ആശ്വാസവും പ്രതീക്ഷയും നൽകിയ വർഷം; യുഎഇയിലെ 2018

uae-2018
SHARE

രണ്ടായിരത്തിപതിനെട്ട് വിടപറയുകയാണ്. ഗൾഫ് മേഖലയിൽ ഏറെ പ്രതീക്ഷകളും നിരാശകളും പകർന്ന വർഷം. യു.എ.ഇയിലെ പൊതുമാപ്പ് ഒട്ടേറെപ്പേർക്ക് ഗുണകരമായപ്പോൾ വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണം മലയാളികൾ അടക്കമുള്ളവർക്ക് തിരിച്ചടിയായി.

യു.എ.യിലെ അഞ്ചുമാസത്തെ കാലാവധിയുള്ള പൊതുമാപ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം, ഖലീഫാ സാറ്റിൻറെ വിക്ഷേപണം, ഷെയ്ഖ് സായിദ് വർഷം അങ്ങനെ ഏറെ  സംഭവബഹുലമായ വർഷമാണ് കടന്നുപോകുന്നത്. മലയാളികൾ അടക്കമുള്ള ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന യു.എ.ഇയുടെ രണ്ടായിരത്തിപതിനെട്ട് എങ്ങനെയായിരുന്നുവെന്നു കാണാം ആദ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെബ്രുവരി മാസത്തിലെ യു.എ.ഇ സന്ദർശനം ഇന്ത്യ. യു.എ.ഇ ബന്ധത്തെ പുതിയ മാനങ്ങളിലെത്തിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിന് സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതടക്കം അഞ്ചു ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

തൊഴിൽ, അടിസ്ഥാന സൌകര്യവികസനം, പെട്രോളിയം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ യു.എ.ഇ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. മനുഷ്യക്കടത്തും, തടയുന്നതിനുള്ള സംയോജിത ഓൺലൈൻ സംവിധാനമായിരുന്നു ഇതിൽ പ്രധാനം.  

യു.എ.ഇയിലെ എണ്ണ മേഖലയിൽ ഇന്ത്യൻ കമ്പനികൾ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും ധാരണയിലെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ ആവേശത്തോടെയാണ് പ്രവാസികൾ എതിരേറ്റത്. വർഷാരംഭത്തിലെ ആ ഉണർവ് പല രംഗങ്ങളിൽ ഗുണകരമായെന്നാണ് വിലയിരുത്തുന്നത്. 

പ്രവാസികൾക്ക് ഏറെ ആശ്വാസമായ മറ്റൊരു തീരുമാനമായിരുന്നു യു.എ.ഇയിലെ പൊതുമാപ്പ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നിനു മൂന്നു മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് രണ്ടു തവണയായി അഞ്ചുമാസത്തേക്ക് കാലാവധി നീട്ടിയത് ഡിസംബർ മുപ്പത്തിയൊന്നുവരെയാണ്.

ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ളവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. കാലാവധി കഴിഞ്ഞോ അനധികൃതമായോ യു.എ.ഇയിൽ താമസിക്കുന്ന വിദേശികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരമായിരുന്നു പൊതുമാപ്പ്. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട് എന്നതായിരുന്നു ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രധാനപ്രത്യേകത. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായ് ഇന്തൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിവിധ സംഘടനകൾ വഴിയും പൊതുമാപ്പിനുള്ള സഹായം ലഭ്യമാക്കിയിരുന്നത് പ്രവാസികൾക്ക് തുണയായി. 

പൊതുമാപ്പ് വിദേശികൾക്കുള്ളതായിരുന്നെങ്കിൽ യു.എ.ഇ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഖലീഫാസാറ്റ് ഭ്രമണപഥത്തിലേറിയത് എമറാത്തി ജനതയുടെ അഭിമാനനിമിഷമായിരുന്നു.

യുഎഇ യുവതയുടെ കർമശേഷിയുടെ അടയാളമായ ഖലീഫാസാറ്റ് ജപ്പാനിലെ യോഷിനോബു വിക്ഷേപണ സമുച്ചയത്തിൽ നിന്നും ഒക്ടോബർ ഇരുപത്തിയൊൻപതിന് രാവിലെ എട്ടിനാണ് ആകാശത്തിലേറിയത്.

