പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളെ നേരിട്ടു; മോദിയെന്ന് പറഞ്ഞില്ല; ദുബായി കണ്ടത്

gulf-thisweek-1
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനമായിരുന്നു പോയവാരത്തിലെ ഗൾഫിൽ നിന്നുള്ള പ്രധാവാർത്ത. ചരിത്രത്തിലിടം നേടിയതായിരുന്നു മൂന്നുദിവസത്തെ സന്ദർശനം.

പത്താം തീയതി രാത്രിയോടെ ദുബായിലെത്തിയ രാഹുൽ അബുദാബിയിലും ഷാർജയിലും സന്ദർശനം നടത്തിയിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുസാംസ്കാരിക സമ്മേളനത്തിന് വൻ സ്വീകരണവും ലഭിച്ചു. രാഹുലിൻറെ സന്ദർശനത്തെക്കുറിച്ചുള്ള വിശദമായ വിശേഷം കാണാം. ആദ്യം.

രണ്ടായിരത്തിപത്തൊൻപതിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം, രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പു വിജയം നേടിയ ശേഷമുള്ള ആദ്യ വലിയ പൊതുപരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വർഷം ഗൾഫ് നാട്ടിലെത്തിയ ആദ്യ പ്രമുഖ രാഷ്ട്രീയ നേതാവ്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു രാഹുലിൻറെ സന്ദർശനം. 

1981 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യുഎഇ പര്യടനത്തിനു ശേഷം ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരൻറെ സന്ദർശനം. പത്താംതീയതി വൈകിട്ട് ഏഴു മണിക്ക് ദുബായ് രാജ്യാന്തരവിമാനത്താവളത്തിലെത്തിയ രാഹുലിന് കോൺഗ്രസ് പ്രവർത്തകരുടേയും നേതാക്കളുടേയും വൻവരവേൽപ്പാണ് ലഭിച്ചത്. 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയ്ക്കൊപ്പമാണ് രാഹുലെത്തിയത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവരും ആയിരത്തോളം പ്രവാസികളും ചേർന്നായിരുന്നു സ്വീകരണം.

പതിനൊന്നിനു രാവിലെ ജബലലിയിലെ തൊഴിലാളി ക്യാംപ് സന്ദർശിച്ചായിരുന്നു രാഹുലിൻറെ ഔദ്യോഗിക പരിപാടികളുടെ തുടക്കം. തൊഴിലാളികളുടെ ക്യാംപ് മുറിയിലെത്തിയ രാഹുൽ അവർക്കൊപ്പം നിന്നു സെൽഫിയെടുക്കാനും സമയം കണ്ടെത്തി. 

മൻ കി ബാത്ത് നടത്താനല്ല നിങ്ങളെ കേൾക്കാനാണ്, നിങ്ങളുടെ മനസ്സും പ്രശ്നങ്ങളും അറിയാനാണ് ഇവിടെ എത്തിയതെന്നു ആമുഖമായി പറഞ്ഞാണ് രാഹുൽ അഞ്ചുമിനിറ്റ് മാത്രമുള്ള പ്രസംഗം തുടങ്ങിയത്.  

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകണമെന്നായിരുന്നു തൊഴിലാളികളിൽ ഒരാളുടെ ആവശ്യം. ഉടനടി മറുപടി വന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാലുടൻ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കും. 

ഉത്തരേന്ത്യക്കാരായ 5 തൊഴിലാളികളാണ് രാഹുലിനോടു ചോദ്യങ്ങൾ ചോദിച്ചത്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയ കോൺഗ്രസ് അധ്യക്ഷൻ തൊഴിലാളികളുടെ പേരുവിവരം ചോദിച്ചറിയുകയും ചെയ്തു. 

തൊഴിലാളി ക്യാംപിൽ നിന്നും നേരേ പോയത് ദുബായിലെ വ്യവസായികളുടെ സംഗമത്തിലേക്കായിരുന്നു. വ്യവസായി സംഗമത്തിനു ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. 

വൈകിട്ട് ഏഴിനായിരുന്നു യു.എ.ഇ പര്യടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ജന്മവാർഷികത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ രാഹുലിനൊപ്പം ജനങ്ങളെ ആവേശത്തിലാക്കിയത് കേരളത്തിൽ നിന്നുള്ള രണ്ടു നേതാക്കളായിരുന്നു. ഉമ്മൻ ചാണ്ടിയും പി.കെ കുഞ്ഞാലികുട്ടിയും. 

രാഹുലിൻറെ വരവിനായി കെപിസിസിയുടെ പോഷകസംഘടനയായ ഇൻകാസിനെയും പ്രവർത്തകരേയും ഒരുക്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃമികവായിരുന്നു. മുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിം ലീഗിനറെ പോഷകസംഘടനയായ കെ.എം.സി.സിയിലെ പതിനായിരക്കണക്കിനു പ്രവർത്തകരെ രാഹുലിൻറെ സന്ദർശനം വിജയിപ്പിക്കാൻ ഒരുക്കിയത് പി.കെകുഞ്ഞാലിക്കുട്ടിയും. രണ്ടുപേർക്കും രാഹുൽ ഗാന്ധി പ്രത്യേകം നന്ദി അറിയിച്ചതും ശ്രദ്ധേയമായി. 

