മലയാളികൾക്ക് സമർപ്പണവുമായി പ്രവാസികളുടെ നാടകം

drama
SHARE

പ്രളയദുരന്തത്തെ അതിജീവിച്ച മലയാളികൾക്ക് സമർപ്പണവുമായി ഒമാനിലെ മലയാളി പ്രവാസികളുടെ നാടകം. കുട്ടനാടിൻറെ പശ്ചാത്തലത്തിലൊരുക്കുന്ന കടലാസു തോണിയെന്ന നാടകത്തിൻറെ പരിശീലനക്കളരിയിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്. 

കേരളത്തിലേതിനു സമാനമായ ഭൂപ്രകൃതിയുള്ള ഒമാനിൽ കേരളീയ സംസ്കാരവും പച്ചപിടിക്കുകയാണ്. കലയും സംഗീതവും നാടകവുമൊക്കെയായി പ്രവാസിമലയാളികൾ നാടിനോടു ചേർന്നു നിൽക്കുന്നു. ഒരുകൂട്ടം പ്രവാസികളുടെ നാടാകാഭിനിവേശത്തിൻറെ നേർസാക്ഷ്യമാണ് തീയറ്റർ ഗ്രൂപ്പ് മസ്ക്കറ്റെന്ന നാടകസംഘം. ജോലിത്തിരക്കുകൾക്കിടയിലും അഞ്ചുമാസത്തെ പരിശീലനക്കളരിയിലൂടെയാണ് കടലാസു തോണിയെന്ന നാടകം അരങ്ങലെത്തിക്കാനൊരുങ്ങുന്നത്. 

വീട്ടമ്മമാരടക്കം ഇരുന്നൂറു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പലരും നാടകത്തിന്റെ പരിശീലന കളരിയിൽ എത്തുന്നത്. വേഷപ്പകർച്ചയ്ക്ക് മനസും ശരീരവും അർപ്പിച്ചുള്ള പരിശീലനം. 

കുട്ടനാടിൻറെ പച്ചയായ ജീവിതത്തിലേക്ക് നേരേപിടിച്ച കണ്ണാടിയാണ് കടലാസു തോണി. കുട്ടനാടിന്റെ ഉത്സമായ വള്ളംകളിയും, പ്രണയവും, സംഘർഷഭരിതമായ ജീവിതവും എല്ലാം നാടകത്തിൻറെ പച്ച ഞരമ്പുകളായി തെളിയും. ചെറു കാറ്റിൽ പോലും ഉലയുന്ന മനുഷ്യജീവിതത്തിൻറെ പ്രതീകമാണ് കടലാസു തോണി . 

മലയാള നാടകത്തിനിലെ കുലപതി ആർടിസ്റ്റ്  സുജാതനാണ് കടലാസുതോണിക്ക് രംഗപടം ഒരുക്കുന്നത്. പ്രവാസലോകത്തെ പ്രശസ്ത മലയാള നാടകകൃത്തായ ജയ്പാൽ ദാമോദരാണ് രചന. അൻസാർ ഇബ്രാഹിം സംവിധാനം നിർവഹിച്ചു. മുഹമ്മദ് വെമ്പായത്തിൻറെ ഗാനങ്ങൾക്ക് ബോബി സേവ്യറാണ് സംഗീതം നൽകിയിരിക്കുന്നത്. മലയാള മണ്ണിൽ നഷ്ടമാകുന്ന നാടകസംസ്കാരത്തെ ഇങ്ങകലെ പ്രവാസമണ്ണിൽ പുനർജീവിപ്പിക്കുകയാണ് ഈ കലാകാരൻമാർ. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി തിരക്കുകളിലമരുമ്പോഴും ഇത്തരം പരിശ്രമങ്ങൾക്ക് പ്രവാസികളുടെ പിന്തുണയുണ്ടാകുന്നുവെന്നതാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE