മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം; നവകേരളനിർമിതിക്ക് സഹായം തേടി

pinarayi-in-uae
SHARE

കേരളത്തിൻറെ പുനർനിർമാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയെന്നതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാർത്ത. സാലറി ചാലഞ്ചിലടക്കം പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി. 

ഈ മാസം പതിനേഴു മുതൽ ഇരുപത്തിയൊന്നുവരെ അഞ്ചുദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ യുഎഇ സന്ദർശനം. വിവിധ സംഘടനകൾ, വ്യവസായികൾ ഉൾപ്പെടെയുള്ളവരെ കണ്ട മുഖ്യമന്തി നവകേരളനിർമിതിക്ക് പ്രവാസികളുടെ സഹായം തേടി. 

നവകേരള നിർമിതിക്ക് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻറെ യുഎഇ സന്ദർശനം. ഈ മാസം പതിനേഴു തുടങ്ങി ഇരുപത്തിയൊന്നു വരെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. പതിനേഴ് ബുധൻ രാവിലെ ഏഴരയോടെ അബുദാബി രാജ്യാന്തരവിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി, നോർക്ക, എംബസി പ്രതിനിധികൾ, വ്യവസായികൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. അബുദാബിയിലെ വ്യവസായികളുമായി വ്യക്തിഗതകൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ട് ഇന്ത്യൻ വ്യവസായികളുടെ ബിസിനസ് മീറ്റിൽ പങ്കെടുത്തു. കേരളത്തിലേതെന്ന പോലെ പ്രവാസികളും ഒരു മാസത്തെ ശമ്പളം ഘട്ടംഘട്ടമായോ ഒറ്റത്തവണയായോ നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം.

പരമാവധി വ്യവസായികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, പതിനെട്ടിന് വൈകിട്ട് പ്രവാസിമലയാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യുഎഇ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് നൽകിയ മുഖ്യമന്ത്രി നൂറു ബില്യൺ ഡോളറിനേക്കാൾ വലുതാണ് ഇവിടത്തെ ഭരണാധികാരികളിൽ നിന്നുള്ള സ്നേഹമെന്നും വ്യക്തമാക്കി. യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യഅതിഥിയായിരുന്നു. കേരളത്തിൻറെ പുനർനിർമാണം വരും തലമുറയ്ക്കുവേണ്ടിയാണെന്നും ആരു വിചാരിച്ചാലും നവകേരള നിർമിതിയെ തടയാനാകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

വൻ നിക്ഷേപസാധ്യതകൾക്ക് കളമൊരുക്കിയാണ് ദുബായിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിലിൻറെ നേതൃത്വത്തിൽ വ്യവസായികളുടെ സമ്മേളനം നടത്തിയത്. നവകേരള നിർമിതിക്കുള്ള സർക്കാർ റിപ്പോർട്ട്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ അവതരിപ്പിച്ചു. നിക്ഷേപസൗഹൃദമായ ഏകജാലക സംവിധാനമാണ് കേരളത്തിലൊരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വ്യവസായികളെ കേരളത്തിലേക്കു ക്ഷണിച്ചു. ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആസാദ് മൂപ്പനാണ് ബിസിനസ് മീറ്റിന് നേതൃത്വം നൽകിയത്. 

ആദ്യരണ്ടുദിവസവും രാഷ്ട്രീയ വിമർശനങ്ങളോ ആരോപണങ്ങളോ  ഉന്നയിക്കാതിരുന്ന മുഖ്യമന്ത്രി, മൂന്നാം ദിവസം ദുബായിലെ പൊതുസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി. നവകേരളനിർമിതിക്കു സഹായം തേടി മന്ത്രിമാർക്ക് വിദേശയാത്ര നടത്താൻ അവസരം നിഷേധിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മോദി വാക്കുപാലിക്കാത്തയാളാണെന്നായിരുന്നു പ്രധാനവിമർശനം. കേരളത്തിനു സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്കു പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നു. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി നൽകാനും ആവശ്യപ്പെട്ടു. എന്നാൽ, പട്ടിക രേഖാമൂലം കൈമാറിയപ്പോൾ അത് നിരസിച്ചു. ഇതു എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നാലാം ദിവസം ഷാർജയിലെത്തിയ മുഖ്യമന്ത്രി, വ്യവസായികളുമായി പതിവുകൂടിക്കാഴ്ചകൾ നടത്തി. വൈകിട്ട് പൊതുസമ്മേളനത്തിൽ വീണ്ടും കേന്ദ്രസർക്കാരിനെതിരെ വിമർശനം. കേരളത്തെ തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു രൂക്ഷഭാഷയിലെ വിമർശനം. കേരളം നന്നാകരുതെന്നാണ് കേന്ദ്രത്തിൻറെ നിലപാട്. വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് വിലക്കിയതിലൂടെ കേരളത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അവസരം ഇല്ലാതാക്കി. ഇതിനെതിരെ കേരളജനത ഒറ്റക്കെട്ടായി മുന്നേറണമെന്നും ചെറുത്തുതോൽപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രസംഗശൈലിയിൽ മുഖ്യമന്ത്രിയുടെ ആഹ്വാനം.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായി മൂന്നു പൊതുസമ്മേളനങ്ങൾ, മൂന്നു എമിറേറ്റുകളിലേയും വ്യവസായികളുമായും സംഘടനാ പ്രതിനിധികളുമായും വ്യക്തിഗത കൂടിക്കാഴ്ചകൾ, വിവിധ കമ്പനി മേധാവിമാരുമായും യുഎഇയുടെ ഔദ്യോഗിക ചാരിറ്റി സംഘടനയുമായും കൂടിക്കാഴ്ച. ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ യുഎഇ സന്ദർശനത്തിൻറെ രത്നച്ചുരുക്കം. അതേസമയം, അഞ്ചുദിവസത്തെ സന്ദർശനത്തനിടെ ഒരിക്കൽ പോലും മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറായില്ല. തിങ്കളാഴ്ച പുലർച്ചെ തിരവനന്തപുരത്തെത്തിയ ശേഷമായിരുന്നു യുഎഇ സന്ദർശനത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണം. ശബരിമല വിഷയത്തിൽ കേരളം പൊള്ളുമ്പോൾ മുഖ്യമന്ത്രി വിനോദയാത്രക്കു പോയെന്ന പ്രതിപക്ഷത്തിൻറെ ആരോപണത്തോടായിരുന്നു മറുപടി. 

യു.എ.ഇ.യിലുള്ള നോർക്ക, ലോക കേരളസഭാ അംഗങ്ങൾക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും വിവിധ യോഗങ്ങളിൽ പങ്കെടുത്തു.  നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ലുലു എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. അതേസമയം, സന്ദർശനത്തിൻറെ രാഷ്ട്രീയവിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ, സന്ദർശനം പരാജയമാണെന്നു പ്രഖ്യാപിക്കാറായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കാരണം പ്രഖ്യാപനങ്ങൾക്കപ്പുറം ഭാവിയിലേക്കു കരുതിവയക്കാവുന്ന പദ്ധതികളുറപ്പാക്കുകയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻറെ പ്രധാന ലക്ഷ്യം. 

MORE IN GULF THIS WEEK
SHOW MORE