പ്രവാസികള്‍ ഇക്കുറി ആര്‍ക്ക് വോട്ട് ചെയ്യണം..? സമഗ്രചിത്രം

election-gulf
SHARE

ഇന്ത്യ അതിന്റെ ഭരണാധികാരികളെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പു പ്രക്രിയയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആരു ഭരിക്കണമെന്നു മെയ് ഇരുപത്തിമൂന്നിനു ജനം തീരുമാനിക്കും. ലക്ഷക്കണക്കിനു പ്രവാസികളും ഈ തിരഞ്ഞെടുപ്പിൻറെ ഭാഗമാണ്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ പങ്ക് എന്താണെന്നു വിശദീകരിക്കുകയാണ് മനോരമ ന്യൂസിൻറെ പ്രത്യേക പരിപാടി പ്രവാസി മാനിഫെസ്റ്റോ.

പ്രവാസി വോട്ട്, പ്രവാസി മന്ത്രാലയം തുടങ്ങി വിവിധ വിഷയങ്ങളാണ് പ്രവാസികളുടെ സമ്മതിദാനാവകാശം തീരുമാനിക്കുന്ന ഘടകങ്ങൾ. കേന്ദ്രസംസ്ഥാന സർക്കാരുകൾ, കോൺഗ്രസ് നേതൃത്വം വഹിക്കുന്ന പ്രതിപക്ഷം. ഇവർ പ്രവാസികൾക്കായി എന്തു ചെയ്തു എന്നതാണ് ഈ പ്രോഗ്രം ചർച്ച ചെയ്യുന്നത്. ആദ്യം കേന്ദ്രസർക്കാരിനു പ്രവാസി നയം പരിശോധിക്കാം.

അഞ്ചുവർഷത്തെ ഭരണകാലത്തിനിടെ രണ്ടുതവണ യു.എ.ഇയും ഓരോ തവണ വീതം ഒമാനും സൌദി അറേബ്യയും ഖത്തറും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു പ്രവാസികൾക്കു രണ്ടാം വീടായ യു.എ.ഇയിലേക്കു ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെത്തിയത് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷമായിരുന്നുവെന്നത് ഏറെ രാഷ്ട്രീയചർച്ചകൾക്കു വഴി തുറന്നു. ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര വ്യാപാര വ്യവസായ ബന്ധങ്ങളിൽ വൻവളർച്ചയ്ക്കാണ് കഴിഞ്ഞ അഞ്ചുവർഷം സാക്ഷ്യം വഹിച്ചത്. രണ്ടായിത്തിപതിനഞ്ചിലെ മോദിയുടെ സന്ദർശനത്തിനു പിന്നാലെ യു.എ.ഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2017 ലെ റിപ്പബ്ളിക് ദിനത്തിൽ വിശിഷ്ടാതിഥിയായെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സൌഹൃദം വർധിപ്പിച്ചു. ഏറ്റവും ഒടുവിലായി യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരത്തിനു പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തതും കേന്ദ്രസർക്കാരിൻറെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിനുള്ള ബഹുമതിയായിരുന്നു. 

ബഹിരാകാശ ഗവേഷണം, പ്രതിരോധം, സമുദ്ര ഗതാഗതം, റോഡ് വികസനം, മനുഷ്യക്കടത്ത് തടയൽ, കാർഷിക വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ യോജിച്ചുള്ള പ്രവർത്തനത്തിനു ധാരണയെത്തിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നീ സ്ഥാപനങ്ങൾക്ക് അബുദാബിയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള സൗകര്യവും അഡ്‌നോക്കിന് ഇന്ത്യയിൽ സംഭരണശാലകൾക്കുള്ള അനുമതിയും മോദി സർക്കാരിൻറെ നയങ്ങളുടെ വിജയമായി വിലയിരുത്തുന്നു. 

കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജിൻറെ ഇടപെടലുകൾ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ ചർച്ചാവിഷയമാണ്. വിവിധ രാജ്യങ്ങളുമായുള്ള കയറ്റിറക്കുമതിയിൽ വളർച്ച രേഖപ്പെടുത്തിയതും പ്രവാസികളെ സംബന്ധിച്ചു പ്രധാനവിഷയം തന്നെയാണ്. ഒ.ഐ.സി സമ്മേളനത്തിലെ വിശിഷ്ടാതിഥിയായി ഇന്ത്യയെ പ്രതിനിധീകരിച്ചു കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പങ്കെടുത്തതും പ്രവാസികൾക്കു സന്തോഷത്തിൻറെ വാർത്തയായിരുന്നു. എങ്കിലും, ചില നിലപാടുകളിലും തീരുമാനങ്ങളിലും കേന്ദ്രസർക്കാരിനെ പ്രവാസികൾ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. യു.പി.എ സർക്കാരിൻറെ കാലത്തുണ്ടായിരുന്ന പ്രവാസികാര്യമന്ത്രാലയം നിർത്തലാക്കിയെന്നതാണ് അതിൽ ഏറ്റവും പ്രധാനം. പ്രത്യേക മന്ത്രാലയവും മന്ത്രിയും പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി വേണമെന്നത് മോദി സർക്കാർ കണ്ടില്ലെന്നു നടിച്ചെന്നാണ് ആരോപണം. പ്രവാസികൾക്കായി പ്രത്യേക നയം കേന്ദ്രസർക്കാരിനില്ലെന്ന വിമർശനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നു കണ്ടറിയണം.

അതേസമയം, ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റു നിരക്കിലെ വർധനവിനെതിരെ കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുണ്ടായിട്ടില്ലെന്ന വിമശനം തുടരുകയാണ്. പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യത്തോടു മോദി സർക്കാരും അനുകൂല നിലപാടല്ല സ്വീകരിച്ചത്. പ്രവാസി വോട്ടു ബിൽ പാസാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന പഴിയും തിരഞ്ഞെടുപ്പു കാലത്തു ഉയർന്നു കേൾക്കാം. പ്രോക്സി വോട്ടു ചെയ്യാനുള്ള അനുമതിക്കായി ബിൽ പാസാക്കുന്നതിനു കഴിഞ്ഞില്ലെന്നതും കേന്ദ്രസർക്കാരിനെതിരെയുള്ള പ്രവാസികളുടെ പ്രധാനരാഷ്ട്രീയ ചിന്തകളിലൊന്നാണ്.

ഒരു പ്രവാസി എന്തുകൊണ്ടു മോദി സർക്കാരിനായി വീണ്ടും വോട്ടു ചെയ്യണമെന്ന ചോദ്യത്തോടു, മോദി പ്രവാസലോകത്തു സജീവമായെങ്കിലും അതിനനുസരിച്ചുള്ള ക്ഷേമം പ്രവാസികൾക്കുണ്ടായിട്ടുണ്ടോ എന്ന ചോദ്യമാണ് മറുപടി ലഭിക്കുന്നത്. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും സജീവസാന്നിധ്യം പ്രവാസലോകത്തുണ്ടായിരുന്നെങ്കിലും ദീർഘനാളായുള്ള പൊതു ആവശ്യങ്ങൾക്കു അറുതി ലഭിച്ചിട്ടില്ലെന്ന പരാതി തുടരുതയാണ്. കേരളത്തിൽ പ്രളയദുരന്തത്തിനു യു.എ.ഇ സർക്കാരിൻറെ സഹായ വാഗ്ദാനം നിരസിക്കേണ്ടിവന്നത് കേന്ദ്രസർക്കാരിൻറെ ഇടപെടൽ കാരണമാണെന്ന കേരളത്തിൻറഖെ ആരോപണവും മലയാളികളുടെ തിരഞ്ഞെടുപ്പ് ചിന്തകളിൽ സജീവമാണ്. പ്രവാസികൾക്കായി വലിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്ന പരാതി ഒരു വശത്തും എന്നാൽ, വ്യവസായ വ്യാപാര കരാറുകളിലൂടെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉണർവ് നേടാൻ മോദി സർക്കാരിനായെന്ന വാദം മറുവശത്തും തിരഞ്ഞെടുപ്പു കാലത്തു ഉയർന്നുകേൾക്കാം.

മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിൽ തിരഞ്ഞെടുപ്പു ചൂടിനു കുറവില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിൻറെ ചർച്ചകളിൽ കേന്ദ്രസംസ്ഥാനസർക്കാരുകളുടെ പ്രവർത്തനം ചർച്ചാവിഷയമാണ്. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിൻറെ പ്രവാസികളോടുള്ള സമീപനവും നയവുമാണ് ഇനി പരിശോധിക്കുന്നത്.

എൽ.ഡി.എഫ് സർക്കാർ മൂന്നു വർഷം പിന്നിടുമ്പോൾ സർക്കാരിൻറെ പ്രവാസി നയം തിരഞ്ഞെടുപ്പു വേദികളിൽ ചർച്ചാവിഷയമാണ്. ലോകകേരള സഭയുടെ രൂപീകരണവും പ്രവർത്തനവുമാണ് പ്രവാസികളോടുള്ള കേരള സർക്കാരിൻറെ സമീപനത്തിൻറെ നേർസാക്ഷ്യം. തിരുവനന്തപുരത്തു തുടങ്ങിയ ലോക കേരള സഭ സമ്മേളനത്തിൻറെ മേഖലാ സമ്മേളനത്തിനു ദുബായ് സാക്ഷിയായിരുന്നു. പ്രവാസികൾക്കായുള്ള ക്ഷേമ,വികസന പദ്ധതികളെക്കുറിച്ചുള്ള ചർച്ചയായിരുന്നു ലോകകേരളസഭയുടെ അജണ്ട. നിക്ഷേപങ്ങൾ, ക്ഷേമപദ്ധതികൾ, നൈപുണ്യ വികസനം, കലാസാംസ്കാരികം എന്നിങ്ങനെ പ്രധാന ശുപാർശകളിൻമേലായിരുന്നു ചർച്ചകൾ.

ഇടതുപക്ഷ സർക്കാർ പ്രവാസികൾക്കൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചാണ് നോർക്കയുടെ നേതൃത്വത്തിൽ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. മുൻപെങ്ങുമില്ലാത്തവിധം നോർക്ക സജീവമായി പ്രവാസികൾക്കായി രംഗത്തുണ്ടെന്നാണ് ഇടതുപക്ഷത്തിൻറെ വാദം. ലക്ഷക്കണക്കിനു പ്രവാസിമലയാളികളുടെ വോട്ടു തേടുന്നതിനു മുന്നോട്ടുവയ്ക്കുന്നതും ഇതേ ക്ഷേമപദ്ധതികൾ തന്നെയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻറെ ക്ഷണപ്രകാരം ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തിയതും തുടർന്നു 149 തടവുകാരെ മോചിപ്പിച്ചതും കേരളസർക്കാരിൻറെ നേട്ടമായിരുന്നു. ഒപ്പം വിദേശമലയാളികൾക്കായി സർക്കാർ സേവനങ്ങൾ ലളിതമാക്കാൻ പ്രത്യേക കോൾ സെൻറർ സംവിധാനം ഏർപ്പെടുത്തിയതും വനിതാ സെല്ലിൻറെ പ്രഖ്യാപനവുമെല്ലാം തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കിടയിൽ ചർച്ചാ വിഷയമാണ്. 

നോട്ടു നിരോധനം, ആൾക്കൂട്ട കൊലപാതകമടക്കമുള്ളവയിൽ കേന്ദ്രസർക്കാരിനെയും ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റമടക്കമുള്ളവയിൽ കോൺഗ്രസിനേയും ഇടതുപക്ഷ പ്രവർത്തകരായ പ്രവാസിമലയാളികൾ വിമർശിക്കുന്നു. 

എന്നാൽ, രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ ബാധിക്കില്ലെന്നു തന്നെയാണ് ചിന്ത.

അതേസമയം, കേരളത്തിലെ അക്രമരാഷ്ട്രീയം, ശബരിമല വിഷയം തുടങ്ങിയവ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിൽ സജീവരാഷ്ട്രീയ ചിന്തയാണ്.  ശബരിമല വിഷയത്തിൽ കേരളസർക്കാരിനെതിരെ പ്രവാസികൾക്കിടയിലും പ്രതിഷേധമുയർന്നിരുന്നുവെന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നു കണ്ടറിയണം. ഒടുവിലുണ്ടായ പെരിയ ഇരട്ടക്കൊലപാതകമടക്കമുള്ള അക്രമരാഷ്ട്രീയ വിഷയങ്ങളിലും പ്രവാസിസംഘടനകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഒരുവശത്ത് ക്ഷേമപദ്ധതികളടക്കം ഉയർത്തുമ്പോഴും മറുവശത്ത് അക്രമരാഷ്ട്രീയവും ശബരിമല വിഷയവും ഉയരുന്നത് ഇടതുപക്ഷത്തിനു എങ്ങനെ ബാധിക്കുമെന്നു പ്രവാസലോകം ചിന്തിക്കുന്നു.

പ്രവാസലോകത്ത് കോൺഗ്രസിനു എന്നും ഉറച്ചവോട്ടുകളുണ്ടായിരുന്നു. പോഷകസംഘടനകൾ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നതാണ് പ്രധാനകാരണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രവാസലോകത്തെ ചിന്ത എപ്രകാരമാണെന്നു കാണാം.

കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലില്ലെങ്കിലും പ്രവാസികൾക്കിയിൽ ശക്തമായ സ്വാധീനം തുടരുന്നതിനു കോൺഗ്രസിനായി എന്നത് പാർട്ടിയുടെ വിജയമായി വിലയിരുത്തണം. പോഷകസംഘടനകളുടേയും കെ.എം.സി.സി അടക്കമുള്ള മുന്നണിയിലെ മറ്റു പാർട്ടികളുടെ സംഘടനകളുടേയും പ്രവർത്തനമാണ് യു.ഡി.എഫ് ക്യാംപുകൾക്ക് പ്രതീക്ഷ നൽകുന്നത്. പ്രവാസലോകത്ത് എന്നും കോൺഗ്രസിനു ഉറച്ച പിന്തുണ ലഭിച്ചിരുന്നു. അത് ഇത്തവണയും തുടരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മാസങ്ങൾക്കു മുൻപു മാത്രമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിലെത്തിയത്. രാഹുലിൻറെ സന്ദർശനം കോൺഗ്രസ് പ്രവാസലോകത്തു നടത്തിയ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിമാറി. പ്രവർത്തകരേയും പ്രവാസികളേയും കോൺഗ്രസിനായും തിരഞ്ഞെടുപ്പിനായും സജീവമാക്കാൻ രാഹുലിനായി. 

കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിമർശനം തന്നെയാണ് കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ചിന്തകൾ. കേന്ദ്രപ്രവാസികാര്യവകുപ്പ് നിർത്തലാക്കിയത് മാത്രം മതി മോദിസർക്കാരിനു പ്രവാസികളോടുള്ള അവഗണനയുടെ  ഉദാഹരണമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഗൾഫ് രാജ്യങ്ങളുമായി തൊഴിൽ കരാർ ഒപ്പിട്ടു തൊഴിൽ ചൂഷണം കുറച്ചതു മുതൽ, ഇസിഎൻആർ ഉള്ളവർക്ക് ഇൻഷുറൻസ് തുടങ്ങിയവ യുപിഎ സർക്കാരിൻറെ പ്രവാസികളോടുള്ള പരിഗണനയ്ക്കു ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലുള്ളവരുമായി ഒത്തൊരുമയോടെ ജീവിക്കുന്ന പ്രവാസിമലയാളികൾക്കു, മോദി സർക്കാരിൻറെ വർഗീയത വളർത്തുന്ന നയങ്ങളോട്, എതിർപ്പു മാത്രമാണുള്ളതെന്നും പ്രവാസികളായ കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കുന്നു. നോട്ടു നിരോധനം, ജി.എസ്.ടി, കർഷകാത്മഹത്യ, റഫേൽ ഇടപാട് തുടങ്ങി കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെക്കുറിച്ചു പ്രവാസി ഇന്ത്യക്കാർ ബോധവാൻമാരാണെന്നും അതിനാൽ തന്നെ കേന്ദ്രസർക്കാരിനെതിരെയാണ് പ്രവാസികളുടെ രാഷ്ട്രീയ ചിന്തകളെന്നും കോൺഗ്രസ് വിശ്വസിക്കുന്നു.

കേരളത്തിലെ അക്രമരാഷ്ട്രീയം തന്നെയാണ് ഇടതുപക്ഷത്തിനെതിരെയുള്ള കോൺഗ്രസിൻറെ പ്രധാന ആയുധം. അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിനുള്ളതെന്ന ആരോപണം പ്രവാസികൾക്കിടയിൽ സജീവമാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിൽ പ്രവാസലോകത്തെ കോൺഗ്രസ് പ്രവർത്തകർ സന്തോഷത്തിലും ആവേശത്തിലുമാണ്. രാഹുലിൻറെ വരവ് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

മുസ്ലിം ലീഗിൻറെ പോഷകസംഘടനയായ കെ.എം.സി.സി എല്ലാ ഗൾഫ് രാജ്യങ്ങളിലും സജീവസാന്നിധ്യമാണ്. എല്ലാ തിരഞ്ഞെടുപ്പു കാലത്തുമെന്ന പോലെ ഇത്തവണയും കെഎംസിസി പ്രവർത്തകർ വോട്ടു ചെയ്യാനായി കൂട്ടത്തെോടെ നാട്ടിലേക്കു പോകുന്നുണ്ട്. യു.എ.ഇയിൽ നിന്നു മാത്രം അൻപതിനായിരത്തോളം പ്രവർത്തകരാണ് വോട്ടു ചെയ്യാനായി നാട്ടിലേക്കു പോകാനൊരുങ്ങുന്നത്. കോൺഗ്രസിൻറെ പോഷകസംഘടനകളായ ഒ.ഐ.സി.സി, ഇൻകാസ് തുടങ്ങിയവയുടെ പ്രവർത്തകരും നേതാക്കളും പാർട്ടിക്കായി പ്രവാസലോകത്തു പ്രചരണം തുടരുകയാണ്. 

പ്രവാസികളെ പൌരൻമാരായി, വികസനത്തിലും ആനുകൂല്യങ്ങളിലും ഒരേ പോലെ പരിഗണിക്കുന്നവർക്കായിരിക്കട്ടെ ഇത്തവണത്തെ വോട്ട്. കേരളത്തിലെ വോട്ടർമാരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നവരാണ് പ്രവാസികൾ. അതിനാൽതന്നെ രാഷ്ട്രീയ പക്വതയോടെയായിരിക്കട്ടെ ഇരുപത്തിമൂന്നിനു വോട്ടിങ് മിഷീനെ സമീപിക്കുന്നത്. പ്രവാസികളുടെ വോട്ടു ചിന്തകളെക്കിറിച്ചുള്ള പ്രത്യേക പരിപാടി പ്രവാസി മാനിഫെസ്റ്റോ ഇവിടെ അവസാനിപ്പിക്കുന്നു. 

MORE IN GULF THIS WEEK
SHOW MORE