ഗൾഫ് സാമ്പത്തികലോകത്ത് ഏറെ പ്രതീക്ഷകളും മാറ്റങ്ങളും

gulf1
SHARE

ഗൾഫ് സാമ്പത്തികലോകത്ത് ഏറെ പ്രതീക്ഷകളും മാറ്റങ്ങളുമാണ് രണ്ടായിരത്തിപത്തൊൻപത് കരുതിവയ്ക്കുന്നത്. സൌദിയുടേയും യു.എ.ഇയുടേയും ചുവടുപിടിച്ച് ബഹ്റൈനിൽ  മൂല്യവർധിതനികുതി പ്രാബല്യത്തിൽ വന്നത് അതിൻറെ ആദ്യ സൂചനയായിരുന്നു. വാറ്റ് നിലവിൽ വന്ന ബഹ്റൈനിൽ നിന്നുള്ള വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തിയ ഗൾഫ് ദിസ് വീക്കിൻറെ ആദ്യ എപ്പിസോഡിലേക്ക് സ്വാഗതം.

ബഹ്റൈനിൽ ജനുവരി ഒന്നു തുടങ്ങി മൂല്യവർധിത നികുതി പ്രാബല്യത്തിൽ വന്നു. പ്രതീക്ഷിച്ചിരുന്നതു പോലെ തണുപ്പൻ പ്രതികരണമാണെങ്കിലും ജിസിസി രാജ്യങ്ങളുടെ പൊതുനയം സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഏതൊക്കെ മേഖലകളിൽ എങ്ങനെയാണ് വാറ്റ് നടപ്പിലാക്കിയതെന്നു കാണാം ആദ്യം.

സൌദിക്കും യു.എ.ഇക്കും പിന്നാലെയാണ് ബഹ്റൈനും ജനുവരി ഒന്നുതുടങ്ങി മൂല്യവർധിത നികുതി എർപ്പെടുത്തിയത്. വാറ്റ് നടപ്പിലാക്കിയ മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അടിസ്ഥാന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമുള്ള കൂടുതൽ ഇളവുകളോടെയാണ് ബഹ്റൈനിൽ അഞ്ചുശതമാനം മൂല്യവർധിത നികുതി പ്രാബല്യത്തിൽ വന്നത്. 1400 സർക്കാർ സേവനങ്ങളെ വാറ്റിൻറെ പരിധിയിൽ നിന്നു ഒഴിവാക്കാൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക നിർദേശമനുസരിച്ച് മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളം, ഇറച്ചി, മൽസ്യം, പച്ചക്കറി, ഉപ്പ്, പഞ്ചസാര, മുട്ട, ഗോതമ്പ് തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സേവനങ്ങളിലും വാറ്റ് നൽകേണ്ടിവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മാജിദ് അലി അൽ നുഐമിയും അറിയിച്ചു. 

300 ദിനാർ വരെ വിലയുള്ള സാധനങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാറ്റ് ബാധകമാകാതെ കൊണ്ടുവരാനാകുമെന്നു കസ്റ്റംസ് അധിക്യതർ വ്യക്തമാക്കുന്നു.  വായ്പ, പലിശ, പണം പിൻ വലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ല. അതേ സമയം ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം, തുണി, ഹോട്ടൽ, റസ്റ്ററൻ്റ്, വാഹനങ്ങൾ തുടങ്ങിയവക്ക് മൂല്യ വർധിത നികുതി ഈടാക്കും. വൈദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികൾക്കും 2016 തുടങ്ങി വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് ഘട്ടം ഘട്ടമായി വർധിച്ചുവരുകയാണ്. വരുന്ന മാർച്ച് മാസം ഈ വർധനയുടെ അവസാന ഘട്ടം നടപ്പിലാകാനിരിക്കെയാണ് മൂല്യവർധിത നികുതി കൂടി ഈ സേവനങ്ങൾക്ക് എർപ്പെടുത്തിയത്. അതേസമയം, സ്ഥാപനങ്ങൾ വിവിധ സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വാറ്റ് ഈടാക്കിത്തുടങ്ങിയത് രാജ്യത്തെ വിപണിയിൽ കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വാറ്റ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 

അതിനിടെ, വാറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങൾക്കും അധിക നികുതി ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇളവ് നൽകിയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നു അധിക്യതർ അറിയിച്ചു. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്നു വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് അസ്സയാനി മുന്നറിയിപ്പു നൽകുന്നു. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ അധികൃതർ വിപണി പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാറ്റിനെക്കുറിച്ചു ബോധവത്കരണം നടത്താനും സംശയങ്ങൾ ദുരീകരിക്കാനും വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രാലയങ്ങളുമായി സഹകരിച്ച് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ വിപണി സന്ദർശനം ഏകോപിപ്പിക്കുന്നുണ്ട്.  

അതേസമയം, നിലവില്‍ ജല, വൈദ്യുതി ബില്ലുകള്‍ താങ്ങാവുന്നതിലേറെയാണെന്നിരിക്കെ മൂല്യ വര്‍ധിത നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ കുടുംബമായി കഴിയുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. സിനിമാ ടിക്കറ്റുകളുടെ നിരക്കില്‍പ്പോലും വര്‍ധനയുണ്ടാകും. ജീവിതച്ചിലവു കൂടുമെന്ന ആശങ്ക മലയാളികളടക്കമുള്ള പ്രവാസ സമൂഹം പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, സൌദിയിലേയും യു.എ.ഇയിലേയുമെന്നപോലെ ആദ്യത്തെ ആശങ്കകൾ ക്രമേണ മാറുമെന്നും വ്യവസായ മുന്നേറ്റത്തിനും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനും വാറ്റ് കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

MORE IN GULF THIS WEEK
SHOW MORE