സ്പെഷ്യൽ ഒളിംപിക്സ് ലഹരിയിൽ അറബ് ലോകം

gulf-thisweek
SHARE

ആദ്യമായി ഗൾഫ് മേഖലയിലെത്തിയ സ്പെഷ്യൽ ഒളിംപിക്സ് ലഹരിയിലാണ് അറബ് ലോകം. അതിജീവനത്തിൻറെ മുഖമാണ് സ്പെഷ്യൽ ഒളിംപിക്സ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഒളിംപിക്സിനെക്കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളും കൂടി ഉൾപ്പെടുത്തിയ ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്കു സ്വാഗതം.

നൂറ്റിതൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലധികം പ്രതിഭകളാണ് സ്പെഷ്യൽ ഒളിംപിക്സിൽ മാറ്റുരയ്ക്കുന്നത്. നിശ്ചയദാർഡ്യത്തിൻറെ പ്രതീകമായ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മൽസരങ്ങൾക്കായി യു.എ.ഇ മനോഹരമായ ഒരുക്കങ്ങാളാണ് നടത്തിയിരിക്കുന്നത്. സ്പെഷ്യൽ ഒളിംപിക്സിൻറെ കാഴ്ചകളും വിശേഷങ്ങളുമാണ് ആദ്യം പങ്കുവയ്ക്കുന്നത്.

അറബ് മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന സ്പെഷ്യൽ ഒളിംപിക്സ് ചരിത്രസംഭവമാക്കുകയെന്ന നിയോഗത്തിലാണ് യു.എ.ഇ ജനത. 190ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിഅഞ്ഞൂറിലധികം കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന 24 ഇനങ്ങളിലാണ് മൽസരങ്ങൾ. വിവിധകാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ  ലോകത്തോടു ചേർത്തുനിർത്തുകയാണ് യു.എ.ഇ. 

അബുദാബിയില്‍ ഏഴും ദുബായിൽ രണ്ടും വേദികളിലായാണ് മത്സരം.  ആതിഥേയരായ യുഎഇയാണ് കായികമേളയിൽ ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നത്. അത്ലെറ്റിക്സ്, ബാഡ്മിൻറൺ, ബീച്ച് വോളിബോൾ, സൈക്ളിങ്, ഫുട്ബോൾ, ഗോൾഫ്, ജൂഡോ, കയാക്കിങ്, പവർ ലിഫ്റ്റിങ്, സ്കേറ്റിങ്, നീന്തൽ, ടേബിൾ ടെന്നിസ്, വോളിബോൾ തുടങ്ങി ജനപ്രിയ ഇനങ്ങളിലെല്ലാം നിശ്ചയദാർഡ്യത്തിൻറെ പ്രതീകമായ പ്രതിഭകൾ മാറ്റുരയ്ക്കുന്നു. നിശ്ചയദാർഡ്യക്കാർക്കു ലോകത്തോടുള്ള സന്ദേശം പ്രതിഫലിക്കുകയാണ് വേദികൾ. 

ഈ വര്‍ഷം യുഎഇയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായാണ് സ്പെഷ്യൽ ഒളിപിക്സിനെ ഈ ജനത അവതരിപ്പിക്കുന്നത്. ഏഴ് എമിറേറ്റുകളുടെ സംസ്കാരത്തെ ലോകത്തിന് പരിചയപെടുത്തുന്നതിനുള്ള  വേദിയായി മാറിക്കഴിഞ്ഞു ഒളിംപിക്സ്. ഒളിംപിക്സിൻറെ ജന്മഗേഹമായ ഏതൻസിൽ നിന്നും പ്രത്യേക വിമാനത്തിൽ അബുദബിയിലെത്തിച്ച പ്രതീക്ഷയുടെ തിരിനാളമെന്ന ദീപശിഖ ഏഴു എമിറേറ്റുകളിലും പ്രചരണത്തിനു ശേഷമാണ് രാജ്യതലസ്ഥാനത്തെത്തിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും അബുദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നു അബുദബിയിൽ ദീപശിഖ തെളിയിച്ചു.

