'തലതിരിഞ്ഞു' ചിന്തിക്കുന്നവർ

gulf-this-week4
SHARE

ലോകം മുഴുവൻ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ തലതിരിഞ്ഞു ചിന്തിക്കുന്നവർ ഏറെയുണ്ട്. അത്തരത്തിൽ വിസ്മയിപ്പിക്കുന്ന കഴിവുകളുള്ള ഒരു ആർകറ്റെക്റ്റിനെയാണ് ഇനി പരിചയപ്പെടുന്നത്. കൊച്ചി സ്വദേശിയായ ജൂഡ്സൻറെ വിശേഷങ്ങളാണ് കാണുന്നത്.

എല്ലാവരും ഒരേ വഴിയിലൂടെ നടക്കുമ്പോൾ കഴിവും പരിശ്രമവും കൊണ്ട് വ്യത്യസ്തവും വിസ്മയകരവുമായ വഴി തിരഞ്ഞെടുത്താണ് ജൂഡ്സൺ മുന്നോട്ടു പോകുന്നത്. അംബര ചുംബികളും മനോഹരവുമായ കെട്ടിടങ്ങൾ, അഴകളവിനാൽ അൽഭുതം തീർക്കുന്ന നിർമിതികൾ, മനസിനോടത്തു നിൽക്കുന്ന വീടുകൾ...എല്ലാത്തിൻറേയും ത്രിമാന ചിത്രങ്ങൾ തലതിരിച്ചു വരച്ചാണ് ജൂഡ്സൺ വിസ്മയിപ്പിക്കുന്നത്. മുന്നിലിരിക്കുന്ന കസ്റ്റമറുടെ കാഴ്ചയ്ക്ക് മറപിടിക്കാതെ നേരിട്ട് കാണാനുള്ള അവസരം. അതിലുപരി, ലോകത്ത് അത്യപൂർവമായി മാത്രമുള്ള സിദ്ധിക്കുടമയാണ് ഈ കൊച്ചിക്കാരൻ. തല തിരിച്ച് ത്രീ ഡി ഡയമെൻഷനിൽ പ്ളാൻ വരയ്ക്കുന്ന കൺസപ്റ്റ് എലിവേഷൻ ചെയ്യുന്ന അപൂർവതയാണ് ജൂഡ്സണെ വ്യത്യസ്തനാക്കുന്നത്. അമേരിക്കൻ ആർക്കിടെക്ടായിരുന്ന പോൾ വില്യംസിനെയാണ് തലതിരിച്ചുള്ള ത്രീ ഡി ഡയമെൻഷനിൽ പ്ളാൻ വരയ്ക്കുന്ന വ്യക്തിയായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു വ്യക്തിയും ഇത്തരമൊരു രചനാ രീതി സ്വീകരിച്ചിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് ജൂഡ്സൺ വ്യക്തമാക്കുന്നു. 

വാസ്തുവിദ്യയുടെ എല്ലാ തലങ്ങളേയും പുസ്തകങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സ്വന്തമാക്കിയവർപോലും പരിചയപ്പെടാത്ത അപൂർവ കഴിവാണിതെന്ന് തിരിച്ചറിഞ്ഞപ്പോൾ പതിവുപോലെ ദൈവത്തിനു നന്ദിയെന്ന പല്ലവിയും. ആർക്കിടെക്ചർ ബിരുദങ്ങളും പേറി ഗൾഫ് നാടുകളിൽ സ്വപ്നസാഫല്യങ്ങൾക്കായി അലയുന്നവരേറെയുണ്ട്. അവരെല്ലാവരിൽ നിന്നും വ്യത്യസ്തനാണ് ജൂഡ്സൺ. ഇരുപത്തിയൊന്നാം വയസിൽ ജീവിതം പച്ചപിടിപ്പിക്കാൻ മരുഭൂമിയിലേക്ക് ചുവടുവച്ച കൽപ്പണിക്കാരനിൽ നിന്നും വിസ്മയിപ്പിക്കുന്ന സിദ്ധിയാൽ ജീവിതം മനോഹരമാക്കിയ വ്യക്തി. ചെറുപ്പകാലത്തെ സങ്കടത്തിരകളെ അൾത്താരയിലർപ്പിച്ച കൊച്ചുജൂഡ്സൺ ഇന്നും വിശ്വസിക്കുന്നു ദൈവവിശ്വാസത്തിൻറെ കരംഗ്രഹിച്ചായിരുന്നു ഇതുവരെയുള്ള ജീവിതം. ഇനിയുള്ളതും.

കുട്ടിക്കാലത്ത് നിലത്തും മതിലുകളിലുമൊക്കെയുള്ള കോറിയിട്ട വരകളും ചിത്രങ്ങളുമായിരുന്നു ജൂഡ്സൻറെ ചിത്രജീവിതത്തിൻറെ ആദ്യഘട്ടം. പിന്നീട്, കൽപ്പണിക്കാരനായും കർട്ടൺ വർക്കുകളിലൂടെയുമൊക്കെ കടന്നു പോയ ദുർതിപർവം. ഒപ്പം ഖത്തറി ഒരു പ്രശസ്ത കമ്പനിയിൽ ജോലി തേടിചെന്നു കണ്ടുപിടിച്ച നിശ്ചയദാർഡ്യത്തിൻറെ ഘട്ടവും. പിന്നീടാണ് വാസ്തുവിദ്യയുടെ വിസ്മയങ്ങളിലാണ് ജീവിതമെന്ന തിരിച്ചറിവിലൂടെ ആ രംഗത്തേക്ക് കടക്കുന്നത്. കേരളത്തിലെ പ്രശസ്തരായ ആർക്കിടെക്റ്റുകൾക്കൊപ്പം ഫ്രീലാൻസായി ജോലി തുടങ്ങി,. നാലാം ഘട്ടത്തിലാണ് സ്വന്തമായി പ്ളാൻ വരച്ചു കൊച്ചിയിൽ ജൂഡ്സൺ അസോസിയേറ്റ്സെന്ന സ്ഥാപനം തുടങ്ങുന്നത്. 

അൻപത്തിരണ്ടാം വയസിലെത്തിനിൽക്കുമ്പോൾ ജീവിതത്തിൻറെ മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നുവെന്ന വിശ്വാസത്തിലാണ് ജൂഡ്സൺ. മകൾ ടാന്യ യെ ആർക്കിടെക്ചർ ബിരുദധാരിയാക്കി. രണ്ടുവർഷത്തിലധികമായി ജൂഡ്സൺ അസോസിയേറ്റ്സിൻറെ പ്രവർത്തനങ്ങളിൽ മകൾ സജീവമാണ്. 

അങ്ങനെ ആയിരക്കണക്കിനു പേരുടെ വിശ്വസ്തതയോടെ ഉത്തരവാദിത്തം അടുത്തതടമുറയ്ക്ക് കൈമാറിയെങ്കിലും തലതിരിച്ചുള്ള വരകളുടെ ലോകത്ത് പുതിയമാനങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ അതിജീവനങ്ങളുടെയും ആശയങ്ങളുടേയും സുഹൃത്ത്.

MORE IN GULF THIS WEEK
SHOW MORE