നിയമസഹായവും നിക്ഷേപപദ്ധതിയും; പ്രവാസികൾക്കായി നോർക്ക

norka-roots-new-projects
SHARE

എന്നും പ്രവാസികൾക്കൊപ്പമെന്നതാണ് നോർക്ക റൂട്സിൻറെ ആപ്തവാക്യം. പ്രവാസികളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ്  കേരള സർക്കാരിൻറെ നേതൃത്വത്തിലുള്ള നോർക്ക റൂട്സ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതികൾ പരമാവധി പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന നിർദേശത്തോടെ അവയെക്കുറിച്ചുള്ള വിശദവിവരങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്.

കേരളത്തിനു പുറത്തുതാമസിക്കുന്ന മലയാളികളുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് നോർക്ക റൂട്സ്. 1996 ലാണ് നോർക്ക പ്രത്യേക വകുപ്പ് ആരംഭിച്ചത്. ഈ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് നോർക്ക റൂട്സ്. പ്രവാസിക്ഷേമം ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് നോർക്ക നടപ്പിലാക്കിവരുന്നത്. 

പ്രവാസികൾക്ക് നിക്ഷേപത്തിന് ഡിവിഡൻഡ് നൽകുന്ന പദ്ധതിയാണ് പുതവർഷത്തിൽ നിലവിൽ വരാനിരിക്കുന്നത്. മൂന്നു ലക്ഷം മുതൽ 51 ലക്ഷം വരെ പ്രവാസികൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. അഞ്ചു ലക്ഷം നിക്ഷേപം നടത്തുന്നവർക്ക് അയ്യായിരത്തിഅഞ്ഞൂറു രൂപ പ്രതിമാസം ഡിവിഡൻഡ് ആയി ലഭിക്കും. നിക്ഷേപത്തിന് ഡിവിഡൻഡ് നൽകുന്ന പദ്ധതി പലിശയുടെ അടിസ്ഥാനത്തിലുള്ളതല്ല. 

നിക്ഷേപങ്ങൾ കിഫ്ബിയിലേക്കോ സംസ്ഥാനസർക്കാരിൻറെ തന്നെ ലാഭകരമായ മറ്റേതെങ്കിലും പാതയിലേക്കോ ആണ് പോവുക. ഇതിൽ നിന്നു വായ്പയും അനുവദിക്കില്ല. 18 വയസ്സ് കഴിഞ്ഞ ആർക്കും നിക്ഷേപം നടത്താം. നിക്ഷേപം നടത്തി മൂന്നു വർഷത്തിനു ശേഷമാവും ഡിവിഡൻഡ് കിട്ടിത്തുടങ്ങുക. മരണം വരെ ലഭിക്കും. 

മരണശേഷം ഏറ്റവും അടുത്ത ആശ്രിതനോ ആശ്രിതയ്‌ക്കോ ഡിവിഡന്റ് ലഭിക്കും. ആ വ്യക്‌തിയും മരിച്ചാൽ നിബന്ധനകൾക്കു വിധേയമായി തൊട്ടടുത്ത ആശ്രിതർക്ക് ലഭിക്കും. അടുത്തമാസം ദുബായിയിൽ നടക്കുന്ന ലോക കേരളസഭ സമ്മേളനത്തിലായിരിക്കും ഡിവിഡൻഡ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 

ഗൾഫിലേക്കു ജോലിക്കു ശ്രമിക്കുന്ന മലയാളികൾക്ക് ഏറെ സമയനഷ്ടണുണ്ടാക്കിയിരുന്ന കര്യമാണ് സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷൻ. ഇതിനു പരിഹാരമായാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള അറ്റസ്റ്റേഷനു നോർക്ക സൌകര്യം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നോർക്ക റൂട്സ് ഓഫീസുകൾ വഴി സർട്ടിഫിക്കേറ്റുകൾ സാക്ഷ്യപ്പെടുത്താനാകും. 

മുൻപ് ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കാലതാമസമെടുത്ത് ലഭിച്ചിരുന്ന സേവനമാണ് നോർക്കയുടെ കാര്യക്ഷമതകൊണ്ട് കേരളത്തിൽ തന്നെ ലഭ്യമാകുന്നത്. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൌദി അറേബ്യ എന്നീ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ ഈ വർഷമാണ് നോർക്ക വഴി ലഭിച്ചു തുടങ്ങിയത്. സൌദിയിലേക്കുള്ള ഉദ്യോഗാർഥികളുടെ കേരളത്തിൽ നിന്നുള്ള സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി ലഭിക്കുന്നത്. 

കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൌജന്യ സേവനം നൽകുന്ന നിയമസഹായസെല്ലാണ് പുതുവർഷത്തിൽ തുടങ്ങാനിരിക്കുന്ന മറ്റൊരു പദ്ധതി. ജോലി സംബന്ധമായതും, വീസ, പാസ്പോർട്, മറ്റ് സാമൂഹിക പ്രശ്നങ്ങൾ, ആശുപത്രി ചികിൽസ, ജയിൽ ശിക്ഷ തുടങ്ങി പ്രശ്നങ്ങൾക്ക് അതാത് രാജ്യത്ത് മലയാളി അഭിഭാഷകരുടെ സേവനം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

പാവപ്പെട്ട പ്രവാസിമലയാളികൾക്ക് നിയമസഹായം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും. നോർക്ക റൂട്സ് തുടങ്ങുന്ന നിയമസഹായ സെല്ലിലേക്ക് ലീഗൽ ലൈസൺ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനായി മലയാളി അഭിഭാഷകരുടെ റിക്രൂട്മെൻറ് നടപടികൾ അന്തിമഘട്ടത്തിലാണ്. ജിസിസി രാജ്യങ്ങൾക്കു പുറമേ ഇറാഖ്, മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രവാസിമലയാളികൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം. സംരംഭങ്ങൾ തുടങ്ങാനായി മുപ്പതു ലക്ഷം വരെയുള്ള പദ്ധതികൾക്ക് ബാങ്ക് ലോണുകൾക്ക് പതിനഞ്ച് ശതമാനം മൂലധന സബ്സീഡിയായും മൂന്നു ശതമാനം പലിശ സബ്സീഡിയുമാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. സംരഭകർക്കാവശ്യമായ അടിസ്ഥാന പരിശീലനം, പദ്ധതികൾ തയ്യാറാക്കാനും ബാങ്കിനെ സമീപിക്കാനുമുള്ള സഹായം തുടങ്ങിയവ സർക്കാർ സ്ഥാപനമായ സി.എം.ഡി മുഖേന ലഭ്യമാകും. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ 676 പേരാണ്. 

ഇത്തരത്തിൽ സാമ്പത്തികസഹായം അടക്കം പുനരധിവാസ പദ്ധതികളും നിക്ഷേപപദ്ധതികളുമാണ് നോർക്കയുടെ ഭാഗമായി പ്രവാസികൾക്ക് ഉപയോഗപ്പെടുത്താനാകുന്നത്. കേരള പ്രവാസി ക്ഷേമനിധി ബോർഡുമായി ചേർന്നുള്ള പദ്ധതികളും പ്രവാസികൾക്ക് പ്രയോജനകരമാണ്. ഗൾഫ് അടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെൻ്റും നോർക്ക വഴി നടക്കുന്നുണ്ട്. വിവിധ പദ്ധതികളെക്കുറിച്ചറിയാൻ പ്രത്യേക കോൾ സെൻററുകളും ഉടൻ ഏർപ്പെടുത്തും. www.norkaroots.com എന്ന വെബ്സൈറ്റിലൂടെ വിശദവിവരങ്ങൾ അറിയാനാകും. 

MORE IN GULF THIS WEEK
SHOW MORE