ജോസ് കോയിവിളയുടെ ജീവിത നാടക വിശേഷങ്ങൾ

Josekoivila
SHARE

ജോസ് കോയിവിള. കേരളത്തിലെ നാടകരംഗത്തിനു മികവാർന്ന സംഭാവന നൽകിയ പ്രവാസി. നാടകം ജീവിതത്തിനു മിച്ചമൊന്നും നൽകിയില്ലെങ്കിലും ജീവിതത്തിലൂടെ നാടകത്തിൻറെ നല്ലതിനായി പ്രവർത്തിക്കുകയാണ് കൊല്ലം സ്വദേശിയായ ഈ പ്രവാസി. ജോസ് കോയിവിളയുടെ ജീവിത നാടക വിശേഷങ്ങളാണ് ആദ്യം പരിചയപ്പെടുത്തുന്നത്.

നാടിൻറെ ഓർമകളുമായി പ്രവാസലോകത്ത് നാടകക്കാഴ്ചകൾ പതിവാണ്. നാടകങ്ങളെ പ്രണയിച്ച ജീവിതങ്ങളാണ് ഈ മരുഭൂമിയിലും അത്തരം ഗൃഹാതുരത്വങ്ങളൊരുക്കുന്നത്. നാട്ടിലെ സജീവമായ നാടകസംസ്കാരത്തിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയെത്തിയ നാടകക്കാരനാണ് കൊല്ലം കോയിവിള സ്വദേശി ജോസ്. പതിനഞ്ചു വർഷം മുൻപായിരുന്നു കോയിവിളയെന്ന ഗ്രാമത്തിൽ നിന്നും ഷാർജയെന്ന നഗരത്തിലേക്കുള്ള വേഷപ്പകർച്ച. 

അഷ്ടമുടിക്കായലും കല്ലടയാറും പകരുന്ന പ്രകൃതിഭംഗിയും മതമൈത്രിയുടെ പ്രതീകമായ ദേവാലയങ്ങളും നിറയുന്ന കോയിവിളയെന്ന ഗ്രാമത്തിലാണ് ജോസിൻറെ നാടകസ്വപ്നങ്ങളുടെ തുടക്കം. ഉത്സവങ്ങളുടേയും പള്ളിപ്പെരുന്നാളുകളുടേയും ആരവങ്ങൾക്കൊപ്പം വിരുന്നെത്തിയിരുന്ന നാടകങ്ങൾ നെഞ്ചോടുചേർത്തു പിടിച്ച ബാല്യം. ആദ്യകാലത്തെഴുതിയ നാടകങ്ങൾ അഭിനയിച്ചത് സ്വന്തം ഗ്രാമത്തിലെ സുഹൃത്തുക്കളും മുതിർന്നവരും ചേർന്നായിരുന്നു.

1988 മുതൽ രണ്ടായിരത്തിഒന്നുവരെ കേരളത്തിലെ പ്രശസ്തമായ നാടകസമിതികൾക്കുവേണ്ടി ജോസ് കോയിവിള കഥയെഴുതി. കൊല്ലം സർഗതചേതന, എസ്.എൽ പുരം കലാദൂത്, ചേർത്തല തപസ്യ, ആലപ്പുഴ ദീപ്തി, ആലപ്പി കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കലാസമിതികളിൽ നാടകരചനയുമായി കഴിഞ്ഞ കാലം. നാടകവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ജോസ് കോയിവിള രചിച്ചിട്ടുണ്ട്. മലയാള നാടകം 113 വർഷം പിന്നിട്ടതിൻറെ ഓർമയ്ക്കായി കേരളത്തിലെ ജീവിച്ചിരിക്കുന്നതും മൺമറഞ്ഞതുമായ 113 നാടകക്കാരെക്കുറിച്ചുള്ള പുസ്തകം തൂലികാവസന്തം ഏറെ ശ്രദ്ധയാകർഷിച്ചു. അക്ഷരമാലാ ക്രമത്തിൽ അഡ്വ.മണിലാലിൽ തുടങ്ങി ഹേമന്ദ് കുമാർ വരെയുള്ള നാടകക്കാരെക്കുറിച്ചുള്ള വിവരണങ്ങൾ മലയാളനാടകചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്ന പുസ്തകമാണ്.

ക്രൈസ്തവർ മറക്കുന്ന ബൈബിൾ, പ്രൊഫഷണൽ നാടകം മൂല്യവും ച്യുതിയും തുടങ്ങിയ പുസ്തകങ്ങളും ജോസ് കോയിവിളയുടെ സംഭാവനകളാണ്. അതേസമയം, കേരളത്തിലെ നാടകസംസ്കാരം മാഞ്ഞുപോകുന്നിടത്തുനിന്നും പ്രതീക്ഷ നൽകുന്ന കാഴ്ചകളാണ് കഴിഞ്ഞ മൂന്നു നാലു വർഷങ്ങളായി കാണുന്നതെന്നു ജോസ് വ്യക്തമാക്കുന്നു. നാടകരംഗത്ത് പുതുമുഖങ്ങൾ കടന്നുവരുന്നത് ആശാവഹമാണ്. സൌകര്യങ്ങളും സജീവമായ പ്രമേയങ്ങളുമുണ്ടെങ്കിൽ നാടക അഭിനിവേശം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.

നാട്ടിലെ പ്രഫഷണൽ നാടക പ്രവർത്തകരുടെ സന്നദ്ധസംഘടനയായ ഡ്രാമാനന്ദത്തിലെ സജീവപ്രവർത്തകനാണ് ജോസ് കോയിവിള. അവശകലാകാരൻമാർക്കു പ്രതിമാസപെൻഷനടക്കം നന്മപ്രവർത്തനങ്ങളാണ് ഈ സംഘടനയുടെ ലക്ഷ്യം. പ്രളയത്തെ അതിജീവിച്ച കേരളത്തിലെ മഹാജനതയ്ക്കുള്ള സമർപ്പണമായി മഴ ബാക്കി വച്ചത് എന്ന നാടകമാണ് ഈ വർഷം ഡ്രാമാനന്ദം സംഘടനയുടെ നേതൃത്വത്തിൽ അവതരണം തുടരുന്നത്. ഷാർജയിൽ സ്വന്തം ബിസിനസ് തിരക്കുകൾക്കിടയിലും നാടകത്തോടുള്ള അഭിനിവേശം മാറാതെ കാക്കുന്ന ഈ നാടകക്കാരനു ഒരു സ്വപ്നമുണ്ട്. ഏല്ലാ തിരക്കുകൾക്കിടയിലും മാറോടു ചേർക്കുന്ന കോയിവിളയെന്ന ഗ്രാമത്തിൻറെ നന്മകളും സംസ്കാരവും തൊട്ടറിയുന്നൊരു നോവൽ.

ജി.ശങ്കരപ്പിള്ള സ്മാരക സർഗ്ഗപ്രതിഭാ പുരസ്‌കാരം, കാക്കനാടൻ സ്മാരക പുരസ്കാരം, എൻ.എൻ.പിള്ള കലാരത്ന അവാർഡ്, കെ സി ബി സി മീഡിയ കമ്മീഷൻ സ്നേഹാദരം, ഫാദർ ബർണാഡ് മുണ്ടപ്പുളo പൗരോഹിത്യ ജൂബിലി പുരസ്‌കാരം തുടങ്ങീ നിരവധി അംഗീകാരങ്ങൾ ജോസ് കോയിവിളയെ തേടിയെത്തിയിട്ടുണ്ട്. ജീവിതത്തിൻറെ യവനികയ്ക്കു മുന്നിൽ കാലങ്ങളും ഋതുക്കളും മാറിമറിയുന്നുണ്ട്. എങ്കിലും പറമ്പിലും തെരുവുകളിലുമൊക്കെ ആരവമുയർത്തിയിരുന്ന നാടകത്തോട് എന്നും പ്രണയത്തിലാണ് പ്രവാസലോകത്തും കലയെ കൈവിടാത്ത ഈ കലാകാരൻ.  

നാടകത്തോടുള്ള അഭിനിവേശം കാരണം ജോലി പോലും ഉപേക്ഷിച്ചു നാടകക്കാരായവർക്കു സർക്കാരുകളുടെ പിന്തുണയും പരിഗണനയും നൽകണമെന്നും നാടകപ്വർത്തകരുടെ പ്രതിനിധിയായി ജോസ് കോയിവിള ആവശ്യപ്പെടുന്നു. 

MORE IN GULF THIS WEEK
SHOW MORE