇന്ത്യ അടക്കം നൂറ്റിഅൻപതോളം രാജ്യങ്ങളാണ് പ്രദർശനത്തിൻറെ ഭാഗമായത്. ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളമടക്കമുള്ള വിനോദസഞ്ചാരമേഖലകളെ പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇൻക്രെഡിബിൾ ഇന്ത്യയെന്ന ടാഗ് ലൈനിലാണ് ഇരുപത്താറാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇന്ത്യയുടെ പവലിയൻ ഒരുക്കിയിരുന്നത്. 

ആയുർവേദം, യുനാനി, സിദ്ധ, തുടങ്ങിയ ചികിൽസാരീതികളെ ഗൾഫ് പൌരൻമാർക്കടക്കമുള്ളവർക്കു പരിചയപ്പെടുത്തുന്ന മെഡിക്കൽ ടൂറിസം സ്ഥാപനങ്ങളുടെ സ്റ്റോളുകളും ഇന്ത്യൻ പവലിയനിലിടം നേടി. അതേസമയം, മഹാപ്രളയം വിതച്ച ദുരന്തം, നിപാ വൈറസ് ഭീഷണി തുടങ്ങിയവ കേരളത്തിൻറെ വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായ പശ്ചാത്തലത്തിലായിരുന്നു അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം. അതിനാൽ, ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പൌരൻമാരെത്തുന്ന പ്രദർശന നഗരിയിൽ കേരളത്തിനു പ്രത്യേക പവലിയൻ വേണമായിരുന്നുവെന്നു ഈ രംഗത്തു പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.

ട്രാവൽ മാർക്കറ്റിൽ കേരളാ വിനോദസഞ്ചാര വകുപ്പിൻറെ പ്രതിനിധ്യം വളരെ കുറഞ്ഞുപോയെന്നാണ് പരാതി. ഗൾഫ് രാജ്യങ്ങളിലെ പൌരൻമാരെ ലക്ഷ്യമിട്ടു കർണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രത്യേക പവലിയനുകളിൽ പ്രചാരണം നടത്തിയപ്പോൾ ഇന്ത്യയുടെ പേരിലുള്ള പവലിയനിലായിരുന്നു കേരളത്തിൽ നിന്നുള്ള ഹോട്ടലുകളുടേയും സ്ഥാപനങ്ങളുടേയും ഇടം. സംസ്ഥാന വിനോദസഞ്ചാരവകുപ്പിൻറെ നേതൃത്വത്തിൽ പ്രത്യേക പവലിയൻ പ്രവർത്തിച്ചിരുന്നുവെങ്കിൽ കൂടുതൽ സ്ഥാപനങ്ങളുടെ പ്രതിനിധ്യം ഉറപ്പാക്കാനാകുമായിരുന്നുവെന്നും അത് കേരളത്തിൻറെ വിനോദസഞ്ചാരമേഖലയുടെ പ്രചാണത്തിനു ഗുണകരമായേനേയെന്നുമാണ് അഭിപ്രായം. 

ഇന്ത്യ പവലിയനിൽ രണ്ടരലക്ഷത്തോളം രൂപ നൽകിയാണ് സ്ഥാപനങ്ങൾ ഇടം കണ്ടെത്തിയത്. എന്നാൽ, ആന്ധ്രാ അടക്കമുള്ള സംസ്ഥാനങ്ങൾ സ്ഥാപനങ്ങൾക്കു സബ്സിഡി നിരക്കിലാണ് സ്റ്റോളുകൾ അനുവദിച്ചത്. അതേസമയം, ഇക്കാര്യം വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചതായും അടുത്തവർഷം പരിഗണിക്കാമെന്നു മറുപടി ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കുന്നു. സൌദിയിലും യുഎഇയിലൂമായി റോഡ് ഷോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി വിനോദസഞ്ചാരമേഖലയുടെ വികസനത്തിനു ഏറെ സഹായകരമാകുന്ന നിലപാടാണ് പ്രവാസലോകത്ത് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, അറേബ്യൻ ട്രാവൽ മാർക്കറ്റ് പോലെയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവസരങ്ങളിലൊന്നിനെ കൂടുതൽ പ്രാധാന്യം നൽകി സമീപിക്കുന്നത് കേരളത്തിൻറെ വളർച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നാണ് നിരീക്ഷണം. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.