നാടകാഭിനിവേശത്തിൽ അബുദാബിയിൽ നാടകോൽസവം

drama-fest3
SHARE

ജോലിത്തിരക്കുകൾക്കിടയിലും നാടകത്തോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്നവർക്കു പ്രോത്സാഹനവുമായി അബുദാബിയിൽ നാടകോൽസവം. യു.എ.ഇയിലെ വിവിധ പ്രൊഫഷണഷൽ നാടക ഗ്രൂപ്പുകൾ പങ്കെടുത്ത നാടകോൽസവത്തിൻറെ വിശേഷങ്ങൾ കാണാം ഇനി.

കേരളത്തിൻറെ തനതു നാടക കലയെ ഗൾഫ് നാടുകളിൽ പുനപ്രതിഷ്ടിക്കുകയാണ് അബുദാബി നാടകോൽസവം. നാടകത്തോടുള്ള അഭിനിവേശം കെടാതെ കാക്കുന്ന ഒരുകൂട്ടം കലാപ്രേമികളുടെ പ്രയത്നഫലമായാണ് ഒരു മാസം നീളുന്ന നാടകോൽസവം സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള പ്രശസ്തരായ നാടകപ്രവർത്തകരുടെ സംവിധാനത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഏഴു സംഘങ്ങളാണ് നാടകോൽസവത്തിൻറെ ഭാഗമാകുന്നത്. ഫ്രാന്‍സ്‌ കാഫ്‌കയുടെ ദ് ട്രയൽ എന്ന നോവലിനെ ആസ്പദമാക്കി സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും നിർവഹിച്ച ട്രയൽ ആയിരുന്നു മേളയിലെ ആദ്യനാടകം. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യൻറെ സാമൂഹിക അരക്ഷിതാവസ്ഥകളുടെ കഥ പറയുന്ന നാടകം അല്‍ഐന്‍ മലയാളി സമാജമാണ്‌ അരങ്ങിലെത്തിച്ചത്. 

ഷിനിൽ വടകര സംവിധാനം ചെയ്തു കല അബുദാബി അരങ്ങിലെത്തിക്കുന്ന മക്കൾ കൂട്ടം, ജാക്സൻ മാത്ുവിൻറെ സംവിധാനത്തിൽ മലങ്കര തീയറ്റേഴ്സ് ഒരുക്കുന്ന ഇരുണ്ട സിംഹാസനം, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൻറെ  നഖശിഖാന്തം, കനൽ ദുബായുടെ പറയാത്ത വാക്കുകൾ, ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭ്രാന്തവിചാരം എന്നീ നാടകങ്ങളാണ് അരങ്ങിലേറുന്നത്.

കേരളത്തിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടകിന്റെ ജനറൽ സെക്രട്ടറി കെ.ശൈലജ, രണ്ടായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള നാടക പ്രവർത്തകൻ പി.ടി. മനോജ് എന്നിവരാണ് വിധികർത്താക്കൾ. മികച്ച നാടകത്തിന് മൂന്നുലക്ഷം രൂപയാണ് സമ്മാനം. മികച്ച നടി, നടൻ, ബാലതാരം, സംവിധായകൻ തുടങ്ങിയവർക്കും സമ്മാനമുണ്ട്. 

ജോലിത്തിരക്കുകൾക്കിടയിലും നാട്ടിലെ ഉൽസവപ്പറമ്പുകളെന്നപോലെ നൂറുകണക്കിന് ആസ്വാദകരാണ് നാടകം കാണാനെത്തുന്നത്. കാൽ നൂറ്റാണ്ടിൻറെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞവർഷം മലയാളി സമാജത്തിൻറെ നേതൃത്വത്തിൽ വീണ്ടും നാടകോൽസവം സംഘടിപ്പിച്ചു തുടങ്ങിയത്. 

പ്രവാസലോകത്തെ കാഴ്ചകളും അനുഭവങ്ങളുമായി ഈ എപ്പിസോഡ് അവസാനിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വിശേഷങ്ങൾ പങ്കുവയ്ക്കാം. ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും. അറിയിക്കേണ്ട വിലാസം. 

MORE IN GULF THIS WEEK
SHOW MORE