യു.എഇ ഭരണാധികാരികൾക്കു നന്ദി പറഞ്ഞായിരുന്നു പൊതുസമ്മേളനത്തിൽ രാഹുലിൻറെ പ്രസംഗത്തിൻറെ തുടക്കം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രസംഗത്തിൽ ഒരിക്കൽ പോലും നരേന്ദ്രമോദിയെന്ന പേര് കടന്നുവരാതിരിക്കാൻ രാഹുൽ ശ്രദ്ധിച്ചു. ബി.ജെ.പിയെന്ന പേര് കടന്നുവന്നത് ഒരിക്കൽ മാത്രം. 

യുഎഇയിൽ സഹിഷ്ണുതാ വർഷം ആചരിക്കുമ്പോൾ ഇന്ത്യയിൽ അസഹിഷ്ണുതയുടെ നാലര വർഷങ്ങളാണ് കടന്നുപോകുന്നതെന്നായിരുന്നു രാഹുലിൻറെ വാക്കുകൾ. മരണം വരെ എന്റെ വാതിലുകൾ, എന്റെ കാതുകൾ, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന പ്രസ്താവന നിറഞ്ഞ ആവേശത്തോടെയും കയ്യടിയോടെയുമാണ് ജനം ഏറ്റെടുത്തത്.

ത്രിവർണ നിറത്തിൽ തിളങ്ങിയ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയ 25 മീറ്റർ റാംപിൽ നടന്നു കൊണ്ടായിരുന്നു രാഹുലിൻറെ പ്രസംഗം. 2015 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വേദിയിലാണ് സംസാരിച്ചത്. അൻപതിനായിരത്തിലധികം പേരാണ് രാഹുലിനെ കാണാനെത്തിയത്. പതിനായിരത്തിലധികം പേർ സ്റ്റേഡിയത്തിലേക്ക് പ്രവേശനം കിട്ടാതെ പുറത്തുപോയെന്നു അണിയറപ്രവർത്തകർ അവകാശപ്പെട്ടു. 

രണ്ടാം ദിവസമായ പന്ത്രണ്ടാം തീയതി രാവിലെ ദുബായ് അക്കാദമിക് സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ടെക്നോളജിയിൽ വിദ്യാർഥികളുമായുള്ള സംവാദത്തോടെയായിരുന്നു പൊതുപരിപാടികളുടെ തുടക്കം. കോൺഗ്രസ് അധ്യക്ഷനെ ചോദ്യങ്ങൾ കൊണ്ടാണ് വിദ്യാർഥികൾ എതിരേറ്റത്.

പ്രവാസി വോട്ടു എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ, ഏറെ സങ്കീർണ നിറഞ്ഞതാണെന്നും രാഹുൽ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അബുദാബിയിൽ വ്യവസായികളുടെ സംഗമത്തിൽ രാഹുൽ മുഖ്യാതിഥിയായെത്തി. 

അവിടെയും പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളെ നേരിടാനായിരുന്നു കോൺഗ്രസ് അധ്യക്ഷൻറെ താൽപര്യം. നോട്ടുനിരോധനത്തേയും ജിഎസ്ടി നടപ്പാക്കിയ രീതിയേയും രാഹുൽ വിമർശിച്ചു. അധികാരത്തിലേറിയാൽ ജിഎസ്ടി ഘടന പൊളിച്ചെഴുതുമെന്ന പ്രസ്താവനയെ വ്യവസായ സമൂഹം കൈയടികളോടെയാണ് സ്വീകരിച്ചത്.

അബുദാബി ഗ്രാൻഡ് മോസ്ക്, മലയാളി വ്യവസായി യൂസഫലിയുടെ വീട് എന്നിവ സന്ദർശിക്കാനും കോൺഗ്രസ് അധ്യക്ഷൻ സമയം കണ്ടെത്തി. തിരികെ ദുബായിലെത്തിയ രാഹുൽ ദുബായിലെ മാധ്യമപ്രവർത്തകരുടെ അഭ്യർഥന മാനിച്ച് വാർത്താസമ്മേളനം നടത്തി. പ്രധാനമന്ത്രിയെപ്പോലെയല്ല മാധ്യമപ്രവർത്തകരെ കാണാൻ മടിയില്ലെന്ന മുഖവുരയോടെയായിരുന്നു രാഹുലിൻറെ വാർത്താസമ്മേളനം. 

