അബുദബിയിൽ പ്രതിരോധ പ്രദർശനം; ആയുധങ്ങൾ പരിചയപ്പെടാം

defence-expo
SHARE

പ്രതിരോധരംഗത്തെ നവീന ആശയങ്ങളും ആയുധങ്ങളും പരിചയപ്പെടുത്തി അബുദബിയിൽ പ്രതിരോധ പ്രദർശനം. ആയിരത്തിലധികം പ്രതിരോധആയുധ കമ്പനികളാണ് പ്രദർശനത്തിൻറെ ഭാഗമായത്. അപൂർവമായ ആ കാഴ്ചകളാണ് ഇനി കാണുന്നത്.

ശാസ്ത്രത്തിന്റെ സംരക്ഷണവും സംഹാരവും ഒരു വേദിയിൽ അവതരിപ്പിക്കുകയാണ് അബുദബിയിലെ രാജ്യാന്തര പ്രതിരോധ പ്രദർശനമായ ഐഡക്സ് 2019. പ്രതിരോധത്തിനുള്ള നവീന ആശയങ്ങളും ആയുധങ്ങളും അടുത്തറിയാൻ അവസരം. കരയും കടലും ആകാശവും കടന്നെത്തുന്ന ആക്രമണങ്ങളെ അതിജീവിക്കുന്നതിനുള്ള സാങ്കേതികവിദ്യകളെ നേരിട്ടു കാണാം. 

കരയിലും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ടാങ്കർ ദ് മോൺസ്റ്റർ, വീടിന്റെ സുരക്ഷ മുതൽ ആണവായുധങ്ങൾ വരെ സൂക്ഷിക്കുന്ന കേന്ദ്രത്തിൻറെ സംരക്ഷണം ഒരുക്കുന്ന സംവിധാനങ്ങൾ... വാഹനങ്ങളുടെ സുതാര്യകാഴ്ചയൊരുക്കുന്ന കണ്ണാടി മുതൽ കൂരിരുട്ടിലും കാഴ്ചകൾ കാണാവുന്ന ഉപകരണങ്ങൾ വരെ പ്രദർശനത്തിൽ അണിനിരന്നു.

പ്രതിരോധ രംഗത്തെ അതിനൂതന കണ്ടുപിടുത്തങ്ങളുടെ വിശേഷങ്ങൾക്കൊപ്പം ശാസ്ത്രം കൊണ്ട് മനുഷ്യൻ കളിക്കുന്ന തീക്കളിയുടെ തീവ്രതയും മനസ്സിലാക്കിത്തരുന്നുണ്ട് പ്രതിരോധപ്രദർശനം. വിമാനത്താവളങ്ങളിൽ ഭീഷണിയാകുന്ന ഡ്രോണുകളെ ഒതുക്കാൻ അമേരിക്കൻ ഡിഫൻസ് കമ്പനി റെയ്തിയോണിൻറെ പുത്തൻ സാേങ്കതികവിദ്യ വിൻഡ്ഷിയർ ഇവിടെ കാണാം. 

1,68,000 ചതുരശ്രമീറ്ററിലൊരുക്കിയിരിക്കുന്ന പ്രദർശനം കാണാൻ ആയിരങ്ങളാണെത്തിയത്. യു.എ.ഇയിൽനിന്നുള്ള 170ലധികം കമ്പനികൾ അടക്കം 1310 കമ്പിനികൾ മേളയുടെ ഭാഗമായി. അഞ്ചു ദിവസം നീണ്ട പ്രദർശനത്തിൽ 15 രാജ്യങ്ങളിൽനിന്നുള്ള 20 സൈനിക യൂണിറ്റുകൾ പങ്കെടുത്തു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് രാജ്യാന്തര പ്രതിരോധ പ്രദർശനം ആരംഭിച്ചത്. പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഭാഗമായി. യു.എ.ഇ സായുധ സേനയുടെ ബാന്റ് മേളവും വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും, ടാങ്കർ, പീരങ്കികളുടെ പ്രകടങ്ങളും അബുദാബിക്ക് ആവേശകാഴ്ചയായി.

രാജ്യാന്തര പ്രതിരോധ പ്രദർശനത്തിൻറെ ഭാഗമായി യു.എ.ഇ സായുധസേന എഴുന്നൂറു കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ചു. രണ്ടുദിവസത്തിനിടെ ആയിരത്തിഇരുന്നൂറു കോടി ദിർഹത്തിൻറെ മുപ്പത്തിമൂന്നു കരാറുകളിലാണ് യു.എ.ഇ ധാരണയിലെത്തിയത്. അമേരിക്കൻ കമ്പനിയായ റെയ്തിയോണുമായി പാട്രിയോട്ടിക് മിസൈൽ സിസ്റ്റവുമായി ബന്ധപ്പെട്ട് അഞ്ഞൂറ്റിഎഴുപത്തിമൂന്നു കോടിദിർഹത്തിന്റെ കരാറിലും ഒപ്പുവെച്ചു.

MORE IN GULF THIS WEEK
SHOW MORE