സന്തൂറിന്റെ സംഗീതത്തെ പ്രണയിച്ച് ആലങ്കോട് ഹരിയും ശ്രീരാഗും

santhoor
SHARE

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സന്തൂര്‍ വിദ്വാന്‍ ആലങ്കോട് ഹരിയേയും മകൻ ശ്രീരാഗിനേയുമാണ് ഇനി പരിചയപ്പെടുത്തുന്നത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സംഗീത ഉപകരണമായ സന്തൂറിൽ മനോഹരമായ ഹിന്ദുസ്ഥാനി രാഗങ്ങൾ തീർക്കുന്ന ഈ അച്ഛൻറേയും മകൻറേയും വിശേഷങ്ങൾ കാണാം ഇനി...

സന്തൂർ... നൂറു കമ്പികൾ എന്നർഥം വരുന്ന സൻ താർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ന്തൂർ എന്ന വാക്കിൻറെ ഉത്ഭവം. ശതതന്ത്രി വീണയായി പുരാണങ്ങളിലടക്കം പ്രതിപാദിക്കുന്ന സംഗീതഉപകരണം. ഒരു ധ്യാനത്തിലെന്നപോലെ കശ്മീരിലെ ദാൽ തടാകത്തിൽ മുങ്ങി നിവർന്ന സൂഫിശാന്തമായ മനസോടെയാണ് വാദകർ സന്തൂർ മീട്ടുന്നത്. കശ്മീരിലെ മലനിരകളിലും താഴ്വരകളിലുമായി പെയ്തിറങ്ങുന്ന സന്തൂർ സംഗീതം നമ്മൾ മലയാളികൾക്ക് അത്രപരിചിതമല്ല. ആ പശ്ചാത്തലത്തിലാണ് ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിൽ ഒരു സൂഫി വര്യൻറെ മനസോടെ മലപ്പുറം ആലങ്കോട് സ്വദേശി ഹരി സന്തൂറിൻറെ സംഗീതത്തെ പ്രണയിച്ചുതുടങ്ങിയത്. കശ്മീർ താഴ്‌വരയിലെ സൂഫി സംഗീതത്തിന്റെ നേർത്ത ധാരകൾ നൂപുരധ്വനികൾ പോലെ അകലെ കേരളത്തിൽ സന്തൂറിൽ നിന്നും പൊഴിഞ്ഞുതുടങ്ങി. ഹരി ആലങ്കോട്...സന്തൂറിനെ ജനകീയമാക്കിയ പണ്ഡിറ്റ് ശിവകുമാർ ശർമയുടെ ഒരേ ഒരു മലയാളി ശിഷ്യൻ.

പ്രശസ്ത ബാംസുരി വാദകൻ ഹരിപ്രസാദ് ചൗരസ്യയും പണ്ഡിറ്റ് ശിവകുമാർ ശർമയും ചേർന്നു പുറത്തിറക്കിയ Call of the Valley എന്ന സംഗീത ആൽബം ഹരിയുടെ സന്തൂർ സംഗീത യാത്രയ്ക്ക് വഴി തെളിച്ചു. 

സന്തൂറെന്ന കശ്മീരി സംഗീതോപകരണത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയതും ഹരി ആലങ്കോടാണ്. പഹാഡിയും ദുർഗയും ഭിംപലാസിയും മാല്‍കോസുമടങ്ങുന്ന ഹിന്ദുസ്ഥാനി രാഗങ്ങളെ അതേ തീവ്രതയോടെ ഭാവങ്ങളോടെ മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ചു. 

ഹിന്ദുസ്ഥാനിയും കശ്മീരി നാടോടി സംഗീതവും സന്തൂറിൻറെ തന്ത്രികളിൽ മീട്ടുമ്പോൾ ഒരു ധ്യാനത്തിലെന്നപോലെ ആസ്വാദകർ മറ്റൊരു ലോകത്തിലെത്തും. അത്ര മനോഹരമാണ് സന്തൂറിൻരെ തന്ത്രികളെ തഴുകുന്ന സംഗീതം. അച്ഛൻറെ വഴിയിലേക്കുള്ള മകൻ ശ്രീരാഗിൻറെ യാത്രയും ഒരു തീർഥാടനം പോലെ പവിത്രമായിരുന്നു. വായ്പ്പാട്ടും തബലയും അഭ്യസിച്ച ശ്രീരാഗ് പ്ളസ് ടുവിനു ശേഷമാണ് സന്തൂറിൻറെ തന്ത്രികളെ തൊട്ടുതുടങ്ങിയത്.

പണ്ഡിറ്റ് ശിവകുമാർ ശർമയും മകൻ രാഹുൽ ശർമയും ജുഗൽബന്ധി അവതരിപ്പിക്കുന്ന വഴിയേയാണ് ഹരിയും ശ്രീരാഗും ഒരുമിച്ചു നടക്കുന്നത്. രാഹുൽ ശർമയുടെ സന്തൂർ ഫ്യൂഷൻ  മാതൃകയിൽ ശ്രീരാഗും നാദവിസ്മയങ്ങളുടെ ലോകത്താണ്.

ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശ്രീരാഗ് പ്രവാസികൾക്കുമുന്നിലും സന്തൂർ അവതരിപ്പിക്കാറുണ്ട്. ഇടയ്ക്കിടെ അച്ഛൻ ഹരിയും യുഎഇയിലെത്തി മകനൊപ്പം ജുഗൽബന്ധി അവതരിപ്പിക്കും. അങ്ങനെ, ഏറെ കഷ്ടപ്പാടുകളിലൂടെ പഠിച്ചെടുത്ത സന്തൂറെന്ന തന്ത്രിനാദവിസ്മയത്തെ അടുത്തതലമുറയ്ക്ക് പകർന്നതിൻറെ സന്തോഷത്തിലും നിർവൃതിയിലുമാണ് വിരമിച്ച പ്രധാനാധ്യാപകൻ കൂടിയായ ഹരി ആലങ്കോട്. സ്വയം മറന്ന് മനസുകളെ തൊട്ടുണർത്തുന്ന നാദവിസ്മയവുമായി വികാരങ്ങളെ വിമലീകരിക്കുന്ന പുണ്യമായി സന്തൂർ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് ഈ അച്ഛനും മകനിലുമൂടെ...

MORE IN GULF THIS WEEK
SHOW MORE