സൗദിയിൽ സ്വദേശിവൽക്കരണം ശക്തം

saudi-arabia
SHARE

സൗദിയിൽ അറേബ്യയിൽ സ്വദേശിവൽക്കരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നതായിരുന്നു പോയവാരത്തിലെ പ്രധാനവാർത്ത. പരിശോധനകൾ ശക്തമാക്കിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ജോലി മാറേണ്ട സാഹചര്യമാണുള്ളത്. ഏതൊക്കെ മേഖലകളിൽ എങ്ങനെയാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം. 

സൌദിഅറേബ്യയിൽ വ്യാപാരമേഖലയിലെ സ്വദേശി വൽക്കരണത്തിൻറെ രണ്ടാംഘട്ടത്തിന് തുടക്കം. ഇലക്ട്രോണിക്സ്, കണ്ണടകൾ, വാച്ച് കടകൾ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട സ്വദേശിവൽക്കരണം. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളാണ് ആദ്യം അവതരിപ്പിക്കുന്നത്.

ലോകസാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണുകളായ ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായ സൌദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമാക്കുകയാണ്. സ്വകാര്യ മേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരിയിലാണ് മൂന്നു ഘട്ടമായുള്ള 70% സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. മൊത്ത, ചില്ലറ വ്യാപാരമേഖലകളിൽ നിയമം ബാധകമാകും. 10 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 7 പേരും സൗദി പൗരന്മാരാകണമെന്നതാണ് നിയമം. ഒരു സൗദി പൗരൻ മുഴുവൻ സമയവും സ്ഥാപനത്തിൽ വേണമെന്നതും നിർബന്ധം. ഈ മാസം ഒൻപതിനാണ് സ്വദേശിവൽക്കരണത്തിൻറെ രണ്ടാം ഘട്ടം തുടങ്ങിയത്. ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഷോപ്പുകൾ, വാച്ച്, കണ്ണട തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എഴുപതു ശതമാനം സ്വദേശികൾ ഉണ്ടായിരിക്കണമെന്നാണ് സൌദി തൊഴിൽ സാമൂഹിക മന്ത്രാലയത്തിൻറെ നിർദേശം. വാച്ച്, ക്ലോക്ക്, ആഭരണങ്ങൾ, കണ്ണട, കണ്ണ് പരിശോധനാ ഉപകരണങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ മൊത്ത-ചില്ലറ കച്ചവടം, ഫ്രിജ്, അവ്ൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, കൃഷിയന്ത്രങ്ങൾ, പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോർമർ, എന്നിവയുടെ വ്യാപാരവും ഇലക്ട്രിക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടവും അറ്റകുറ്റപ്പണിയും ഇതിൽ ഉൾപ്പെടും.

സ്വദേശിവൽക്കരണം ഉറപ്പാക്കുന്നതിൻറെ ഭാഗമായി ഈ മേഖലകളിൽ പരിശോധന തുടങ്ങിക്കഴിഞ്ഞു. പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്തിരുന്ന മേഖലകളിലേക്ക് സ്വദേശിവൽക്കരണം നടപ്പിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. 2016ല്‍ മൊബൈല്‍ ഷോപ്പുകള്‍ സ്വദേശിവത്കരിച്ചപ്പോള്‍ മലയാളികൾ അടക്കമുള്ളവർ ഇലക്ട്രോണിക് കടകളിലാണ് പിടിച്ചു നിന്നത്. എന്നാൽ, വീണ്ടും പുതിയ ജോലിയിലേത്ത് മാറേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലി സാധ്യതകൾ കുറയുന്നത് ഒരു വശത്ത്. മറുവശത്ത് ജോലിസ്ഥിരതാ ഭീഷണിയും. 

അതിനിടെ, വിമാനത്താവളങ്ങളിലെ ജോലികൾ സ്വദേശിവൽക്കരിക്കാനുള്ള നടപടികലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വിമാനത്താവളങ്ങളിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിനു ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിൻറെ ഭാഗമായി ജിദ്ദ വിമാനത്താവളത്തിൽ നടപടികൾ ആരംഭിച്ചു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ സ്വദേശിവൽകരണം പദ്ധതിക്ക് തുടക്കം കുറിക്കാനാണു നീക്കം. സ്വദേശിവത്കരണം എങ്ങനെ ഏതൊക്കെ മേഖലകളിൽ നടപ്പിലാക്കണം എന്നു തീരുമാനിക്കാൻ തൊഴില്‍ മന്ത്രാലയവും വിമാനത്താവള മേധാവികളും വിമാന കമ്പനി അധികൃതരും യോഗം ചേര്‍ന്നു. ആദ്യഘട്ടത്തിൽ ഏതെല്ലാം തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം ഉടൻ ഉത്തരവിറക്കും. ഇതിൻറെ അടിസ്ഥാനത്തിൽ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകും.

സ്വദേശിവൽക്കരണത്തിൻറെ മൂന്നാം ഘട്ടം രണ്ടുമാസങ്ങൾക്കുശേഷം ജനുവരിയിൽ നടപ്പിലാകും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നിവയിലാണ് ഈ ഘട്ടത്തിൽ സൗദിവൽകരണം നടപ്പാക്കുന്നത്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ ചില തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള സ്വദേശികള്‍ ധാരാളമായി തൊഴിലന്വേഷകരായി തുടരുന്ന സാഹചര്യത്തിലാണ് ഈ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ബിരുദ ധാരികളായ സ്വദേശി തൊഴില്‍ അന്വേഷകരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചു വരുകയാണ്. അതുകൊണ്ടുതന്നെ അത്തരക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ മികച്ച തൊഴിലവസരം ഒരുക്കേണ്ടത് ആവശ്യമാണ്. നിലവില്‍ ഐ.ടി, അക്കൗണ്ടിംഗ്  ജോലികളില്‍ വിദേശ തൊഴിലാളികളുടെ ആധിപത്യമാണ്. 2030 ആകുന്നതോടെ വിദ്യാസമ്പന്നരായ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

രാജ്യത്തെ തൊഴില്‍ അന്വേഷകരില്‍ 92 ശതമാനവും ബിരുദധാരികളാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്ന് വനിത സ്വദേശിവത്കരണ പദ്ധതി ഡയറക്ടര്‍ നൂറ ബിന്‍ത് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശിവത്കരണത്തിന് വിവിധ പദ്ധതികളാണ് തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്. എന്നാല്‍ സ്വദേശി വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദിയിലെ വനിതാ തൊഴില്‍ രഹിതരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ് ഇവരിലേറെയും. അതുകൊണ്ടുതന്നെ സ്വകാര്യ തൊഴില്‍ വപണിയില്‍ മാറ്റം അനിവാര്യമാണെന്നും നൂറ ബിന്‍ത് അബ്ദുല്ല വ്യക്തമാക്കി.

സൗദിയില്‍ ഈ വര്‍ഷം പതിനൊന്നായിരത്തി എണ്ണൂറ്റി പതിനൊന്ന് വിദേശി എഞ്ചിനീയര്‍മാർക്ക് ജോലി നഷ്ടമായതായി സൗദി എഞ്ചിനീയറിങ് കൗണ്‍സിലിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളുടെ വലിയ കൊഴിഞ്ഞുപോകകിനാണ് സൌദി സാക്ഷ്യം വഹിച്ചത്. അവസാന കണക്ക് പ്രകാരം എട്ട് ലക്ഷത്തോളം പേര്‍ ആറ് മാസത്തിനിടെ നാടു പിടിച്ചു. രണ്ടും മൂന്നും ഘട്ടം സ്വദേശിവൽക്കരണം കഴിയുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികൾ സൌദി വിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എങ്കിലും പുതിയ വിസയില്‍ മൂന്നര ലക്ഷത്തോളം പേരെത്തിയെന്നതു പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. സ്വദേശിവത്കരണം സമ്പൂര്‍ണമല്ലാത്ത മേഖലയിലേക്കാണ് ഈ തൊഴില്‍ വിസകള്‍ അനുവദിച്ചത്. വിഷൻ 2030 മുന്നിൽ കണ്ട് വിനോദസഞ്ചാരം, ഐ.ടി അടക്കമുള്ള മേഖലകളിൽ വൻ നിക്ഷേപത്തിനു സാധ്യതയുള്ളതിനാൽ അത്തരം മേഖലകളിലേക്ക് കൂടുതൽ വിദേശികൾക്ക് ജോലി നേടിയെത്താമെന്നാണ് പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE