നാടൻ പാട്ടിൻറെ താളവും ശീലുകളും; ചങ്ങാത്തം

song
SHARE

നാട്ടിലുപേക്ഷിച്ചു പോകാൻ തയ്യാറായിരുന്നില്ല നാടൻ പാട്ടിൻറെ താളവും ശീലുകളും. പ്രവാസിമലയാളികളുടെ നാടൻ പാട്ടുസംഘമാണ് ചങ്ങാത്തം. ഒമാനിലെ വേദികളിൽ കേരളത്തനിമ ആഘോഷമാക്കുന്ന ചങ്ങാത്തത്തിൻറെ കാഴ്ചകളും വിശേഷങ്ങളും കാണാം ഇനി. 

പ്രവാസലോകത്തു കേരളത്തനിമ പുനർജനിക്കുന്ന കാഴ്ചകളൊരുക്കുകയാണ് ചങ്ങാത്തം. അഞ്ചുവർഷമായി മസ്ക്കറ്റിലെ പ്രവാസികൾക്കിടയിലെ സജീവസാന്നിധ്യം. കേരളത്തിലെ ഗ്രാമങ്ങളെ ഓർമിപ്പിക്കും വിധം ദൃശ്യാവിഷ്‌കാരവും ശബ്ദവുമെല്ലാം വേദികളിലേക്കു പകരുകയാണ് ചങ്ങാത്തമെന്ന ഈ കൂട്ടായ്മ. നാടൻപാട്ടിനൊപ്പം, തെയ്യവും, കുമ്മാട്ടികളിയും, പടയണിയുമെല്ലാം ഒത്തുചേരുന്ന സാംസ്കാരികത്തനിമയുടെ നിറവ്.

വിവിധ ജില്ലക്കാരായ നാൽപ്പതോളം പ്രവാസി കലാകാരൻമാരാണ് ചങ്ങാത്തം മസ്കറ്റിലെ അംഗങ്ങള്‍. നാടൻപാട്ടിനെയും കലകളെയും സ്‌നേഹിക്കുന്ന പാട്ടുകാരെ തേടി, കണ്ടെത്തിയാണ് ചങ്ങാത്തമെന്ന കൂട്ടായ്മയിലേക്കു ക്ഷണിക്കുന്നത്. വീട്ടമ്മമാരടക്കമുള്ളവർ സജീവഅംഗങ്ങളാണ്. വാരാന്ത്യങ്ങളിലാണ് പരിശീലനം. തിരക്കൊഴിയുമ്പോൾ ചെറുകൂട്ടങ്ങളായി പരിശീലനം നടത്തുന്നവരുമുണ്ട്. ആളും ആരവങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമാണ് പരിശീലനക്കളരികൾ.

പ്രവാസത്തിലെ ജീവിതത്തിരക്കുകൾക്കിടയിലും അൻപതിലധികം വേദികൾ പിന്നിട്ടുകഴിഞ്ഞു ചങ്ങാത്തം. ഒമാനിലെ വിവിധ സംഘടനകളിലേയും കുടുംബ വേദികളിലേയും സ്ഥിരസാന്നിധ്യം. കുറഞ്ഞസമയം കൊണ്ടുതന്നെ കേരളത്തിൻറെ തനിമയും അന്തരീക്ഷവും മരുഭൂമിയിയുടെ മണ്ണിൽ നിറയ്ക്കുകയാണ് പേരിലും സൌഹൃദമുള്ള ഈ കൂട്ടായ്മ.

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഒമാനിലെത്തിയ കലാകാരൻമാരുടെ കൂട്ടായ്മകൂടിയാണ് ചങ്ങാത്തം. ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായ സംഘം. വേദികളിൽ പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം സംഗീത വീഡിയോ ആൽബവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.

ജീവിതത്തിരക്കിനിടയിലും സംഗീതവും കലകളും നിറഞ്ഞ കേരളത്തനിമയെ കൈവിടാതെ കാക്കുകയാണ് ചങ്ങാത്തം. വരും കാലങ്ങളിൽ പുതിയ തലമുറയെ കൂടെച്ചേർത്തുകലാരംഗം കൂടുതൽ സജീവമാക്കാനൊരുങ്ങുകയാണിവർ.

പ്രവാസത്തിലാണെങ്കിലും കഴിവുകൾ കുഴിച്ചുമൂടാതിരിക്കട്ടെ. അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയെന്ന ഓർമപ്പെടുത്തലോടെ ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുകയാണ്. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കാം ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും. അറിയിക്കേണ്ട വിലാസം

MORE IN GULF THIS WEEK
SHOW MORE