അബുദാബിയിൽ പെട്രോളിയം പ്രദർശനം; ഗവേഷണവും പര്യവേഷണവും

petrol2
SHARE

എണ്ണ, പ്രകൃതി വാതക മേഖലകളിലെ നൂതന ആശയങ്ങളും സേവനങ്ങളുമായി രാജ്യാന്തര പെട്രോളിയ പ്രദർശനവും സമ്മേളനവുമായ അഡിപെക് 2018 ഗൾഫ് മേഖലക്ക് ആവേശമായി. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ ആയിരകകണക്കിന് സന്ദർശകരാണ് എത്തിയത് . 

കടലിലെയും കരയിലെയും എണ്ണ ഗവേഷണം മുതല്‍ ഖനനം, വിതരണം, ശുദ്ധീകരണം, സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലേയും കാഴ്ചകൾ നേരിട്ടുകാണാൻ അവസരം. 29 രാജ്യങ്ങളിൽനിന്നുള്ള 2200 കമ്പനികളാണ് നൂതന കണ്ടുപിടിത്തങ്ങളുമായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പ്രദർശനമൊരുക്കിയത്. യു.എ.ഇയിലെ 27 ദേശീയ എണ്ണ കമ്പനികളും 15 രാജ്യാന്തര കമ്പനികളും പ്രദർശനത്തിൻറെ ഭാഗമായി.

ചെറിയ ബെയറിങ്ങുകൾ മുതൽ അന്തർവാഹിനികൾവരെ നിർമിക്കുന്ന കമ്പനികളാണ് മേളയുടെ ശ്രദ്ധയാകർഷിക്കുന്നത്. കടലിൽ നിന്നു വാഹനങ്ങളിലേക്കു എത്തുവരെയുള്ള എണ്ണയുടെ മാറ്റങ്ങൾ, കടലിലെ എണ്ണ ഖനനവും പര്യവേഷണവും എങ്ങനെ എന്നതുൾപ്പെടെ സാധാരണക്കാരൻറെ ചോദ്യങ്ങൾക്കെല്ലാം നേരിട്ട് കണ്ട് മറുപടി തേടാമെന്നതാണ് പ്രത്യേകത. എണ്ണ, വാതക നിർമ്മാണ മേഖലയിലെ ഓരോ ഘട്ടങ്ങളിലും ഉപയോഗിക്കേണ്ട സുരക്ഷിതമായ വസ്ത്രങ്ങളുടെ ഏറ്റവും നൂതന മാതൃകകളും ഇവിടെയുണ്ട്. 

ഓയിൽക്കമ്പനികളും മറൈൻ കമ്പനികളുമടക്കം ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമായി വിവിധ കമ്പനികളുമായി ലക്ഷക്കണക്കിന് ദിർഹത്തിന്റെ കരാറുകളിലാണ് ഒപ്പുവയ്ക്കുന്നത്. എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ 161 പ്രത്യേക യോഗങ്ങളും 980 അവതരണങ്ങളും പ്രദർശനത്തിൻറെ ഭാഗമായി. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്ന നിൽക്കുന്ന സാഹചര്യത്തിലും വ്യവസായ രംഗം ഏറെ സജീവമാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രദർശനം.

നാലു ദിവസം നീണ്ട പ്രദർശനം കാണാൻ ആയിരകണക്കിന് പേരാണെത്തിയത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിൽ അബുദാബി രാജ്യാന്തര പെട്രോളിയം സമ്മേളനത്തിൻറെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്.

MORE IN GULF THIS WEEK
SHOW MORE