സ്നേഹത്തിന്റെ ഭാഷയിൽ യു.എ.ഇയും വത്തിക്കാനും; ചരിത്രമെഴുതി മാർപാപ്പ

UAE-VATICAN-RELIGION-POPE-ISLAM
SHARE

മാനവസാഹോദര്യത്തിനും ലോകസമാധാനത്തിനും ആഹ്വാനമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ത്രിദിന യുഎഇ സന്ദർശനത്തിൽ ഉയർന്നു കേട്ടത്. യു.എ.ഇയും വത്തിക്കാനും സ്നേഹത്തിൻറെ ഭാഷയിൽ രചിച്ച പുതിയ അധ്യായമാണ്.

കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ അറേബ്യൻ ഉപദ്വീപ് സന്ദർശിച്ചിരിക്കുന്നു. മാനവസാഹോദര്യസമ്മേളനത്തിൽ ലോകസമാധാനത്തിനുള്ള ആഹ്വാനവുമായി വിവിധ മതനേതാക്കൾ. മാർപാപ്പയുടെ സന്ദർശനം മതാതീതമായൊരു മാനവമുന്നേറ്റമായിരുന്നു. 

ആഗോളകത്തോലിക്കാസഭയുടെ അധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ, അറേബ്യൻ മനസുകളിലേക്ക് കുടിയേറിയ മൂന്നു ദിനങ്ങൾ. ഇസ്ളാം മതം പിറവികൊണ്ട ഭൂമികയിൽ വലിയ ഇടയനു ഊഷ്മളവരവേൽപ്പ്. മൂന്നാം തീയതി ഞായറാഴ്ച രാത്രി പത്തു മണിക്കു അബുദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. 

ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് മോസ്ക് ഇമാം അഹ്മദ് അൽ തയിബും മാർപാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു അബുദബി കൊട്ടാരത്തിൽ മാർപാപ്പയ്ക്കു സ്വീകരണം നൽകിയതോടെ ഔദ്യോഗികപരിപാടികൾക്കു തുടക്കമായി. 

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും അബുദബി കിരീടാവകാശിയും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു ആചാരപരമായ വരവേൽപ്പ്.

തുടർന്നു യു.എ.ഇ ഭരണാധികാരികളും മാർപാപ്പയുമായി കൂടിക്കാഴ്ച. ലോകത്തിനു സമാധാനവും സ്ഥിരതയും വികസനവും ഉറപ്പുവരുത്താൻ ഒരുമിച്ചു നീങ്ങുമെന്നു കൂടിക്കഴ്ചയ്ക്കു ശേഷം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സഹവർത്തിത്വം, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനമായി.  

വൈകിട്ട് അഞ്ചിനു അബുദബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലെത്തിയ മാർപാപ്പ ഒരു നിമിഷം മൌനമായി പ്രാർഥിച്ചശേഷം ഉള്ളിലേക്കു കടന്നു സന്ദർശിച്ചു. മാനവസാഹോദര്യ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് മാർപാപ്പ, യുഎഇ സന്ദർശനത്തിലെ ആദ്യ പ്രസംഗം നടത്തിയത്. യെമൻ, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ യുദ്ധക്കെടുതികൾ കൺമുൻപിലുണ്ടെന്നും അതിനാൽ, ആയുധകച്ചവടത്തെ എതിർക്കണമെന്നുമുള്ള ആഹ്വാനവുമായിരുന്നു മാർപാപ്പയുടെ പ്രസംഗത്തിൻറെ രത്നച്ചുരുക്കം. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറോളം മതനേതാക്കൾക്കും യുഎഇ ഭരണാധികാരികൾക്കും മുന്നിലായിരുന്നു മാർപാപ്പയുടെ യുദ്ധത്തിനെതിരെയുള്ള പ്രസംഗം. കേരളത്തിൽ നിന്നും കർദിനാൾ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ, കാന്താപുരം അബൂബക്കർ മുസലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത സ്വരൂപാനന്ദപുരി തുടങ്ങിയവർ യോഗത്തിൻറെ ഭാഗമായി. 

മറ്റുമതസ്ഥർക്കു ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തിയ യു.എ.ഇ സർക്കാരിനു മാർപാപ്പ നന്ദി പറഞ്ഞു. ഈജിപ്തിലെ അൽ അസ്ർ ഗ്രാൻഡ് മോസ്ക് ഇമാം അഹ്മദ് അൽ തയിബും മാർപാപ്പയും മാനവസാഹോദര്യ രേഖയിൽ ഒപ്പുവച്ചു. സന്ദർശനത്തിൻറെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ സെൻറ് ജോസഫ് കത്തീഡ്രലിലെത്തിയ മാർപാപ്പ രോഗികളുൾപ്പെടെ നൂറോളം പേരെ വ്യക്തിപരമായി സന്ദർശിച്ചു. 

രോഗികളുൾപ്പെടെയുള്ളവർ ആത്മനിർവൃതിയോടെ മാർപാപ്പയുടെ ആശിർവാദം സ്വീകരിച്ചു. തുടർന്നു പത്തുമണിയോടെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെത്തിയ മാർപാപ്പ, പാപ്പാ മൊബീലിൽ വിശ്വാസികളെ ആശീർവദിച്ചു. ഓടിയെത്തിയ കുരുന്നുകളെ ആശ്ളേഷിച്ചു. വെള്ളയും മഞ്ഞയും നിറഞ്ഞ പേപ്പൽ ഫ്ളാഗുമായാണ് വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കാനെത്തിയത്. 

മാനവസാഹോദര്യവും ലോകസമാധാനവും ഉയർത്തിപ്പിടിക്കാൻ ഒരുമിച്ചു നീങ്ങണമെന്നു തലസ്ഥാന നഗരിയിലർപ്പിച്ച കുർബാനക്കിടെ മാർപാപ്പ ആഹ്വാനം ചെയ്തു.

കുർബാനയ്ക്കു പിന്നാലെ, അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ അബുദാബി കിരീടാവകാശിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്നു യാത്രയയപ്പു നൽകി. യു.എ.ഇ ഭരണാധികാരികൾക്കും ജനതയ്ക്കും നന്ദിയപ്പിച്ച് ഒരു മണിക്ക് ഫ്രാൻസിസ് മാർപാപ്പ റോമിലേക്കു മടങ്ങി.

MORE IN GULF THIS WEEK
SHOW MORE