ശബരിമലയിലെ സ്ത്രീ പ്രവേശം, പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരെ നടത്തിയെന്നാരോപിക്കപ്പെടുന്ന സ്ത്രീവിരുദ്ധ പരാമർശം, റഫാൽ അഴിമതി തുടങ്ങി മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകി. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള മുൻനിലപാടിൽ മാറ്റമുണ്ടെന്ന പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിലെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് നിലപാട് മാറ്റിയതെന്നും ഇരുവാദങ്ങളിലും ന്യായമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. 

തുടർന്ന്, ഞായറാഴ്ച രാവിലെ ഷാർജയിലെത്തിയ രാഹുൽ ഗാന്ധി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് രാവിലെ പത്തരയോടെ ഡൽഹിയിലേക്ക് മടങ്ങി.

2014 മുതലുള്ള തിരഞ്ഞെടുപ്പുകളിലെ പരാജയ ഭാരം ഇറക്കിവച്ചു മൂന്നു സംസ്ഥാനങ്ങളിൽ വിജയിച്ച ആഹ്ളാദകാലത്തായിരുന്നു കോൺഗ്രസ് അധ്യക്ഷൻറെ സന്ദർശനം. പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് ചുവടുവച്ച രാഷ്ട്രീയ നേതാവിനെയായിരുന്നു രാഹുലിൽ പ്രവാസികൾ കണ്ടത്. 

ദുബായ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പതിനായിരങ്ങളെത്തിയതും ആ രാഷ്ട്രീയ നേതാവിനെ കാണാൻ തന്നെയായിരുന്നു. പ്രവാസികളെ കോൺഗ്രസ് എന്ന വികാരത്തിനു കീഴിൽ ഒരിക്കൽ കൂടി ഒരുമിച്ചു കൂട്ടാൻ രാഹുലിൻറെ സന്ദർശനത്തിനായി. 

ഉത്തരേന്ത്യയിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികൾ ത്രിവർണപതാകയ്ക്കു കീഴിൽ രാഹുലിനായി ജയ് വിളിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരമൊരു ആവേശം പകരാനായി എന്നതാണ് രാഹുലിൻറെ സന്ദർശനത്തിൻറെ നീക്കിയിരുപ്പ്.

എന്നാൽ, പൊതുസമ്മേളനത്തിലടക്കം കണ്ട ആവേശം കോൺഗ്രസിൻറെ വോട്ടുബാങ്കായി പ്രവാസികളെ മാറ്റുമെന്നു കരുതണോ എന്ന ചോദ്യം പ്രസക്തമാണ്. ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും വാക്കു കേട്ട് രാഹുലിനെ കാണാനെത്തിയവർ കേന്ദ്രത്തിൽ രാഹുലിൻറെ നേതൃത്വത്തെ അംഗീകരിക്കുന്നവരാണോ എന്ന സംശയം ബാക്കിയാണ്. 

പ്രവാസികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്രകടനപത്രികയിലുണ്ടാകുമെന്ന് പ്രഖ്യാപിച്ച രാഹുൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ അത് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷേ, വാഗ്ദാനങ്ങൾ കേട്ടു മടുത്ത പ്രവാസ സമൂഹം അത് പൂർണമായും വിശ്വസിക്കുമോയെന്നു കണ്ടറിയണം.

മോദിക്കു ബദലായി രാഹുലിനെ പ്രവാസികൾ കരുതുന്നുണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്. മൂന്നു സംസ്ഥാനങ്ങളിലെ വിജയം അത്തരമൊരു ബലാബല പരീക്ഷണത്തിനു രാഹുലിനാകുമെന്ന പ്രതീക്ഷ നൽകുന്നതാണ്. മോദി സർക്കാരിൻറെ പ്രവാസി നയത്തെക്കുറിച്ചു വലിയ പരാതികൾ ഉയർന്നിട്ടില്ലെങ്കിലും വിമാനയാത്രാ നിരക്കു കുറയ്ക്കുന്നതടക്കം വിവിധ വിഷയങ്ങളിൽ കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് പ്രവാസികളുടെ പരാതി. ഈ പരാതികൾ കൃത്യമായി പരിഹരിക്കുമെന്ന് രാഹുൽ സന്ദർശനത്തിനിടെ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പിലുള്ള വിശ്വാസം വോട്ടായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.

രാഹുലിൻറെ സന്ദർശനം വിജയകരമായി പൂർത്തിയായി. കേന്ദ്രമന്ത്രിമാരടക്കം കൂടുതൽ നേതാക്കൾ തിരഞ്ഞെടുപ്പിനു മുൻപ് വീണ്ടും ഗൾഫ് നാടുകളിലേക്കെത്തുമെന്നുറപ്പാണ്. പക്ഷേ, തിരഞ്ഞെടുപ്പിനു മുൻപുള്ള മോഹനവാഗ്ദാനങ്ങളിൽ രമിക്കാൻ മാത്രമായി ചുരുങ്ങാതിരിക്കട്ടെ പ്രവാസികളുടെ പ്രതീക്ഷകൾ.

MORE IN GULF THIS WEEK
SHOW MORE