ഭീകരതയ്ക്കെതിരെ ഒപ്പമുണ്ടാകും; ഉറപ്പുനൽകി സൗദി കിരീടാവകാശി

saudi-prince-in-india
SHARE

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ ആദ്യ ഇന്ത്യാ സന്ദർശനം ലോകശ്രദ്ധയാകർഷിച്ചു. പുൽവാമയിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലുള്ള സന്ദർശനത്തിൽ വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സന്ദർശനത്തിൻറെ വിശദവിവരങ്ങൾ കാണാം ഇനി.

സൌദി കിരീടാവകാശിയുടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയത് പാക്കിസ്ഥാനിൽ നിന്നായിരുന്നു. പാക് സന്ദർശനത്തിൽ ഇരുപതു ബില്യൺ ഡോളർ നിക്ഷേപപദ്ധതി പ്രഖ്യാപിച്ച മുഹമ്മദ് ബിൻ സൽമാൻ, റിയാദിലേക്ക് മടങ്ങിയശേഷമാണ് ഡൽഹിയിലേക്കു തിരിച്ചത്. വിമാനത്താവളത്തിലെത്തിയ സൽമാൻ രാജകുമാരനെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആലിംഗനം ചെയ്തു സ്വീകരിച്ചു.

പത്തൊൻപതിനു രാവിലെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക സ്വീകരണം നൽകി. പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരെ സൌദി കിരീടാവകാശി എന്തു നിലപാടു പറയുമെന്നത് നിർണായകമായിരുന്നു. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നായിരുന്നു സൗദി കിരീടാവകാശി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുളള സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത സൗദി അറേബ്യ, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി അറിയിച്ചു. പുല്‍വാമയോ പാകിസ്താനോ പരാമര്‍ശിച്ചില്ലെങ്കിലും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണയാണ് സൌദി കിരീടാവകാശിയുടെ ഭാഗത്തുനിന്നുമുണ്ടായത്.

ഭീകരവാദം എത്ര വലിയ ഭീഷണിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് പുല്‍വാമ ഭീകരാക്രമണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഭീകരരെ സഹായിക്കുന്നവരെ എല്ലാ രംഗത്തും ഒറ്റപ്പെടുത്തണമെന്നും മോദി വ്യക്തമാക്കി.

രണ്ടു സുപ്രധാന പ്രഖ്യാപനത്തിനാണ് സൌദി കിരീടാവകാശിയുടെ സന്ദർശനം സാക്ഷിയായത്. സൌദി ജയിലിൽ കഴിയുന്ന 850 തടവുകാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന പ്രകാരം തീരുമാനമായി. നിലവില്‍ മലയാളികളുൾപ്പെടെ 2884 ഇന്ത്യന്‍ തടവുകാര്‍ സൌദി അറേബ്യയിലെ വിവിധ ജയിലുകളിലായി ഉണ്ടെന്നാണ് കേന്ദ്രവിദേശകാര്യം മന്ത്രാലയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്താനുള്ള തീരുമാനവും മലയാളികളടക്കമുളളവർക്ക് സഹായകരമാകും. നിലിവൽ ഒരുലക്ഷത്തിഎഴുപത്തയ്യായിരം പേർക്കായിരുന്നു ഹജ്ജിനു പോകാൻ അവസരം. സൌദി അറേബ്യയുടെ വൻ നിക്ഷേപപ്രഖ്യാപനത്തിനും ഡൽഹി സാക്ഷിയായി. ഇന്ത്യയിൽ നൂറു ബില്യൺ ഡോളറിൻറെ നിക്ഷേപപദ്ധതികൾ സൌദി നടത്തും. ഊർജം, പെട്രോളിയം, അടിസ്ഥാന സൌകര്യ വികസനം, കൃഷി തുടങ്ങി അഞ്ചു രംഗങ്ങളിലാണ് നിക്ഷേപപദ്ധതികൾ.

സൌദി കിരീടാവകാശിക്കൊപ്പം മന്ത്രിമാരും നാൽപ്പതംഗ വ്യവസായ സംഘവും ഡൽഹിയിലെത്തിയിരുന്നു. വിവിധ വ്യവസായികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ബിസിനസ് ഫോറവും സംഘടിപ്പിച്ചു. രാഷ്ട്രപതിഭവനിലെ അത്താഴവിരുന്നിനു ശേഷം സൽമാൻ രാജകുമാരൻ ചൈനയിലേക്കു മടങ്ങി. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ നാലാം സ്ഥാനത്താണ് സൗദി. മുൻവർഷത്തെ അപേക്ഷിച്ച് 2017–18 ൽ ഉഭയകക്ഷി വ്യാപാരത്തിൽ 10% വർധനയുണ്ടായി. നൂറു ബില്യൺ ഡോളറിൻറെ നിക്ഷേപപദ്ധതികൾ ഇന്ത്യയിലെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാകും. അതിലുപരി, സൌദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനും കൂടുതൽ ശക്തിപകർന്നു.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.