യുഎഇ സന്ദർശനം; കേരളം എന്തുനേടും? ഉള്ളുതുറന്ന് പ്രവാസികൾ

cm-uae-visit
SHARE

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ നിന്നും കേരളം എന്തു നേടി? എന്തു നേടും? ഈ ദിവസങ്ങളിൽ രാഷ്ട്രീയകേരളത്തിൽ ഉയർന്ന ചോദ്യം. ശബരിമലയിലെ പ്രതിഷേധം അടക്കമുള്ള വിഷയങ്ങൾ കേരളത്തിൽ കത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രി നടത്തിയ യാത്ര ഫലപ്രദമായിരുന്നോ എന്നു നോക്കേണ്ടതുണ്ട്. പ്രവാസികളുടെ പ്രതികരണമറിയാം.

നവകേരള നിർമിതിക്കു സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മൂന്നു കാര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഒന്ന് പ്രവാസികളും സാലറി ചാലഞ്ചിൽ പങ്കെടുക്കണം. രണ്ട്..സംഘടനകൾ, വ്യവസായികൾ തുടങ്ങി കഴിവുള്ളവരെല്ലാം സാമ്പത്തിക സഹായം നൽകണം. മൂന്ന്..നവകേരളനിർമിതിയുടെ ഭാഗമായി കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. വലിയ പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും ഭാവിയിലേക്കു കരുതിവയ്ക്കാവുന്ന ഉറപ്പുകൾ ലഭിച്ചതായാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. യു.എ.ഇയിലെ പ്രവാസികളില്‍ നിന്നും വിവിധ ഫൗണ്ടേഷനുകളില്‍ നിന്നുമായി എഴുന്നൂറു കോടി രൂപയിലധികം തുക സമാഹരിക്കാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ കാരണം നഷ്ടപ്പെട്ട തുകയേക്കാൾ അധികം തുക സമാഹരിക്കാനാകുമെന്നും യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളത്തിലേതെന്ന പോലെ സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോട് അനുകൂലനിലപാടാണ് പ്രവാസികളിൽ നിന്നുമുണ്ടായത്. മുഖ്യമന്ത്രി സാലറി ചാലഞ്ച് പ്രഖ്യാപിച്ച ദിവസം തന്നെ ലുലു ഗ്രൂപ്പിലെ സീനിയർ മാനേജ്മെൻറ് ജീവനക്കാർ അതേറ്റെടുത്തു. പത്തുകോടിരൂപയുടെ ചെക്ക് ദുബായിൽ വച്ചുതന്നെ മുഖ്യമന്ത്രിക്ക് കൈമാറി.

ലുലു എക്സ്ചേഞ്ച് ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള പണമയക്കുന്നതിന് ലുലു എക്സ്ചേഞ്ച് നിരക്ക് ഇളവ് നേരത്തേ കൈക്കൊണ്ടിരുന്നു. ജിസിസിയിലെ മുഴുവൻ ശാഖകളിലും ഈ സേവനം ലഭ്യമാക്കിയിരുന്നതായും നവകേരള നിർമിതിക്ക് പൂർണപിന്തുണ മുഖ്യമന്ത്രിയെ അറിയിച്ചതായും ലുലു എക്സ്ചേഞ്ച് ഹോള്‍ഡിങ്‌സ് എം.ഡി അദീപ് അഹമ്മദ് വ്യക്തമാക്കി. 

മൂന്ന് എമിറേറ്റുകളിലായി നടത്തിയ പൊതുസമ്മേളനങ്ങൾക്കിടെ നാൽപ്പതിലധികം പ്രവാസികൾ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത്  യുഎഇയുടെ ഔദ്യോഗിക ചാരിറ്റി സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് രംഗത്തെത്തി. അബുദാബിയില്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി റെഡ് ക്രസന്റ് വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു സഹായ വാഗ്ദാനം. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം സ്വീകരിക്കുന്നത്. ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന് സഹായം   തേടുന്നത്  സംബന്ധിച്ച്  ഇരുവരും    ചര്‍ച്ച നടത്തി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനു  നിയമ തടസങ്ങളുണ്ട്. എന്നാല്‍ ഫൌണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനു  തടസമില്ലെന്ന്  മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. 

