സിനിമയെക്കുറിച്ച് ചിന്തിക്കാം; ഷാർജയിൽ കുട്ടികളുടെ ചലചിത്രമേള

gtw-flim-
SHARE

കുട്ടികളുടെ ചിന്തകളും ചിത്രങ്ങളുമായി ആറാം പതിപ്പിലെത്തി നിൽക്കുകയാണ് ഷാർജ ചലചിത്രമേള. കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിർന്നവർ നിർമിച്ചതുമായ ഒരു കൂട്ടം സിനിമകളായിരുന്നു മേളയിൽ അവതരിപ്പിച്ചത്. വിവിധസംസ്കാരങ്ങൾ പരിചയപ്പെടുത്തിയ മേളയുടെ വിശേഷങ്ങളാണ് ആദ്യം പങ്കുവയ്ക്കുന്നത്.

സിനിമയെക്കുറിച്ച് ചിന്തിക്കാം എന്ന പ്രമേയവുമായി ആറുദിവസമാണ് ഷാർജ അൽ ജവാഹർ കൺവെൻഷൻ സെന്ററിൽ മേള ഒരുക്കിയത്. ലോകപ്രീമിയറുകൾ ഉൾപ്പെടെ 54 പ്രീമിയർ പ്രദർശനങ്ങൾ. ഇന്ത്യ, സ്‌പെയിൻ, ബ്രസീൽ, ഇറ്റലി, ബെൽജിയം, റഷ്യ, ജോർജിയ, ജർമനി, ലെബനൻ, ഫ്രാൻസ്, അയർലൻഡ്, യു.എസ് തുടങ്ങി പതിനേഴുരാജ്യങ്ങളിൽ നിന്നുള്ള 138 സിനിമകൾ. കുട്ടികൾ പങ്കുവയ്ക്കുന്നതും കുട്ടികൾക്കായി പങ്കുവയ്ക്കുന്നതുമായ ചിന്തകളാണ് മേളയിൽ നിറഞ്ഞുനിന്നത്. ആനിമേഷൻ, ഡോക്യുമെൻററി, ഷോർട് ഫിലിം, പരിസ്ഥിതിബോധവൽക്കരണം, സാങ്കേതികവിദ്യകളുടെ ഉപയോഗവും അനന്തരഫലവും തുടങ്ങി വിവിധ മേഖലകളിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 

പതിനാലിന് വൈകിട്ട് ഷാർജ അൽ ജവാഹർ കൺവെൻഷൻ സെൻററിലായിരുന്നു ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൻറെ ആറാം പതിപ്പ് തുടങ്ങിയത്. ഷാർജ ഭരണാധികാരി ഷെയ്ഖ്  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, പത്നിയും കുടുംബ ക്ഷേമ കാര്യ ഉന്നത സമിതി അധ്യക്ഷയുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി തുടങ്ങിയവർ ഉദ്ഘാടനത്തിനെത്തി. ജംഗിൾ ബുക്ക് സിനിമയിലെ മൌഗ്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോകപ്രശസ്തിനേടിയ ഇൻഡോ അമേരിക്കൻ അഭിനേതാവ് നീൽ സേതിയായിരുന്നു ഉദ്ഘാടന ദിവസത്തെ താരം.

സംഘർഷങ്ങളും കലാപങ്ങളും യുദ്ധങ്ങളുംമൂലം കുടിയൊഴിപ്പിക്കപ്പെട്ട അഭയാർഥികളുടെ ദുരിതങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ സിനിമ പോലെ മികച്ചൊരു മാധ്യമമില്ല. അതിനാൽ തന്നെ ലോകം ഇന്നഭിമുഖീകരിക്കുന്ന അഭയാർഥികളുടെ പലായനവും അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെള്ളിത്തിരയിലെത്തിക്കുന്ന പതിമൂന്നു ഹ്രസ്വ ചിത്രങ്ങളും പ്രദർശനത്തിനെത്തി. ഫറാ, ഫാത്തിമാസ് ജേർണി, ലിറ്റിൽ ഒമർ ഫ്ളൈസ് റ്റു ഫിൻലാൻഡ് തുടങ്ങിയ ചെറുചിത്രങ്ങൾ സമയത്തിൽ കുറവെങ്കിലും ലോകത്തിനു മുന്നിൽ വലിയ ചർച്ചാവിഷയങ്ങളായിരുന്നു.

ലോകത്തെ എല്ലാ ചലചിത്രമേളകളിലുമെന്ന പോലെ ഷാർജയിലും ഇന്ത്യൻ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യയിലെ അറുപത്തിയഞ്ചാമത് ദേശീയചലചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ദ കേക്ക് സ്റ്റോറി പ്രേക്ഷകരുടെ കയ്യടി നേടി. ജന്മദിനം ആഘോഷിക്കുന്ന ആറുവയസുകാരൻ മോനുവിന്റെ കഥപറയുന്ന ചിത്രം ഭാഷകൾക്കും സംസ്കാരങ്ങൾക്കുമപ്പുറം പ്രേക്ഷകർ സ്വീകരിച്ചു.

ഇന്ത്യൻ സംവിധായിക പ്രിയ രാമസുബ്ബയുടെ ചുസ്കിത്, ഇറാനിയൻ സംവിധായകൻ സയിദ് എം.തബാതബേയുടെ ലൈറ്റ് സൈറ്റ്, റഷ്യൻ ചിത്രം ടു മൈ സിസ്റ്റർ, ഫ്രഞ്ച് ചിത്രം, ടെപ്റ്റേഷൻ, പുൾകിദ് ദത്തയുടെ വിഷ്ഫുൾ വിസ്കേഴ്സ്, അലക്സിസ് ജോഷിന്റെ ഡിസ്കണക്ടഡ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. 

ഗൾഫ് നാടുകളിലെ സിനിമമേഖലയുടെ വികസനം, വിവിധ സംസ്കാരങ്ങളേയും ആചാരങ്ങളേയും സിനിമകളിലൂടെ പരിചയപ്പെടുത്തുക, സിനിമ മേഖലയിൽ താൽപര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ട സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചലചിത്ര മേള സംഘടിപ്പിക്കുന്നത്. ഷാർജ ഭരണാധികാരി  ഷെയ്ഖ്  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്നിയും കുടുംബ ക്ഷേമ കാര്യ ഉന്നത സമിതി അധ്യക്ഷയുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷാർജ മീഡിയ ആർട്സ് ഫോർ യൂത്ത് ആൻറ് ചിൽഡ്രനാണ് മേളയുടെ ശിൽപികൾ. ഇതാദ്യമായി നാൽപ്പത് ശിൽപശാലകളും മേളയുടെ ഭാഗമായി. ത്രിമാന ചിത്രങ്ങൾ, ഫോട്ടോഷോപ്പ്, സ്പെഷ്യൽ ഇഫക്ട് തുടങ്ങി സിനിമയ്ക്ക് പിന്നിലെ സാങ്കതികതയെക്കുറിച്ച് ശില്പശാലകളിൽ വിശദീകരിച്ചു. 

ചലചിത്രമേള കുട്ടികൾക്കുള്ളതാണെങ്കിലും വിഷയം സിനിമയായതിനാൽ വർത്തമാന കാലത്തെ പ്രധാന ചർച്ചാവിഷയമായ മീ ടു ക്യാംപെയിനെക്കുറിച്ചും ചലചിത്രപ്രവർത്തകർക്കിടയിൽ ചർച്ച നടന്നു. ചലചിത്രമേഖലയിൽ സ്ത്രീശബ്ദങ്ങളെ അംഗീരിക്കാതെ അടിച്ചമർത്തുന്നവർക്കെതെരെയുള്ള ക്യാപെയിൻ അവശ്യകതയാണെന്നാണ് വനിതാസംവിധായകരുടെ പക്ഷം. 

ലൈംഗിക ആക്രമങ്ങൾക്കൊപ്പം വനിതാ ചലചിത്രപ്രവർത്തകരുടെ മികവിനെ അംഗീകരിക്കാത്ത മനസുകളും ഈ മേഖലയിലുണ്ടെന്നും ആരോപണമുണ്ട്. യു.എ.ഇ, സൌദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങളിലെ സിനിമ മേഖലയിൽ വൻ നിക്ഷേപത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽകൂടിയാണ് കുട്ടികൾക്കായുള്ള ചലചിത്രോൽസവം അരങ്ങേറിയത്. ഗൾഫിലെ ചലചിത്രമേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുന്ന സമീപനമാണ് പ്രേക്ഷകരിൽ നിന്നുമുണ്ടായതെന്നാണ് മേള സാക്ഷ്യപ്പെടുത്തുന്നത്. 

MORE IN GULF THIS WEEK
SHOW MORE