കാത്തിരിപ്പിന് വിരാമം; പ്രവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരം

kannur-airport4
SHARE

പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. വാണിജ്യവ്യവസായരംഗത്തു തുടങ്ങി പ്രവാസികളുടെ യാത്രാ ക്ലേശത്തിനു വരെ പരിഹാരമാണ് പുതിയ വിമാനത്താവളം. വിമാനത്താവളത്തെക്കുറിച്ചു പ്രവാസികൾക്കുള്ള പ്രതീക്ഷകകൾ പങ്കുവയ്ക്കുന്ന ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.

വ്യവസായം, വിനോദസഞ്ചാരം, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വൻനിക്ഷേപമാണ് വിമാനത്താവളം നിലവിൽ വരുന്നതോടെ മലബാർ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഹകരണം തന്നെയാണ് പ്രധാനപ്രതീക്ഷ. പ്രവാസികളുടെ പ്രതികരണങ്ങൾ, പ്രതീക്ഷകൾ, ആശങ്കകൾ എന്തെല്ലാമാണെന്നു കേൾക്കാം ആദ്യം.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പറന്നുയരാനൊരുങ്ങുന്നത്. ഇങ്ങകലെ മരുഭൂമിയിൽ കാത്തിരിപ്പുതുടങ്ങിയിട്ട് കാലമേറെയായി. ഒടുവിൽ ഇരുപതോളം വർഷത്തെ സ്വപ്നം സഫലമാകുന്നു. രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായിരിക്കുന്നു. കണ്ണൂർ, കാസർകോഡ്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലെ ലക്ഷക്കണക്കിനു പ്രവാസികളുടെ യാത്രക്ളേശങ്ങൾക്കുള്ള പരിഹാരമാണ് കണ്ണൂർ വിമാനത്താവളം. രാജ്യാന്തര വിമാന കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് കണ്ണൂരിൽനിന്നും സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്. അബുദാബി, ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്കത്ത് സര്‍വീസും ഉടൻ ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്കത്ത്, ദോഹ, കുവൈത്ത് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഗൾഫിലേക്കുള്ള ആദ്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞത് ആദ്യത്തെ ആവേശം മാത്രമായി ചുരുങ്ങില്ലെന്നുറപ്പാണ്. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കാപ്പികളുടെ നാടായ കുഡഗ്, കൂർഗ്, തലക്കാവേരി, മടിക്കേരി, ബൈലക്കുപ്പ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാവുന്ന ഏറ്റവും അടുത്ത വിമാനത്താവളമാണ് കണ്ണൂരിലേത്. വയനാടും ഊട്ടിയും അടങ്ങുന്ന മേഖലകളിലെ വിനോദസഞ്ചാരത്തിനും കണ്ണൂർവിമാനത്താവളം പ്രയോജനകരമാകും. മേൽപ്പറഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നവയായതിനാലും പച്ചപ്പുതേടുന്ന ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോകുന്നവയാണ്. ലക്ഷക്കണക്കിനു ആഭ്യന്തര വിദേശ സഞ്ചാരികളെത്തുന്ന കുഡഗിലേക്കുള്ള ഗേറ്റ് വേയായി കണ്ണൂർ വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷ. ഗൾഫ് മേഖലകളിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രത്യേക ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നത് വിദേശനാണ്യം നേടിത്തരും.

വിനോദസഞ്ചാരമേഖലയിലെ വികസനത്തിനൊപ്പം കേരളത്തിൻറെ തനതു കലകളെ പ്രചരിപ്പിക്കുന്നതിനും ആയുർവേദമടക്കമുള്ള ചികിൽസയ്ക്ക് മികച്ച മാർക്കറ്റിങ് കണ്ടെത്തുന്നതിനും കണ്ണൂർവിമാനത്താവളം പ്രയോജനപ്പെടുത്താനാകുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിൻറെ ആയുഷ് പദ്ധതിയോടും യോഗ അടക്കമുള്ള അഭ്യാസമുറകളോടും ഗൾഫ് രാജ്യങ്ങളിലെ പൌരൻമാരും ഭരണകർത്താക്കളും കാണിക്കുന്ന താൽപര്യം കൃത്യമായി ഉപയോഗപ്പെടുത്താനായാൽ കേരളത്തിനു ഗുണകരമാകും. ഗൾഫിൽ നിന്നും നിലവിൽ കേരളത്തിലെ വിവിധ ആശുപത്രികളിലായി മികച്ച ചികിൽസയ്ക്കായി എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഗൾഫും മലബാർ മേഖലയുമായുള്ള സമയദൈർഘ്യം കുറയുന്നതും യാത്ര സൌകര്യം കൂടുന്നതും ആരോഗ്യ മേഖലയിൽ വൻ നിക്ഷേപത്തിനുള്ള സാധ്യത തുറന്നിടുന്നു. ഗൾഫ് മേഖലയിലെ മലയാളികളായ പ്രവാസി വ്യവസായികൾ ആരോഗ്യരംഗത്തെ നിക്ഷേപസാധ്യത പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്.

വടക്കൻ മലബാറിലേക്ക് വൻ വ്യവസായനിക്ഷേപസാധ്യതകളാണ് കണ്ണൂർവിമാനത്താവളം തുറന്നിടുന്നത്. ഹോട്ടലുകൾ, ചെറുകിട വൻകിട വ്യവസായങ്ങൾ, കാർഷികരംഗം, ഐ.ടി തുടങ്ങിയ മേഖലകളിൽ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് താങ്ങായി അടിസ്ഥാനസൌകര്യ വികസനം അത്യാവശ്യമാണ്. ഗൾഫിലേക്ും ഗൾഫിൽ നിന്നുമുള്ള കയറ്റ് ഇറക്കുമതി മലബാറിൻറെ വികസനത്തിനുള്ള നിർണായകസൂചികയാകുമെന്നുറപ്പാണ്. കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി കൃത്യമായി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഗൾഫു രാജ്യങ്ങളുമായുള്ള വ്യവസായ ഇടനാഴിയാക്കി കണ്ണൂരിനെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ രംഗത്തും വിമാനത്താവളം ഏറെ പ്രതീക്ഷനൽകുന്നുണ്ട്. മലബാർ ഭാഗങ്ങളിലെ പ്രവാസി മലയാളികളുടെ മക്കൾക്ക് നാട്ടിലെത്തി പഠിക്കാൻ സൌകര്യമൊരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുണ്ടെങ്കിലും സൌകര്യങ്ങൾ വികസിപ്പിക്കുന്നത് ഉചിതമാകുമെന്നാണ് പ്രവാസികളുടെ നിർദേശം. ഒപ്പം അറേബ്യൻ നാടുകളിൽ നിന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി കൂടുതൽ വിദ്യാർഥികളും ഗവേഷകരും കണ്ണൂർ വഴി കേരളത്തെ തിരഞ്ഞെടുക്കാനും സാധ്യതയേറെയാണ്.

അങ്ങനെ പ്രവാസികളുടെ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകിലേറ്റിയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നത്. കേന്ദ്രസംസ്ഥാനസർക്കാരുകൾ കൃത്യമായ വികസനപ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇരുപത്തിനാല് ചെക് ഇൻ കൌണ്ടറുകളും 32 ഇമിഗ്രേഷൻ കൌണ്ടറുകളും കടന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളം നല്ല അനുഭവമായിമാറട്ടെയെന്ന പ്രതീക്ഷകളോടെ ആശംസനേരുകയാണ്.

MORE IN GULF THIS WEEK
SHOW MORE