ക്രിസ്മസ് എത്തി; ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുമായി പ്രവാസികൾ

gulf-christmas
SHARE

നാട്ടിലേതെന്ന പോലെ കാരൾ സംഗീതവും പുൽക്കൂടും ക്രിസ്മസ് ട്രീയും ഷോപ്പിങ്ങുമൊക്കെയായി ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസിമലയാളികൾ. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും. പ്രവാസിമലയാളികളുടെ ക്രിസ്മസ് ഒരുക്കത്തിൻറെ കാഴ്ചകളും വിശേഷങ്ങളുമാണ് ആദ്യം കാണുന്നത്.

ഗൃഹാതുരത്വം നിറഞ്ഞ ക്രിസ്മസ് ഓർമകളെ പ്രവാസലോകത്ത് താലോലിക്കുകയാണ് ഗൾഫ് മലയാളികൾ. സ്കൂൾ അവധിക്കാലത്ത് നക്ഷത്രവിളക്കു തൂക്കാനും കാരൾ സംഘങ്ങളുമായി നാടു ചുറ്റാനും കഴിഞ്ഞ നല്ല കാലത്തിൻറെ ഓർമപ്പെടുത്തലുകളിലാണ് പ്രവാസിയുടെ ജീവിതം. പക്ഷേ, ഓർമകളെ താലോലിക്കാൻ മാത്രമല്ല അതിനെ പുനർനിർമിക്കാൻ കൂടിയാണ് പ്രവാസിമലയാളികളുടെ ഒരുക്കം. ആഘോഷത്തോടെ അവിസ്മരണീയമായ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഗൾഫ് മലയാളികൾ. നാട്ടിലേതെന്ന പോലെ ക്രിസ്മസ് അപ്പൂപ്പനും നക്ഷത്രവിളക്കുകളുമൊക്കെയായി കാരൾ സംഘങ്ങൾ മരുഭൂമിയുടെ ഇടനാഴികളിൽ സജീവമാണ്.

നാട്ടിലേതെന്നപോലെ വീട്ടുപടിക്കലെത്തുന്ന കാരൾ സംഘങ്ങൾ ഫ്ളാറ്റുകളിലേക്ക് തിരുപ്പിറവിയുടെ സന്ദേശവുമായി കടന്നു ചെല്ലുന്നുണ്ട്. നന്മയുടെ നക്ഷത്രവിളക്കുകളിൽ അണയാതെ കത്തട്ടെയെന്ന ഓർമപ്പെടുത്തലോടെ. ക്രിസ്മസെന്നോർക്കുമ്പോൾ മനസിൽ തെളിയുന്ന പഴയകാല കാരൾ ഗാനങ്ങൾ തുടങ്ങി പുതിയ റീമേക് ഗാനങ്ങൾ വരെ ഡിസംബറിൻറെ നനുത്ത രാവുകളിൽ ഉയർന്നുകേൾക്കുന്നുണ്ട്.

വീട്ടിൽ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ളോസിനെ കാത്തിരിക്കുന്ന കുരുന്നുകളും നാട്ടിലേതിനു സമാനമായ കാഴ്ചയാണ്. കാരൾ സംഘങ്ങളെ വരവേൽക്കാൻ അതിലുപരി ക്രിസ്മസ് രാവിനെ വരവേൽക്കാൻ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമായി ഫ്ളാറ്റുകളിൽ ഒരുക്കം തുടങ്ങി.

ക്രിസ്മസ് വീടിനുള്ളിലെ മാത്രം ആഘോഷമല്ല. ഗൾഫ് നാടുകളിലെല്ലാം ഡിസംബറിനെ ഓർമപ്പെടുത്തി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. തെരുവുകളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം കൂറ്റൻ ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും ഒരുങ്ങികഴിഞ്ഞു. ഒപ്പം അബുദാബിയിലെ വിൻറർ വില്ലേജും മഞ്ഞുമലയുമൊക്കെ മഞ്ഞണിഞ്ഞ രാവിൻറെ ഓർമകൾ പങ്കുവയ്ക്കുകയാണ്. വിപണിയും ക്രിസ്മസിൻറെ ആരവമൊരുക്കുന്നു. 

കൂറ്റൻ സ്റ്റീൽ കമ്പികളും, പ്ലാസ്റ്റിക്കും, മറ്റ് അലങ്കാര വസ്തുക്കളും കൊണ്ട് അബുദാബി അൽ വഹ്ദ മാളിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ ഒരേ സമയം വിസ്മയവും കൌതുകകരവുമാണ്. വിവിധ നിറങ്ങളിലായി ക്രിസ്മസ് ബെല്ലുകളും മിഠായി വടികളുമൊക്കെെ ട്രീയെ അതിമനോഹരമാക്കുന്നു. 

ഷോപ്പിങ് മാളുകളിൽ ഒരുക്കിയിരിക്കുന്ന സാന്താ വില്ലേജും ഏറെ ആകർഷകമാണ്. കൺചിമ്മുന്ന നക്ഷത്രവിളക്കുകളും വർണക്കടലാസുകളും സാന്തയുടെ ഗ്രാമത്തെ മനോഹരമാക്കുന്നു. നൂറുകണക്കിനു സന്ദർശകരാണ് ഇവിടെയെത്തുന്നത്.

പ്രവാസിയുടെ ആഘോഷങ്ങൾ വിപണിയെ ചുറ്റിപ്പറ്റിമാത്രമല്ല. ക്രിസ്മസിനെ വരവേറ്റ് അറബ് നാട്ടിൽ നിന്നും ഇത്തവണയും സംഗീത ദൃശ്യ ആൽബം പുറത്തിറങ്ങുന്നുണ്ട്.  നോയൽ എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബമാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. അബുദാബിയിലെ പ്രവാസിമലയാളികളായ തോമസ് ജോർജ്, ജീവ് ജേക്കബ്, സോളമൻ തോമസ് എന്നിവർ ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. ബിജോയ് ബാബു സംഗീത സംവിധാനം നിർവഹിച്ച ആൽബത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്.ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൂർണ്ണമായും അറേബ്യൻ മണലാര്യന്നതിൽ ചിത്രീകരിച്ച ആൽബം സോഷ്യൽ മീഡിയയിലും തരംഗമാണ്. ഗൾഫ് നാടുകളിലെ വിവിധ ദേവാലയങ്ങളിൽ ക്രിസ്മസിനെ വരവേൽക്കാൻ പ്രത്യേക പ്രാർഥനകൾ തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് രാവിൽ നാട്ടിലേതെന്ന പോലെ പ്രത്യേക കുർബാനയും ശുശ്രൂഷകളും സംഘടിപ്പിക്കും. ഇത്തവണത്തെ ക്രിസ്മസിന് മുൻപെങ്ങുമില്ലാത്ത വിധം മറ്റൊരു കാത്തിരിപ്പിൻറെ പ്രത്യേകതകൂടിയുണ്ട് യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ. കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസീസ് മാർപ്പാപ്പയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള ക്രിസ്മസ് കാലത്ത് ആധ്യാത്മികാചാര്യനെ വരവേൽക്കാൻ കൂടിയുള്ള ഒരുക്കവും ദേവാലയങ്ങളിൽ സജീവമാണ്. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണ് ഫ്രാൻസീസ് മാർപ്പാപ്പയുടെ അബുദാബി സന്ദർശനം. 

ഡിസംബറിൻറെ നനുത്ത രാവിൽ പള്ളിമണികളുടെ ചുവടുപിടിച്ച് തിരുപ്പിറവിയുടെ സന്തോഷം പങ്കുവയ്ക്കുന്ന നാട്ടിലെ ഓർമകളെ അതേപടി ഇവിടെ പ്രവാസലോകത്തും പറിച്ചുനടുകയാണ് പ്രവാസിമലയാളികൾ. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അതീതമായി ക്രിസ്മസിൻറെ നന്മയും സന്തോഷവും എല്ലാവരിലുംമ നിറയട്ടെയെന്നാണ് പ്രവാസലോകത്തിൻറെ ആശംസ....

MORE IN GULF THIS WEEK
SHOW MORE