ഏറ്റവും മികച്ച ഒരുക്കങ്ങളാണ് യു.എ.ഇ സ്പെഷ്യൽ ഒളിംപിക്സിനായി ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള വേദികൾ, കായികപ്രതിഭകൾക്കും പരിശീലകർക്കും കൂടെയുള്ളവർക്കും ഏറ്റവും മികച്ച സൌകര്യങ്ങൾ, സുരക്ഷ, ആരോഗ്യപരിപാലനം അങ്ങനെ എല്ലാ മേഖലകളിലും സമ്പൂർണമികവോടെയാണ് യു.എ.ഇ ഒളിംപ്ക്സിന് ആതിഥേയത്വം വഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 7500 മത്സരാർഥികൾക്കും സ്മാർട്ട് ഫിറ്റ്‌നസ് വാച്ചുകൾ നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് അടക്കമുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയുന്നത് മത്സരാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. കായികമത്സരങ്ങൾക്കൊപ്പം കലയുടെ വസന്തത്തിനും അബുദബി സാക്ഷിയാവുകയാണ്. എമിറേറ്റ്സ് പാലസിൽ നടക്കുന്ന പ്രദർശനത്തിൽ ഫോട്ടോഗ്രാഫുകൾ, ചിത്രരചനകൾ, ശില്പങ്ങൾ, മറ്റ് കലാസൃഷ്ടികൾ എന്നിവ സന്ദർശകർക്ക് ആസ്വദിക്കാം. സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസും അബുദാബിയിലെ അമേരിക്കൻ എംബസിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഭിന്നശേഷിക്കാർക്ക് പരിഗണന നൽകുന്നതിൽ എന്നും മുന്നിലാണ് യു.എ.ഇ. പാർക്കുകളിലും പോതു ഇടങ്ങളിലുമെല്ലാം പ്രത്യേക പരിഗണനയും സൌജന്യവും ഭിന്നശേഷിക്കാർക്ക് അനുവദിച്ചിട്ടുണ്ട്. കാഴ്ചയില്ലാത്തവരെ പരിഗണിച്ചു മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രത്യേക പാത, ഓഫീസുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്വകാര്യ, പൊതു സ്ഥലങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്കു പ്രത്യേക പാർക്കിങ് സൌകര്യം നിർബന്ധമാണ്. ഭിന്നശേഷിക്കാരെന്ന വാക്കു യു.എ.ഇ ഉപയോഗിക്കാറില്ല എന്നതും കൌതുകവും പ്രചോദനവുമാണ്. നിശ്ചയദാർഡ്യക്കാരെന്ന പദമാണ് ഇവരെ വിശേഷിപ്പിക്കാൻ യു.എ.ഇ ഉപയോഗിക്കുന്നത്. രണ്ടായിരത്തി പതിനേഴിൽ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഈ വാക്ക് ഉപയോഗിക്കണമെന്നു നിർദേശിച്ചത്. അങ്ങനെ നിശ്ചയദാർഡ്യക്കാരായ പ്രതിഭകൾക്കു പൂർണ പിന്തുണയുമായാണ് ഒരാഴ്ച നീളുന്ന എല്ലാത്തരത്തിലും സ്പെഷ്യലായ ഒളിംപിക്സ് അരങ്ങേറുന്നത്.

കേരളത്തിൽ നിന്നടക്കം ഇരുന്നൂറ്റിഎഴുപതോളം കായികപ്രതിഭകളാണ് സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അത്ലറ്റിക്സ്, വോളിബോൾ അടക്കം ജനപ്രിയ ഇനങ്ങളിലെല്ലാം ഇന്ത്യയിൽ നിന്നുള്ല താരങ്ങൾ മൽസരിക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങളുടെ വിശേഷങ്ങളും വാർത്തകളുമാണ് ഇനി കാണുന്നത്.

യു.എ.ഇയിൽ സ്പെഷ്യൽ ഒളിംപിക്സിൽ മിന്നിത്തിളങ്ങാൻ കേരളത്തിൽ നിന്നടക്കം 289 കായികപ്രതിഭകളാണ് അബുദബിയിലെത്തിയിരിക്കുന്നത്. എഴുപതു പരിശീലകരും സഹായികളുമടക്കം 389 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ആതിഥേയ രാഷ്ട്രമായ യു.എ.ഇ കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങൾ ഇന്ത്യയിൽ നിന്നാണ്. ഇരുപത്തിനാലിനങ്ങളിൽ പതിനാലിലും ഇന്ത്യൻ പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്.

ഏറെ പ്രതീക്ഷകളോടെയാണ് പ്രതിഭകൾ കളത്തിലിറങ്ങുന്നത്. ഇരുപത്തെട്ടു താരങ്ങളാണ് കേരളത്തിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പത്തു സ്വർണമടക്കം അൻപതിലേറെ മെഡലുകൾ കേരളത്തിന്റെ സംഭാവനയാകുമെന്നാണ് പ്രതീക്ഷ. സൈക്ലിങ്, നീന്തൽ,പെൺകുട്ടികളുടെ വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് ഇനങ്ങളിലാണ് കേരളത്തിലെ താരങ്ങളിലൂടെ സ്വർണം ലഭിക്കുമെന്നാണ് പരിശീലകരുടെ പ്രതീക്ഷ.

ഏറ്റവും മികച്ച താരങ്ങൾ ഉൾപ്പെട്ട മികച്ച ടീമാണ് ഇന്ത്യയുടേതെന്നാണ് ഗ്രീസ്, ഓസ്ട്രേലിയ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നാലു വിഭാഗങ്ങളുടെ പരിശീലകയായി ടീമിനൊപ്പമുള്ള സിസ്റ്റർ റാണിയുടെ സാക്ഷ്യം. .റോളർ സ്കേറ്റിങ്, ബാഡ്മിന്റൻ കോച്ച്, ടേബിൾ ടെന്നിസ്, സൈക്ലിങ് എന്നിവയുടെ പരിശീലകയാണ് കുറവിലങ്ങാട് സ്വദേശിയായ സിസ്റ്റർ റാണി.

കേരള താരങ്ങൾ കൂടി ഉൾപ്പെട്ട ബാസ്ക്കറ്റ് ബോൾ ടീമിനു മികച്ച നേട്ടം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീമംഗവും എറണാകുളം സ്വദേശിയുമായ ആതിര. എറണാകുളം സ്വദേശി ജ്യോതി, ഇടുക്കി സ്വദേശി റിൻസി എന്നവരും ബാസ്ക്കറ്റ് ബോൾ മൽസരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങും.

ബാസ്ക്കറ്റ് ബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള അഭിലാഷ്, ടോണി ഇവരും ഇന്ത്യയെ പ്രതിനിധീകരിക്കും. സ്പെഷൽ ഒളിംപിക്സിൽ മെഡലുകളുടെ എണ്ണത്തിൽ ഇത്തവണ ഇന്ത്യ റെക്കോർഡിഡുമെന്നാണ് പരിശീലകരുടെയും പ്രതിഭകളുടേയും പ്രതീക്ഷ. മുന്നൂറിലധികം മെഡലുകളുമായി ഇന്ത്യ മുന്നേറുമെന്നാണ് പ്രതീക്ഷയെന്നു നാഷണൽ സ്പോർട്സ് ഡയക്ടർ വിക്ടർ.ആർ.വാസ് പറയുന്നു.

കൃത്യമായ പരിശീലനവും അതുവഴിയുള്ള ആത്മവിശ്വാസവുമാണ് ഇന്ത്യയുടെ കരുത്ത്. മാസങ്ങളുടെ പരിശീലനത്തിനു ശേഷമാണ് ടീം അബുദബിയിലെത്തിയത്. ഓസ്ട്രേലിയയിൽ രണ്ടായിരത്തിപതിനേഴിൽ നടന്ന വേൾഡ് ഗെയിംസിൽ മുപ്പത്തിയാറു സ്വർണവും പത്തു വെള്ളിയും ഇരുപത്തിയാറു വെങ്കലവും ഉൾപ്പെടെ എഴുപത്തിമൂന്നു സമ്മാനങ്ങളാണ് കരസ്ഥമാക്കിയത്. ഇത്തവൻ അതിൽക്കൂടുതൽ മെഡലുകൾ കിട്ടുമെന്നാണ് ടീമിൻറെ പ്രതീക്ഷ.

അബുദാബിയിലും ദുബായിലുമായി താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ ആവേശത്തോടെ പ്രവാസി ഇന്ത്യക്കാരും കാണികളായി ഗ്യാലറികളിലുണ്ടാകും.

ദുബായുടെ ചരിത്രം പരിചയപ്പെടാനും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടു ഇരുപത്തിയേഴു മ്യൂസിയങ്ങൾ ഒരുങ്ങുന്നു. ഇതിൽ ആദ്യത്തെ രണ്ടു മ്യൂസിയങ്ങൾ പോയവാരം ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായിലെ ചരിത്രപ്രാധാന്യമേറിയ ക്രിക്കിനു സമീപമുള്ള ഈ മ്യൂസിയങ്ങളുടെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

തേംസ് നദി ലണ്ടനിനും നൈൽ നദി കെയ്റോയ്ക്കും സെയിൻ നദി പാരിസിനും നൽകിയ ചരിത്രസംഭാവനകളോളം പ്രിയപ്പെട്ടതാണ് ദുബായ് നഗരത്തിനു ക്രീക്ക് ജലപാത. ദുബായ് നഗരത്തിൻറെ വാണിജ്യ പാര സാംസ്കാരിക വളർച്ചയുടെ മുഖ്യസാക്ഷി. ദുബായ് നഗരത്തെ രണ്ടായി വിഭജിക്കുന്ന പതിനാലു കിലോമീറ്ററോളം കരയിലേക്കു കയറി നിൽക്കുന്ന ജലപാതയാണ് ദുബായ് ക്രീക്ക്. ദുബായുടെ ചരിത്രവും സംസ്കാരവുമുറങ്ങുന്ന തീരം. 

ബി.സി മൂവായിരം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ചരിത്രം ദൃശ്യസാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് ദുബായ് ക്രീക്ക് ഹൌസ് മ്യൂസിയം. മരുഭൂമിയിൽ അപരിഷ്കൃതരായി കഴിഞ്ഞ ജനത എങ്ങനെ വികസനത്തിൻറെ നെറുകയിലെത്തിയെന്നു പരിചയപ്പെടുത്തുന്ന കാഴ്ചകൾ.

ദുബായുടെ കഥ പറയുന്ന പഴയ ചിത്രങ്ങൾ ഉൾപ്പെടെ നൂറ്റൻപതോളം പൗരാണിക വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന പൌരാണിക വസ്തുക്കളും പഴയ വസ്ത്രങ്ങളുമെല്ലാം നേരിട്ടു കാണാം. ഒരുമിച്ചു കൂടാൻ മജ്ലിസുകളും, വസ്ത്രങ്ങളും നിത്യോപോഗ സാധനങ്ങളും വാങ്ങാനുള്ള സൂക്കുകളും പഴമകളോടെ വിഡിയോ ദൃശ്യങ്ങളായി കൺമുന്നിലെത്തുന്ന കാഴ്ച.

ക്രീക്കിനു സമീപത്തു നിന്നും ദുബായ് വളർന്ന കാഴ്ചകൾ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1960കളിൽ സ്ഥാപിതമായ റാഷിദ് തുറമുഖം, 1797ൽ നിർമിച്ച അൽ ഫഹ്ദി തുറമുഖം, 1962ലെ അൽ മക്തും പാലം, 1950കളിൽ തുടങ്ങിയ വൈദ്യുതിവൽക്കരണം, 1954ൽ സ്ഥാപിതമായ ദുബായ് മുനിസിപ്പാലിറ്റി, 1963ൽ തുടങ്ങിയ ദുബായ് നാഷണൽ ബാങ്ക് ഉൾപ്പെടെ ദുബായുടെ സാംസ്കാരിക വിദ്യാഭ്യാസ സാമ്പത്തിക ഭൂമിശാസ്ത്രപരമായ വളർച്ചകളുടെ ദൃശ്യാവിഷ്കാരമാണ് ക്രിക്ക് ഹൌസിൽ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ക്രീക്ക് ഹൌസിനു തൊട്ടടുത്തു ജലപാതയ്ക്കു സമീപമായാണ് ദുബായ് പെർഫ്യൂം ഹൌസ്. അറേബ്യൻ സംസാകാരത്തിൻറെ ഭാഗമായ സുഗന്ധദ്രവ്യങ്ങൾ നേരിട്ടുകാണാനും സ്വന്തമാക്കാനുമുള്ള അവസരം. അയ്യായിരം കൊല്ലത്തിലധികമുള്ള സുഗന്ധ വ്യാപാര ചരിത്രവും വിവിധ ദേശങ്ങളിലേക്ക് അതു പടർന്ന വഴികളും ഇവിടെ പരിചയപ്പെടാം. സ്പേം വെയ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസിൽ നിന്നുള്ള ആംബർ, കസ്തൂരി മാൻ, വെരുക് എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കസ്തൂരി, ഊദ് മരത്തിൻറെ തടി വാറ്റിയുണ്ടാക്കുന്ന ഊദ് തുടങ്ങിയവ ഇവിടെ അനുഭവിച്ചറിയാനാകും.

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളോടെയാണ് മ്യൂസിയം കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ഒപ്പം സുഗന്ധ ദ്രവ്യങ്ങൾ അറബ് നാട്ടിലേക്കും ഇവിടെ നിന്നു മറ്റുരാജ്യങ്ങളിലേക്കും സഞ്ചരിച്ച കഥകളും പരിചയപ്പെടാം. 

ദുബായ് മുനിസിപ്പാലിറ്റി, ദുബായ് കലാ സാംസ്കാരിക അതോറിറ്റി, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്രീക്ക് ഷിന്ദഗയിൽ 155 ഹെക്ടറിൽ രണ്ടായിരത്തിഇരുപതോടെ 25 മ്യൂസിയങ്ങൾ നിർമിക്കുന്നത്. ലൈഫ് ഓഫ് സീ, ലൈഫ് ഓൺ ലാൻഡ്, ചിൽഡ്രൻസ് പവിലിയൻ, അൽ മക്തൂം ഹൗസ്, കമ്യൂണിറ്റി ഹാൾ തുടങ്ങി ഒട്ടേറെ പ്രമേയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും മ്യൂസിയങ്ങൾ. പതിനഞ്ചു ദിർഹമാണ് രണ്ടു മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന നിരക്കു. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൌജന്യമാണ്.

ഇന്ത്യയുടേയും യു.എ.ഇയുടേയും ബന്ധത്തിൻറെ നേർസാക്ഷ്യമായി അബുദബിയിൽ സായിദ് ഗാന്ധി ഡിജിറ്റൽ മ്യൂസിയം. ഇരുരാജ്യങ്ങളുടേയും രാഷ്ട്രപിതാക്കൻമാരുടെ പേരിലുള്ള മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സായിദ് ഗാന്ധി മ്യൂസിയത്തിലെ കാഴ്ചകളാണ് ഇനി പരിചയപ്പെടുന്നത്.

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തിൻറേയും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ജന്മശതാബ്ദിയുടേയും പശ്ചാത്തലത്തിലാണ് മ്യൂസിയം ആരംഭിച്ചത്. ജനതകളുടെ നന്മയ്ക്കായി സമർപ്പിച്ച ജീവിതങ്ങളെ ഓർമപ്പെടുത്തുന്ന കാഴ്ചകൾ പരിചയപ്പെടുത്തുകയാണിവിടം.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഇരുനേതാക്കളും ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ പ്രദർശനത്തിൽ കാണാം. അബുദബിയിൽ മനാറത് അൽ സാദിയത്തിൽ ഗാന്ധിയുടെയും സായിദിന്റെയും സമാനമായ ആശയങ്ങളെ ആറ് വിഭാഗങ്ങളാക്കി തിരിച്ചാണ് മ്യൂസിയം നിർമ്മിച്ചത്. ഇന്ത്യയും യു.എ.യിലും തമ്മിൽ കാലങ്ങളായി തുടരുന്ന സാംസ്കാരിക നയതന്ത്ര ബന്ധം മ്യൂസിയത്തിലെത്തുന്നവർക്ക് കൈമാറുകയാണ് ലക്ഷ്യം.

ദൃശ്യസാങ്കേതിക വിദ്യയുടെ അതിനൂതന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയിരിക്കുന്ന മ്യൂസിയം പുതുതലമുറയ്ക്ക് ആകർഷകമാകും. സഹിഷ്ണുത, സഹവർത്തിത്വം, ജീവകാരുണ്യം, വനിതാ ശാക്തീകരണം, മതസൌഹാർദം, പരിസ്ഥിതി സൌഹൃദ വികസനം തുടങ്ങിയവയ്ക്ക് ഇരുനേതാക്കളും നൽകിയ സംഭാവനകളും അവരുടെ വചനങ്ങളും അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

യു.എ.ഇ സാംസ്കാരിക, വൈജ്ഞാനിക വികസന മന്ത്രാലയവും ഡൽഹിയിലെ മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയവും സഹകരിച്ചാണ് സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം യാഥാർഥ്യമാക്കിയത്. ക്വിറ്റ് ഇന്ത്യാ സമരം, ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം തുടങ്ങിയ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപ്രധാന ഏടുകളും ഹിംസയ്ക്കെതിരെ നടത്തിയ പരിസ്ഥിതി സൌഹൃദ സമരമുറകളും സന്ദേശങ്ങളും പ്രദർശനത്തിൽ കാണാം. യു.എ.യിലെ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ഈ രാജ്യം മുറുകെപ്പിടിക്കുന്ന സഹിഷ്ണുതാ ആശയങ്ങളാണ് മ്യൂസിയം മുന്നോട്ട് വെക്കുന്നത്. 

അബുദബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ചർക്കയും മ്യൂസിയത്തിൻറെ ഭാഗമാണ്. മ്യൂസിയത്തിന്റെ ആദ്യഘട്ടം ഡിസംബർ നാലിന് ഇന്ത്യയുടെയും യുഎഇയുടെയും വിദേശകാര്യമന്ത്രിമാരായ സുഷ്മ സ്വരാജും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാനും ചേർന്ന് ഉദ്ഘാടനം നടത്തിയിരുന്നു.

MORE IN GULF THIS WEEK
SHOW MORE