പ്രവാസിലോകത്തെ നർത്തകി

parvathi-dance
SHARE

പ്രവാസികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും നാലാളറിയുകയും ചെയ്യാൻ ഏറെ സാധ്യതകളുള്ള സ്ഥലമാണ് ഗൾഫ് നാടുകൾ. എന്നാൽ, ചിലരുടെ കഴിവുകൾ ജോലിയുടേയും വ്യക്തിപരവുമായ തിരക്കുകളാൽ കുഴിച്ചുമൂടപ്പെടാറുമുണ്ട്. അത്തരക്കാർക്ക് പ്രചോദനമാണ് കൊല്ലം സ്വദേശി പാർവതി രാജ്. പാർവതി എന്ന നർത്തകിയുടെ വിശേഷങ്ങൾ കാണാം ഇനി.

ഇരുപത്തിമൂന്നാം വയസിൽ നൃത്തരംഗത്തേക്ക് ചുവടുവച്ച കലാകാരിയെന്ന ലേബലില്ല കൊല്ലം സ്വദേശിയും ദുബായിലെ പ്രവാസി മലയാളിയുമായ പാർവതി രാജിനെ പരിചയപ്പെടുത്തേണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് സാഹചര്യങ്ങളുടെ ബുദ്ധിമുട്ടുകളെ മറികടന്ന് നൃത്തലോകത്ത് മുന്നേറുന്ന കലാകാരി. ഏറെ വ്യത്യാസങ്ങളുള്ള, വെല്ലുവിളി നിറഞ്ഞ മൂന്ന് നൃത്തരൂപങ്ങളായ കഥക്, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയെ ഒരുപോലെ സജീവമായി അവതരിപ്പിച്ചാണ് പാർവതി വിസ്മയമാകുന്നത്. ഇന്ന് ദുബായിലെ നൃത്തപരിപാടികളിലും സ്വന്തമായുള്ള യൂ ട്യൂബ് ചാനലിലും സജീവസാന്നിധ്യമാണ് പാർവതി.

പഠനകാലത്ത് ശാസ്ത്രീയനൃത്തം അഭ്യസിച്ചിരുന്നില്ല എന്ന സങ്കടം മാറ്റിയത് തിരുവനന്തപുരത്തെ ജോലിത്തിരക്കുകൾക്കിടയിലാണ്.  നാട്യവേദ കോളജ് ഓഫ് പെർഫോമിങ് ആർട്സിൽ രാവിലെ അഞ്ചുമണിക്കാണ് ശാസ്ത്രീയ നൃത്തം പഠിച്ചുതുടങ്ങിയത്. കലാമണ്ഡലം സോണി ടീച്ചറുടെ പ്രോത്സാഹനവും നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയവുമായിരുന്നു കൈമുതൽ.

തുടർന്ന് നാട്യവേദയിൽ നിന്നുതന്നെ നൃത്താധ്യപികയായ അപർണ മുരളീകൃഷ്ണൻറെ ശിഷ്യത്വത്തിൽ ഭരതനാട്യവും സുജൈത ടീച്ചറിൽ നിന്നും കഥകും പഠിച്ചു. ജോലിയും പാഷനും ഒരുമിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൾക്കിടെ വിവാഹം കഴിച്ചു ദുബായിലെത്തി. ദുബായ് ജീവിതത്തിനിടെയാണ് ഐടി ജോലി അവസാനിപ്പിച്ചു നൃത്തം പ്രൊഫഷനാക്കാൻ തീരുമാനിച്ചത്. ഭർത്താവ് രാജ്കുമാറിൻറെ പൂർണപിന്തുണയോടെയായിരുന്നു നൃത്തരംഗത്ത് സജീവമായത്. യു ട്യൂബ് ചാനലിലൂടെ ഭരതനാട്യത്തിൻറെ ബാലപാടങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. ഒപ്പം മോഹിനിയാട്ടം, ഭരതനാട്യം, കഥക് തുടങ്ങി നൃത്തരൂപങ്ങൾ അവതരിപ്പിച്ച് പോസ്റ്റ് ചെയ്തു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അധ്യാപകരുടേയുമൊക്കെ പ്രോത്സാഹനത്തോടെ യു ട്യൂബിൽ സജീവമായി.

നവകേരള നിർമിതിക്ക് നൃത്തരൂപത്തിലൂടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് വർഷം എന്ന പരിപാടിയും കഴിഞ്ഞമാസം അവതരിപ്പിച്ചു. പൂമരം സിനിമയിലെ ദേശ് രാഗ തില്ലാന എന്ന ഗാനത്തിന് കഥക്, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയുടെ ഫ്യൂഷൻ അവതരിപ്പിച്ചതു ഏറെ വെല്ലുവിളിനിറഞ്ഞതായിരുന്നു.

ശാസ്ത്രീയനൃത്തരംഗത്ത് അറിയപ്പെടുന്ന കലാകാരിയാകണമെന്നാണ് പാർവതിയുടെ ആഗ്രഹം. ഒപ്പം ഒരു കൂട്ടം നർത്തകരെ അണിനിരത്തി സംഘമായി പരിപാടി അവതരിപ്പിക്കണമെന്ന ആഗ്രഹവും. കൊച്ചുപ്രയത്തിൽ കൈവിട്ടതും യുവത്വത്തോടെ തിരിച്ചുപിടിച്ചതുമായ നൃത്തമെന്ന അഭിനിവേശത്തെ ഇനി ഒരിക്കലും കൈവിടില്ലെന്ന ആഗ്രഹത്തിലാണ് നൃത്തലോകത്തെ പാർവതിയുടെ ജീവിതം.

ഗൾഫ് നാടുകൾ ഡിസംബറിൻറെ ആഘോഷങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഷോപ്പിങ്ങും പുതുവർഷത്തെ വരവേൽക്കാനുള്ള പ്ളാനുകളുമായി തിരക്കിലാണ് പ്രവാസികൾ. പ്രവാസികളുടെ വിസ്മയങ്ങളുടേയും അനുഭവങ്ങളുടേയും കാഴ്ചകളൊരുക്കുന്ന ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുകയാണ്. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വിശേഷങ്ങൾ പങ്കുവയ്ക്കാം. ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും. അറിയിക്കേണ്ട വിലാസം. 

MORE IN GULF
SHOW MORE