രുചികരമായ ഭക്ഷണം വിളമ്പി; ‌ഒടുവിൽ ഭക്ഷണത്തിനായി യാചന

gulf5
SHARE

എട്ടുവർഷമായി ആയിരങ്ങൾക്കു രുചികരമായ ഭക്ഷണം ഉണ്ടാക്കിയവർ ഇന്നു ഭക്ഷണത്തിനായി യാചിക്കേണ്ടിവരുന്ന സങ്കടകരമായ അവസ്ഥ. അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെത്തുടർന്ന് ഏഴുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ മലയാളികളുടെ വാർത്തയാണ് ഇനി പ്രേക്ഷകർക്കുമുൻപിൽ അവതരിപ്പിക്കുന്നത്. 

തിരുവനന്തപുരം പാറശാല സ്വദേശിയായ ഫയസ് അഞ്ചുവർഷമായി അബുദാബി അൽവസീത എമിറേറ്റ്സ് കാറ്ററിങ് കമ്പനിയിലെ പാചകക്കാരനാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയെത്തിയ ഫയസ് ദുരിതത്തിലാണ്. ഫയസിനെ ആശ്രയിച്ചാണ് അമ്മയും അനിയനും നാട്ടിൽ ജീവിക്കുന്നത്. മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് പ്രവാസലോകത്തെത്തിയത്. പക്ഷേ, കാര്യങ്ങൾ കൈവിട്ട മട്ടാണ്. ശമ്പളം മുടങ്ങിയിട്ട് മാസങ്ങളേറെയായി..നന്നായി ഭക്ഷണം കഴിക്കുന്നത് പോലും അപൂർവമായാണ്. 

ഫയസിനെപ്പോലെ 70 മലയാളികളടക്കം നാണൂറോളം തൊഴിലാളികളാണ് ഏഴു മാസമായി ശമ്പളമില്ലാതെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ താമസിക്കുന്നത്. 9 വർഷമായി പൊറോട്ട മേക്കറായി ജോലി ചെയ്യുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവൻ, അറബിക് കുക്കായ നിലമ്പൂർ സ്വദേശി ബീരാൻകുട്ടി,  ഡ്രൈവർമാരായ മലപ്പുറം സ്വദേശി ആഷിഖ്, ഹൈദരാബാദ് സ്വദേശി നരേഷ്...അങ്ങനെ ഇവരെല്ലാം ഈ ക്യാംപിൽ ദുരിതത്തിലാണ്. ജോലിക്കിടെ കൈവിരലുകൾ മുറിഞ്ഞിട്ടും ഒരു സഹായവും ലഭിക്കാതെ തമിഴ്നാട് സ്വദേശി ചിത്തിരവ് കേഴുന്നു. വീസ കാലാവധി കഴിഞ്ഞവരും പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങളുള്ളവരും മരുന്നുവാങ്ങാൻപോലും പണമില്ലാതെ പ്രയാസത്തിലാണ്.

എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരാണ് ഇന്നിപ്പോൾ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നതെന്നതാണ് വിരോധാഭാസം. ക്യാംപിൽ ഭക്ഷണവും കുടിവെള്ളവും നിലച്ചിട്ട് ഒരു മാസമാകുന്നു. സംഘടനകളുൾപ്പെടെ കനിവുള്ളവൾ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഇടയ്ക്ക് വൈദ്യുതി വിഛേദിക്കുമ്പോൾ പൊലീസെത്തി പുനസ്ഥാപിച്ചു നൽകും. കമ്പനിയിൽ അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ അവരും നിസ്സഹായരാണ്. കൊടുക്കാൻ കമ്പനിയുടെ പക്കൽ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.  

രണ്ടു ജോർദാനി സഹോദരന്മാരും ഒരു സ്വദേശിയും ചേർന്നുള്ള കമ്പനി ലാഭകരമായാണ് പ്രവർത്തിച്ചിരുന്നത്.  സൈനിക ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളക്കുടിശ്ശികയായി. പ്രതിസന്ധി രൂക്ഷമാകുംമുൻപ് ഉടമകൾ 2018 ജൂലൈയിൽ മുങ്ങിയതോടെ തൊഴിലാളികൾ പെരുവഴിയിലായി.

മാലിന്യം കുന്നുകൂടി ക്യാംപ് പരിസരം ദുർഗന്ധം വമിക്കുകയാണ്. ഇത് പകർച്ചവ്യാധിക്കിടയാക്കുമോ എന്നതു മറ്റൊരു ആശങ്ക. ക്യാംപിൻറെ വാടക കൊടുക്കാൻ പണമില്ലെങ്കിലും കെട്ടിട ഉടമകളുടെ ദയയിലാണ് ഇവിടെ കഴിയുന്നത്. എന്നാൽ, അതും അധികകാലം നീട്ടിലഭിക്കില്ലെന്നും ഇവർക്കറിയാം. നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് എടുക്കാൻ പോലും പണം കയ്യിലില്ല. അതിനാൽ, എംബസി അടക്കമുള്ളവർ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള സഹായം ചെയ്തുനൽകണമെന്നാണ് ഇവരുടെ ആഗ്രഹം.

MORE IN GULF THIS WEEK
SHOW MORE