പാപ്പയുടെ ആശിർവാദ നിറവിൽ പ്രവാസികൾ; യു.എ.ഇക്ക് നന്ദിയോടെ മലയാളികൾ

POPE-EMIRATES/CATHEDRAL
SHARE

മാർപാപ്പയുടെ സന്ദർശനത്തിലെ സജീവ സാന്നിധ്യമായിരുന്നു പ്രവാസികളായ മലയാളികൾ. യു.എ.ഇയിൽ നിന്നു മാത്രമല്ല അടുത്ത രാജ്യങ്ങളിൽ നിന്നു പോലും പതിനായിരക്കണക്കിനു മലയാളി വിശ്വാസികളാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുത്തത്. 

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം വിജയകരമാക്കിയതിനു പിന്നിൽ മലയാളിപ്രവാസികളുടെ പിന്തുണയും സഹകരണവുമുണ്ടായിരുന്നു. സെൻറ് ജോസഫ് കത്തീഡ്രലിലെത്തിയ മാർപാപ്പയെ സ്വീകരിക്കാൻ തൊടുപുഴക്കാരനായ ഫാദർ ജോൺസനു ഭാഗ്യം ലഭിച്ചു. മാർപാപ്പയർപ്പിച്ച കുർബാനയിലും മലയാളി സാന്നിധ്യം സജീവമായിരുന്നു.

കേരളത്തിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ തുടങ്ങിയവർ കുർബാനയിൽ സഹകാർമികരായി. കുർബാനയ്ക്കിടയിലെ വിശ്വാസികളുടെ പ്രാർഥനകളിലൊരെണ്ണം മലയാളത്തിലായിരുന്നത് കേരളീയരായ പ്രവാസികൾക്കു അഭിമാനമായി.

യു.എ.ഇയിലെ ഏഴു എമിറേറ്റുകളിൽ നിന്നും ഒമാൻ, കുവൈത്ത്, സൌദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികളടക്കമുള്ള ഒരുലക്ഷത്തി എണപതിനായിരത്തിലധികം വിശ്വാസികൾ കുർബാനയുടെ ഭാഗമായി. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യിലെത്തുമെന്ന സൂചനയുണ്ടായിരുന്നെങ്ങിലും അത് യാഥാർഥ്യമാകാതിരുന്നതിൻറെ സങ്കടം മറയ്ക്കുന്നതായിരുന്നു അബുദബിയിലേക്കുള്ള വരവ്. ആ സന്തോഷമായിരുന്നു കുർബാനയ്ക്കു ശേഷം മലയാളി പ്രവാസികൾ പങ്കുവച്ചത്.

ഫ്രാൻസിസ് മാർപാപ്പയുടെ ആശിർവാദത്തിനു ഭാഗ്യം ലഭിച്ചവരിലും ഏറെ മലയാളികളുണ്ട്. സെറിബ്രൽ പാർസി രോഗം ബാധിച്ച പത്തനംതിട്ട സ്വദേശിയായ പത്തുവയസുകാരൻ സ്റ്റീവ് ജോണിനു സെൻറ് ജോസഫ് കത്തീഡ്രലിൽ വച്ചു  മാർപാപ്പയുടെ ആശിർവാദം നേരിട്ടുലഭിച്ചു. തിരുവന്തപുരം സ്വദേശി മോനി ജേക്കബിനു മാർപാപ്പയുടെ മോതിരം ചുംബിച്ചും ആശ്ളേഷിക്കാനും ഭാഗ്യം ലഭിച്ചു. മൂന്നു മാർപാപ്പമാരെ നേരിൽകണ്ട അനുഗ്രഹനിറവിലായിരുന്നു എഴുപത്തേഴുകാരിയായ മോനി ജേക്കബ്. 

കുർബാനയിൽ പങ്കെടുക്കാനെത്തിയവർക്ക് മികച്ച സൌകര്യങ്ങളൊരുക്കിയ യു.എ.ഇ ഭരണകർത്താക്കളോടു നന്ദിയായിരുന്നു പ്രവാസിമലയാളികളുടെ വാക്കുകളിൽ.

മാർപാപ്പയുടെ ആദ്യ ഗൾഫ് സന്ദർശനം വൻവിജയമായിരുന്നുവെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തൽ. മാനവസാഹോദര്യ പ്രഖ്യാപനത്തിലൂടെ വത്തിക്കാനും ഗൾഫ് നാടുകളുമായി സുദൃഡമായ രാഷ്ട്രീയ സാംസ്കാരിക ബന്ധം ഇനിയും തുടരുമെന്ന പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE