രാഹുലിന്റെ സന്ദർശനവും; വ്യാജ പ്രചരണങ്ങളും

rahul-fake-msgs
SHARE

രാഹുൽ ഗാന്ധിയുടെ സന്ദർശനം ആളും ആവേശവും കൊണ്ട് പൂർണവിജയമായിരുന്നു. രാഷ്ട്രീയ വിജയമായിരുന്നുവെന്ന് പറയാൻ ഇനിയും കാത്തിരിക്കണം. പക്ഷേ, ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വന്ന തെറ്റായ വാർത്തകൾ തുറന്നുകാട്ടേണ്ടതുണ്ട്. അതാണ് ഇനി വിശദീകരിക്കുന്നത്.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിനിടെ പതിനാലുകാരിയുടെ ചോദ്യത്തിനു മുന്നിൽ രാഹുൽ ഗാന്ധി പരുങ്ങലിലായെന്ന തലക്കെട്ടോടെയായിരുന്നു മൈ നേഷൻ എന്ന ഓൺലൈൻ മാധ്യമം വാർത്ത കൊടുത്തത്. മോദിയെ പ്രശംസിച്ചും കോൺഗ്രസ് പാർട്ടിയെ വിമർശിച്ചുമായിരുന്നു ചോദ്യമെന്നും മൈ നേഷൻ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിനു പേരാണ് ഈ വാർത്ത ഷെയർ ചെയ്തത്. 

എന്നാൽ, ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിനിടെ സദസിൽ നിന്നും ചോദ്യം ചോദിക്കാൻ അവസരമുണ്ടായിരുന്നില്ല എന്നതാണ് സത്യം. വാർത്തയ്ക്കൊപ്പം നൽകിയിരുന്ന പെൺകുട്ടിയുടെ ചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. മൂന്നു വർഷം മുൻപ് SAVE GIRL CHILD Powerful Speech by SIDDHI BAGWE. എന്ന ടൈറ്റിലിൽ യു ട്യൂബിൽ വന്ന വീഡിയോയിലുള്ള പെൺകുട്ടിയുടെ ചിത്രമാണ് മൈ നേഷൻ വാർത്തയ്ക്കായി ഉപയോഗിച്ചത്.

മലയാളി വ്യവസായിയും പത്മശ്രീ ജേതാവുമായ സണ്ണി വർക്കിയുടെ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ  തെറ്റായ വാർത്തയ്ക്കൊപ്പം പ്രചരിപ്പിച്ചതും കാണാനായി. എട്ടു കോടി രൂപയോളമാണ് ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനായി ചിലവഴിച്ചതെന്നും രാഹുൽ ബീഫ് കഴിച്ചെന്നുമായിരുന്നു ട്വിറ്ററിൽ ബിജെപി നേതാക്കൾ അടക്കമുള്ളവരുടെ പ്രചരണം. കോൺഗ്രസിൻറെ ഔദ്യോഗിക വാർത്ത വന്നെങ്കിലും ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ ഭാഗമായി ബുർജ് ഖലീഫയിൽ രാഹുലിൻറെ ചിത്രം തെളിയിച്ചുവെന്നായിരുന്നു മറ്റൊരു പ്രചരണം. അതിനായി മോർഫ് ചെയ്ത ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരും രാഹുൽ അനുയായികളും കഥയറിയാതെ ഇപ്പോഴും ആ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു. 

അസത്യവാർത്തകളുടെ പ്രചരണം ഇന്ത്യയിൽ രാഷ്ട്രീയലക്ഷ്യമായി മാറിയ കാലമാണിത്. പക്ഷേ, തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ നൽകുന്ന യുഎഇയുടെ നിയമം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രവാസികൾ മറക്കാതിരിക്കട്ടെ.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.