ദുബായിലെ ജീവകാരുണ്യപ്രസ്ഥാനമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിന്റെ പുനർനിർമാണത്തിൽ കഴിയാവുന്നത്ര സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇബ്രാഹിം അബു മെൽബ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. അബുദാബി ഗവൺമെൻറിൻറെ കീഴിലുള്ള മുബാദല ഇൻവെസ്റ്റ്മെൻ്റ് കമ്പനി അധികൃതരുമായി നിക്ഷേപസാധ്യതകളെക്കുറിച്ചു മുഖ്യമന്ത്രി ചർച്ച നടത്തി.  ഡിഫൻസ് പാർക്ക്, പെട്രോ കെമിക്കൽ കോംപ്ലക്സ്, ഫൂഡ് പ്രൊസസിങ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയ മേഖലകൾ നിക്ഷേപത്തിന് ലഭ്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

നിക്ഷേപകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും മെ‍ഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് 300 ഏക്കർ സ്ഥലം തയ്യാറാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.  വിമാന നിര്‍മാണ വ്യവസായം, ഡിസ്ട്രിക്ട് കൂളിങ് സാങ്കേതികത, കൃഷി, മെ‍ഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപതാത്പര്യമുണ്ടെന്ന് മുബാദല അധികൃതർ അറിയിച്ചു. ഇതേക്കുറിച്ച് പഠിച്ച്, കേരളാ സർക്കാർ ഉടൻ റിപോർട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിക്ഷേപം നടത്തുന്നത്. 

കേരളത്തിന്റെ വ്യവസായ, വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉൾനാടൻ ജലഗതാഗത മേഖലയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് പ്രമുഖ പോർട്ട് മാനേജ്‌മെന്റ് കമ്പനിയായ ഡി.പി. വേൾഡ് രംഗത്തെത്തി. കേരളത്തിലെ ചെറുകിട തുറമുഖവികസന പരിപാടിക്കും ഡി.പി. വേൾഡ് സന്നദ്ധത അറിയിച്ചു. അഴീക്കൽ തുറമുഖം അടക്കമുള്ളവ ഈ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുമെന്ന് ഡി.പി. വേൾഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. ഡി.പി. വേൾഡിന്റെ സംരംഭകത്വസഹായം വഴി തൊഴിലവസരം കേരളത്തിൽ ഗണ്യമായി വർധിക്കുമെന്ന് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. 

അതേസമയം, സഹായങ്ങൾക്കൊപ്പം പ്രവാസിമലയാളികളെക്കൂടി പരിഗണിക്കുന്ന പദ്ധതികൾ നവകേരളനിർമിതിയുടെ ഭാഗമായി ആവിഷ്കരിക്കണമെന്നും ആവശ്യമുയർന്നു. ഇതിനായി പ്രവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഏകീകരിച്ച് മുഖ്യമന്ത്രിയെ അറിയിക്കും.

അതേസമയം, സന്ദർശനൊടുവിൽ അവലോകന യോഗം നടത്തിയ മുഖ്യമന്ത്രി, ലോക കേരള സഭ, നോർക്ക അധികൃതർക്ക് ചില നിർദേശങ്ങളും നൽകി. സാലറി ചാലഞ്ച് അടക്കമുള്ള തുക സമാഹരണം വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് നിർദേശം.  അടുത്ത ജൂൺ മാസത്തോടെ ലക്ഷ്യം കൈവരിക്കാനാവണം ശ്രമം. ഇതിനായി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ സംഘടനാ നേതാക്കളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു. 

എല്ലാ വെള്ളിയാഴ്ചകളിലും ഓരോ എമിറേറ്റിലും അവലോകനയോഗങ്ങൾ ചേർന്ന് പ്രവർത്തനം വിലയിരുത്തണം. മാസംതോറും യോഗം ചേർന്ന് കാര്യങ്ങൾ നിരീക്ഷിക്കണം. പ്രാദേശികകൂട്ടായ്മകളെ വിശ്വാസത്തിലെടുത്തുവേണം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രവാസസമൂഹം ഒറ്റക്കെട്ടായി നവകേരളനിർമിതിക്കു കൂടെയുണ്ടാകും. പക്ഷേ, ലഭിക്കുന്ന സഹായങ്ങൾ അർഹതപ്പെട്ടവർക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. അത് നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ നഷ്ടമാകുന്നത് നാളേക്ക് കരുതിവയ്ക്കാവുന്ന പ്രവാസികളുടെ പ്രതീക്ഷകൾ കൂടിയായിരിക്കും.

MORE IN GULF THIS WEEK
SHOW MORE