ലോകകേരളസഭ; പ്രവാസികൾക്കായുള്ള ക്ഷേമപദ്ധതികളുമായി മുഖ്യമന്ത്രി

cm-at-lokkeralasabha
SHARE

ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കുള്ള ക്ഷേമപദ്ധതികളും നവകേരള നിർമിതിക്കും വികസനത്തിനും പ്രവാസികളെ പരിഗണിക്കുന്ന പദ്ധതികളുമാണ് ലോകകേരള സമ്മേളനത്തിൽ ചർച്ചയായത്. മേഖലാസമ്മേളനത്തിൻറെ വിശദാംശങ്ങളാണ് ആദ്യം. 

ലോക കേരളസഭയുടെ രണ്ടു ദിവസം നീണ്ട മേഖലാ സമ്മേളനമായിരുന്നു നാലുദിവസത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ട. പതിനഞ്ച്, പതിനാറു തീയതികളിൽ ദുബായ് ഇത്തിസലാത്ത് അക്കാദമിയിലായിരുന്നു സമ്മേളനം. ആദ്യദിവസം രാവിലെ എഴുത്തുകാരൻ ബെന്യാമിൻ, തൊഴിൽ മേഖല വിദഗ്ധൻ വിനയ് ചന്ദ്രൻ എന്നിവർ നയിച്ച ചർച്ചകളോടെ സമ്മേളനം തുടങ്ങി. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസിവനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ലക്ഷ്യമിട്ടു നോർക്കയുടെ നേതൃത്വത്തിൽ എൻ.ആർ.ഐ വനിതാ സെല്ലുകൾ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

വ്യവസായികളായ എം.എ.യൂസഫലി, ആസാദ് മൂപ്പൻ, രവി പിള്ള എഴുത്തുകാരൻ ബെന്യാമിൻ, വിദ്യ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഏഴു ഉപസമിതികൾ സമർപ്പിച്ച 48 നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പത്തെണ്ണമാക്കിയാണ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ അവതരിപ്പിച്ചത്. നിക്ഷേപങ്ങൾ, ക്ഷേമപദ്ധതികൾ, നൈപുണ്യ വികസനം, കലാസാംസ്കാരികം എന്നിങ്ങനെ പ്രധാന നാലുവിഭാഗങ്ങളിലെ ശുപാർശകളിൻമേലായിരുന്നു ചർച്ചകൾ. നിക്ഷേപ മേഖലയിൽ പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി സഹകരണ സൊസൈറ്റി, പ്രവാസി ബാങ്ക്, പ്രവാസി നിർമാണ കമ്പനി എന്നിവയായിരുന്നു നിർദേശങ്ങൾ.

പ്രവാസി വനിതാ സെൽ, മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, പ്രീ എംബാർക്ക്മെന്റ് ഓറിയന്റേഷൻ എന്നിവയാണ് പ്രധാനക്ഷേമപദ്ധതികളായി അവതരിപ്പിക്കപ്പെട്ടത്. നൈപുണ്യവികസനത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരണം, ഇന്റർനാഷനൽ മൈഗ്രേഷൻ സെന്റർ എന്നിവയും പ്രധാനനിർദേശങ്ങളായി പരിഗണിച്ചു. പ്രവാസി യുവകലോത്സവം പ്രവാസികൾക്കായി പ്രസിദ്ധീകരണങ്ങൾ എന്നിവ പ്രവാസികളുടെ കലാ സാംസ്കാരിക വളർച്ചയ്ക്കുള്ള പദ്ധതികളായി അവതരിപ്പിക്കപ്പെട്ടു.

ജോലി അവസാനിപ്പിച്ചു മടങ്ങിപ്പോകുന്ന മലയാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നൽകണമെന്ന നിർദേശം ഡോ.ആസാദ് മൂപ്പൻ അധ്യക്ഷനായ സമിതി മുന്നോട്ടുവച്ചു. പത്തു കടുത്ത രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ കവർ ചെയ്യാൻ പറ്റുന്ന ഇൻഷുറൻസ് വേണമെന്ന നിർദേശം പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നതാണെന്നു എം.എ യൂസഫലി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. അതേസമയം, ഇടതുസർക്കാർ അധികാരത്തിലേറിയപ്പോൾ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച എയർ കേരള വിമാന സർവീസ് പദ്ധതി പുനരാലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് പ്രവാസികൾ സ്വീകരിച്ചത്.

ഇത്തിസലാത്തിൽ നടന്ന പൊതുസമ്മേളനത്തിനിടെ മുഖ്യമന്ത്രി രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കു പരാതികൾ നേരിട്ടറിയ്ക്കാൻ കോൾ സെൻറർ സംവിധാനം നോർക റൂട്സിനറെ നേതൃത്വത്തിൽ തുടങ്ങിയത്. 00 91 88 02 01 23 45 എന്ന നമ്പരിലേക്ക് വിളിച്ച് പ്രവാസിമലയാളികൾക്കു പരാതികൾ നേരിട്ടു അറിയിക്കാം. സർക്കാർ സേവനങ്ങളിലെ കാലതാമസം, നോർക്കയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം കോൾ സെൻററിലൂടെ അറിയാം.  ഇരുപത്തിനാലു മണിക്കൂറും ലോകത്തിൻറെ ഏതു ഭാഗത്തുനിന്നു വിളിച്ചാലും വിവരങ്ങളറിയാനാകും. വിദേശങ്ങളിലെ ജോലി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക വെബ് പോർട്ടലും ആരംഭിച്ചു. 

അതേസമയം, കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭാ സമ്മേളനത്തിലെ തീരുമാനങ്ങളിൽ പലതും നടപ്പിലാക്കിയിട്ടില്ലെന്നും ആരോപണമുയർന്നു. നടപ്പു സാമ്പത്തിക വർഷം പ്രവാസി ക്ഷേമത്തിനും പദ്ധതികൾക്കുമായി അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ലെന്നു കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ കെ.സി.ജോസഫ് പറഞ്ഞു.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ പി.ജെ.ജോസഫ്, പി.കെ.ബഷീർ, ടി.വി. ഇബ്രാഹിം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ജി.സി.സി രാജ്യങ്ങളിലേയും മറ്റു മേഖലകളിലേയും ലോക കേരള സഭാ അംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൻറെ വിവിധ ഘട്ടങ്ങളുടെ ഭാഗമായി. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.