ഒൻപതാം ക്ളാസുകാരി മുതൽ എഴുപതുകാരി വരെ; കയ്യടി നേടി ചിത്ര പ്രദർശനം

sharjah-reflection-painting-exhibition
SHARE

ഷാർജ അൽ ഖസ്ബയിൽ റിഫ്ളക്ഷൻ എന്ന തീമിൽ നടക്കുന്ന ചിത്രപ്രദർശനത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്. ഇരുപത്തിയാറു ചിത്രകാരുടെ ലൈവ് പെർഫോമൻസാണ് ഇവിടെ നടക്കുന്നത്.

ഷാർജയിലെ അൽ ഖസ്ബയിലെ റിഫ്ളക്ഷൻ കലാ സാംസ്കാരിക മേളയിലാണ് ചിത്രപ്രദർശനം. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, യു.എ.ഇ, അയർലാൻഡ്, ഉക്രെയിൻ, ജോർദാൻ തുടങ്ങി മുപ്പതോള രാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ പ്രദർശനത്തിൻറെ ഭാഗമായി.

വിവിധ വർണങ്ങളിലായി കാഴ്ചക്കാരുടെ കൺമുൻപിലാണ് വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അവതരിപ്പിച്ചത്. കാഴ്ചക്കാരുടെ തിരക്കുകൾക്കിടയിലും സൂക്ഷ്മതയോടെ ചിത്രം വരയ്ക്കുന്നതു കാണാൻ നൂറു കണക്കിനു പേരാണെത്തിയത്. ചിത്രരചനയ്ക്കൊപ്പം കാഴ്ചക്കാരോടു സംവദിക്കാനും ചിത്രകാർ തയ്യാറായിരുന്നു. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിനി മലയാളിയായ വർഷ സുജിത് നായർ മുതൽ എഴുപതുകാരി അൻജനി ലെയ്ത വരെ ലൈവ് ചിത്രരചനയുടെ ഭാഗമായി. 

അൽ ഖസ്ബയിൽ ചിത്രകാരി ജെസ്നോ ജാക്സൺ നേതൃത്വം കൊടുക്കുന്ന ആർട് ഫോർ യുവാണ് ഇരുപത്തിയാറു ചിത്രകാരൻമാരുടെ ലൈവ് ചിത്രരചന ഒരുക്കിയത്. അക്രെലിക്, ഓയിൽ എന്നീ മാധ്യമങ്ങളിലായിരുന്നു ചിത്രരചന. കടലും ഒട്ടകയാത്രയും മഴയും വഞ്ചിയും നഗരദൃശ്യവും മുഖങ്ങളുമൊക്കെ ക്യാൻവാസിലേക്ക് നിറങ്ങളിൽ പകർന്നാടി.

ലൈവ് ചിത്രരചനയ്ക്കൊപ്പം റിഫ്ളക്ഷൻ എന്ന പ്രമേയത്തിൽ കലാപ്രദർശനവും മേളയുടെ ഭാഗമായി. പേപ്പർ കട്ടിങ്ങിലൂടെ യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന് ആദരവർപ്പിച്ചുള്ള കലാസൃഷ്ടിയായിരുന്നു ഗുജറാത്തിലെ ബറോഡ സ്വദേശി മസരത്ത് ഫാത്തിമ അവതരിപ്പിച്ചത്. യു.എ.യുടെ പഴമയും പുതുമയും അടക്കം വിദ്യാഭ്യാസ ആരോഗ്യ അടിസ്ഥാനസൌകര്യമേഖലകളിൽ ഷെയ്ഖ് സായിദിൻറെ പ്രവർത്തികൾ ഈ പേപ്പർ കലാസൃഷ്ടിയിലൂടെ അവതരിപ്പിച്ചു. 

കുട്ടികൾക്കായി പ്രത്യേക ചിത്രരചനാശിൽപശാലയും സംഘടിപ്പിച്ചിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ലൈവ് ചിത്രരചനയും മറ്റ് കലാരൂപങ്ങളും കാണാനെത്തിയത്. ചിത്രങ്ങൾ കാണുന്നതിനൊപ്പം അത് സ്വന്തമാക്കാനും മേളയിൽ അവസരമൊരുക്കിയിരുന്നു.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.