എഴുപതു സ്വദേശി എൻജിനീയർമാരുടെ പരിശ്രമമായിരുന്നു ഖലീഫാസാറ്റ്. യുഎഇയുടെ ബഹിരാകാശഗവേഷണരംഗത്തെ ഏറ്റവും പുതിയ ചുവടുവയ്പ്പ്. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ജപ്പാനിലെത്തിയിരുന്നു. മു

ഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ 2013ലാണ് ഖലീഫാസാറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്.  ഈ രംഗത്ത് 2200 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.  ബഹിരാകാശ ഗവേഷണത്തിനു പിന്നാലെ രണ്ടായിരത്തിഇരുപതോടെ ചൊവ്വ പര്യവേഷണം യാഥാർഥ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. 

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദിന് ആദരവർപ്പിച്ച് സായിദ് വർഷമായിട്ടാണ് രണ്ടായിരത്തിപതിനെട്ടിനെ യു.എ.ഇ ആചരിച്ചത്. തൊഴിൽ മേഖലയ്ക്ക് ഊർജം പകരാൻ വീസ നിയമങ്ങളിൽ ഇളവുകൾ കൂടി പങ്കുവച്ച വർഷമായിരുന്നു പോയവർഷം.

പ്രവാസികൾക്ക് ജോലിയിൽ നിന്നു വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ അനുമതി നൽകുന്ന നിയമം അടുത്തവർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷകളോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾ കാതോർത്തത്. 55 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവീസ അനുവദിക്കാനാണ് തീരുമാനം. പ്രത്യേക ഉപാധികളോടെ ഇതു പുതുക്കാനുമാകും. 

തൊഴിൽ, വീസ നിയമങ്ങളിൽ യു.എ.ഇ വ്യാപകമാറ്റം വരുത്തിയതും വലിയ വാർത്താ പ്രധാന്യം നേടി. ഒരു തൊഴില്‍ വീസ അനുവദിച്ച് കിട്ടാന്‍ താമസ-കുടിയേറ്റ വകുപ്പില്‍ തൊഴിലുടമ മൂവായിരം ദിര്‍ഹം നിക്ഷേപിക്കണമെന്ന നിബന്ധന അവസാനിപ്പിച്ച് പകരം ഓരോ തൊഴിലാളിക്കും വാര്‍ഷിക വരിസംഖ്യയായി അറുപത് ദിര്‍ഹം മാത്രം അടച്ച് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയില്‍ ചേർക്കുന്ന നടപടിക്കും തുടക്കമായി.

യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിച്ചത് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് പകർന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്ന വിദേശികൾക്ക് രണ്ട് വര്‍ഷത്തെ വീസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

യു.എ.ഇയിൽ താമസമാക്കിയ സ്ത്രീകൾ വിവാഹമോചിതരോ വിധവകളോ ആകുന്നപക്ഷം, സ്പോൺസറില്ലാതെ ഒരു വർഷം കൂടി വീസ നീട്ടി നൽകാനും  തീരുമാനമായി. ഇത്തരത്തിൽ വിവിധവീസനിയമങ്ങളിൽ ഇളവു വരുത്തി പ്രവാസികളായ സ്ത്രീകൾക്കും മുതിർന്നവർക്കും വ്യവസായികൾക്കും ജീവിതസാഹചര്യങ്ങൾ ലളിതമാക്കാനുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് ഭരണാധികാരികൾ പ്രഖ്യാപിച്ചത്. ഇതേ ഭരണാധികാരികൾക്ക് കേരളത്തോടുള്ള സ്നേഹവും പോയവർഷം നമ്മൾ മലയാളികൾ ഏറെ ചർച്ച ചെയ്തു.

പ്രളയദുരന്തത്തിന് കൈത്താങ്ങായി സഹായം പ്രഖ്യാപിക്കുകയും റെഡ് ക്രെസൻറ് അടക്കമുള്ള സാമൂഹ്യസേവന സംഘനകൾ വഴി അത് ഉറപ്പാക്കാനും ഭരണാധികാരികൾ മുന്നിട്ടിറങ്ങിയ കാഴ്ച കേരളത്തോടുള്ള സ്നേഹത്തിൻറെ സാക്ഷ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ നാലു ദിവസത്തെ യു.എ.ഇ സന്ദർശനത്തിനും യു.എ.ഇ ഭരണാധികാരികളുടെ പിന്തുണ ഉറപ്പിക്കാനായി.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻറെ സന്ദർശനവും ഏറെ ശ്രദ്ധനേടി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സൌഹൃദങ്ങൾക്കു പുറമേ പ്രതിരോധം, ബഹിരാകാശം അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്ന കരാറുകളും ചർച്ചകളും പോയവർഷമുണ്ടായി എന്നത് ഇരുരാജ്യങ്ങളുടേയും ഭാവി കൂടുതൽ ശോഭനമാകുമെന്നതിൻറെ സൂചനയായിരുന്നു. ഗൾഫ് മേഖലയിൽ പുതിയ സാന്പത്തിക സംസ്കാരത്തിന് തുടക്കമിട്ട് യുഎഇയിലും സൌദിയിലും 2018 ജനുവരി ഒന്നുതുടങ്ങി മൂല്യവർധിത നികുതി നിലവിൽ വന്നതും പോയവർഷത്തെ പ്രധാനമാറ്റമായിരുന്നു.

വിനോദസഞ്ചാര മേഖലയിലും മികച്ച സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നായ വാര്‍ണര്‍ ബ്രോസ് അബുദാബിയിൽ ജൂലൈയിൽ ഉദ്ഘാടനം ചെയ്തത് വിനോദസഞ്ചാരമേഖയ്ക്ക് പുത്തനുണർവായി. 

ദുബായുടെ ഗതകാലവും വർത്തമാനവും പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും ദുബായ് ഫ്രയെിം തുറന്നുനൽകിയതും ഈ വർഷാദ്യമായിരുന്നു. വിനോദ സഞ്ചാരികൾക്കും വിദേശികൾക്കും ചരിത്രാവബോധം നൽകുന്ന  കാഴ്ചയാണ് സബീൽ പാർക്കിലെ ദുബായി ഫ്രെയിം പകരുന്നത്. 

അതിനിടയിൽ വിഖ്യാത ഇന്ത്യൻ സിനിമാമടി ശ്രീദേവിയുടെ മരണം പ്രവാസി ഇന്ത്യക്കാർക്ക് ദുഖവാർത്തയായി. ഫെബ്രുവരി ഇരുപത്തിനാലിന് പുലർച്ചെ ദുബായിലെ ഹോട്ടലിലെ കുളിമുറിയിലായിരുന്നു ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയങ്ങളും ദുരൂഹതകളും അവസാനിപ്പിച്ച് സ്വാഭാവിക മുങ്ങിമരണമായിരുന്നുവെന്ന വിലയിരുത്തലോടെയാണ് ദുബായ് പൊലീസ് കേസ് ഡയറി ക്ളോസ് ചെയ്തത്. 

വ്യക്തിനഷ്ടങ്ങളുടെ കണക്കുകൾക്കൊപ്പം സാമ്പത്തികമേഖലയിലെ തളർച്ചയ്ക്കും രണ്ടായിരത്തിപതിനെട്ടു സാക്ഷിയായി. സാമ്പത്തിക മേഖലയിലെ തളർച്ചയെ മറികടക്കാൻ ഉത്തേജന പാക്കേജുകളും യു.എ.ഇ ഭരണകൂടം വിഭാവനം ചെയ്യുന്നുണ്ട്. രണ്ടായിരത്തിപത്തൊൻപതിലേക്ക് കടക്കുമ്പോൾ സാമ്പത്തികമേഖലയിലെ അത്തരമൊരു ഉണർവായിരിക്കും പ്രവാസലോകം പ്രതീക്ഷിക്കുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE