നാൽപ്പത്തിയേഴിന്റെ നിറവിൽ യു.എ.ഇ

uae-celebration
picture courtesy: emirates247
SHARE

കേരളത്തിൻറെ ഉയർച്ചകളിൽ നാം ഏറ്റവും കടപ്പെട്ടിരിക്കുന്ന സമൂഹമാണ് യു.എ.ഇയിലേത്. അതിലുപരി വേദനകളിൽ കരുതലായ് എന്നും കൂടെയുണ്ടാകുന്ന രാജ്യം. ഡിസംബർ രണ്ടിലെ ദേശീയദിനാഘോഷത്തിൻറെ നിറവിൽ യു.എ.ഇയുടെ ചരിത്രവും വിശേഷങ്ങളുമാണ് ആദ്യം...

യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഏഴ് സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷൻ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടിരുന്ന വികസനം എത്തിനോക്കിയിട്ടില്ലാത്ത എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു 1950 നു മുൻപു വരെ ഈ പ്രദേശം. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്നഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ ആറ് എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്‍റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ ഹൌസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം. 

ഷെയ്ഖ് സായിദ് പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡന്റ് ആയി ചുമതലയേറ്റു. ഷെയ്ഖ് റാഷിദ് പ്രധാനമന്ത്രിയായി. ഭരണനിർവഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്നു സുപ്രീംകൌൺസിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകളുടെയും സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടുള്ള കൂട്ടായ്മയെന്നതാണ് യുഎഇയുടെ പ്രധാന സവിശേഷത. രാജ്യം രൂപീകൃതമായി നാലര പതിറ്റാണ്ട് പിന്നീടുന്പോള്‍ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി യുഎഇ വളര്‍ന്നു കഴിഞ്ഞു. മണൽക്കാടുകളിൽ നിന്നും മനോഹാരിതയിലേക്കുള്ള വളർച്ച. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തെലാണ് ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിതെളിച്ചത്. ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്നും യു.ഏ.ഇ യിലാണ്. അതിൽ 90%വും തലസ്ഥാനമായ അബുദാബിയിൽ. ആഗോളപ്രകൃതിവാതക നിക്ഷേപത്തിൻറെ മൂന്നുശതമാനവും യു.എ.ഇയിലാണ്. എണ്ണയിൽപ്പാദനത്തിലൂടെയാണ് തുടക്കമെങ്കിലും വിനോദസഞ്ചാരം അടക്കമുള്ള മേഖലകളിലെല്ലാം യു.എ.ഇ വികസനത്തിൻറെ പാതയിലാണ്. 

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഷെയ്ഖ് സായിദ് വർഷാചരണം കൂടിയായതോടെ ഇത്തവണത്തെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമാണ്. വിവിധ നാട്ടുപ്രദേശങ്ങളെ യുഎഇ എന്ന രാജ്യത്തിനു കീഴിൽ അണിനിരത്തി ലോകം ഉറ്റുനോക്കുന്ന വിധം മഹത്തായ രാജ്യമാക്കി വളർത്തിയെടുത്ത സ്ഥാപക നേതാക്കളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ശാസ്ത്ര, സാമ്പത്തിക, സാമൂഹിക, വികസന രംഗം തുടങ്ങി സമസ്ത മേഖലകളിലും 47 വർഷംകൊണ്ട് യുഎഇ നേടിയ വളർച്ച ലോകത്തിനു മാതൃകയാണ്. പൂർണമായും സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത ഖലീഫാസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് പോയവർഷം ഈ കൊച്ചുരാജ്യം ലോകത്തിൻറെ നെറുകയിലേക്കുയർന്നു.

ബഹിരാകാശ രംഗത്ത് 2200 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് യുഎഇയ്ക്കുള്ളത്. ഖലീഫ സാറ്റ് ഉൾപ്പെടെ ഒൻപതു ഉപഗ്രഹൾങ്ങൾ യുഎഇ നിയന്ത്രിക്കുന്നു. സഹിഷ്ണുതയ്ക്കും സന്തോഷത്തിനും നിർമിത ബുദ്ധിക്കും മന്ത്രാലയങ്ങൾ രൂപീകരിച്ച് മന്ത്രിമാരെ ചുമതലപ്പെടുത്തിയതും രാജ്യത്തിന്റെ കാഴ്ചപ്പാട് വിശാലമാണെന്ന് തെളിയിക്കുന്നു. 

ഒരു കാലത്ത് എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം ഇന്ന് എണ്ണയിതര വരുമാനത്തിലും ലക്ഷ്യം കൈവരിച്ചുവരികയാണ്. ഈ രംഗത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2.3 ശതമാനം വളർച്ചയാണ് സെൻട്രൽ ബാങ്ക് പ്രവചിച്ചിരിക്കുന്നത്. അടുത്ത വർഷം 3.7 ശതമാനം വർധന പ്രതീക്ഷിക്കുന്നു. വിവിധ രാഷ്ട്രീയ പ്രശ്നങ്ങലാൽ ഗൾഫ് മേഖല ആടിയുലഞ്ഞപ്പോഴും യു.എ.ഇ കരുത്തോടെ ഒരുമിച്ചുനിന്നു. മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സൈനിക രംഗത്തും യുഎഇ സഹകരിച്ച് പ്രവർത്തിക്കുന്നു. ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് രാജ്യാന്തര തലത്തിൽ കൈകോർത്താണ് പ്രവർത്തനം. യുഎഇയുടെ വിദേശനയവും ലോക രാജ്യങ്ങളോടുള്ള തുറന്ന സമീപനവും രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ മഹത്വം ഉയർത്തി. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ മൂന്നാം സ്ഥാനമാണ് യുഎഇക്കുളളത്. സ്വദേശികൾക്ക് മുൻകൂട്ടി വീസയെടുക്കാതെ 163 രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് നേട്ടം. സാമ്പത്തിക, സാമൂഹിക  വളർച്ചയ്ക്കൊപ്പം ഹൃദയവിശാലതയും വളരുന്നുവെന്നതാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ യു.എ.ഇയെ രണ്ടാം വീടായി കരുതാൻ കാരണം. പ്രതിശീർഷ വരുമാനത്തിലും വിദ്യാഭ്യാസത്തിലും വികസനത്തിലും കേരളം ഇന്നു കാണുന്ന വളർച്ചയിലെത്തിയതിന് ഈ നാടിനോടുള്ള കടപ്പാട് മറക്കാനാവില്ല. ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ മലയാളികളുടെ ഗൾഫ് കുടിയേറ്റം കേരളത്തിൻറെ വളർച്ചയുടെ നാഴികക്കല്ലായിരുന്നു. 

ഓഗസ്റ്റിലെ മഹാപ്രളയത്തെ അതിജീവിക്കാൻ ആദ്യകരം നീട്ടിയതും ഇതേ രാജ്യമായിരുന്നുവെന്നത് നന്ദിയോടെ മാത്രമേ നമുക്കോർക്കാനാകൂ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികളുടേതാണ്. അതിനാൽ തന്നെ രാജ്യത്തെ വ്യാവസായിക സാമൂഹിക സാഹചര്യങ്ങളിലെല്ലാം മലയാളികൾക്ക് ഇവിടത്തെ ഭരണാധികാരികൾ അർഹിക്കുന്ന പരിഗണനയും നൽകിവരുന്നുണ്ട്. നാൽപ്പത്തിയേഴാം ദേശീയദിനാഘോഷനിിറവിലെത്തി നിൽക്കുമ്പോൾ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറേയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമുൻരേയും സാരഥ്യത്തിൽ വികസനത്തിൻറേയും വളർച്ചയുടേയും പുതിയ ആകാശങ്ങൾ തേടി പറക്കുകയാണ് യു.എ.ഇയുടെ ചതുവർണ പതാക.

MORE IN GULF THIS WEEK
SHOW MORE