പാട്ടുപാടി ഉറക്കുന്ന റോബൊട്ടുകൾ മുതൽ ഡ്രൈവറില്ലാത്ത ടാക്സി വരെ; വിസ്മയമായി ജൈറ്റക്സ്

Mail This Article

Email sent successfully

Try Again !

gtw-gytex
SHARE

പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. മനുഷ്യനെ വിവിധമേഖലകളിൽ സഹായിക്കുന്നതിന് സാങ്കേതിക വിദ്യകളെ വിപുലപ്പെടുത്തുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നത് കാഴ്ചക്കാർക്കുപോലും വിസ്മയമാണ്.

സാങ്കേതികവിദ്യയുടെ ഭാവിയെന്ന വിശേഷണമുള്ള നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി, റോബൊട്ടിക്സ്, 5 ജി, ഓഗ്മെൻറഡ് റിയാലിറ്റി, വേയ്സ്റ്റ് മാനേജ്മെൻറ് തുടങ്ങി ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതും ലളിതവുമാക്കാൻ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനമാണ് ജൈറ്റക്സ്. 175 രാജ്യങ്ങളിൽനിന്നുള്ള 4,000 പ്രദർശകരും 750 സ്റ്റാർട്ടപ്പ് കമ്പനികളും ഒരു ലക്ഷത്തിലധികം സാങ്കേതിവവിദഗ്ധരും പ്രദർശനത്തിന്റെ ഭാഗമാണ്. ഇരുന്നൂറിലധികം സർക്കാർ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

കിലോമീറ്ററുകൾക്കപ്പുറത്തെ കാഴ്ചകളെ കൺമുന്നിലെന്ന പോലെ കാണാനാകുന്ന Virtual Reality. ബഹിരാകാശഗവേഷണം മുതൽ ഓൺലൈൻ ഗെയിംസിൽ വരെ ഉപയോഗിക്കാവുന്ന വെർച്വൽ റിയാലിറ്റി വരും തലമുറയുടെ ദൈനംദിനപ്രവർത്തനങ്ങളുടെ ഭാഗമാകുമെന്നുറപ്പാണ്. ആശുപത്രികളിൽ ഏറ്റവും ഗൌരവമേറിയ ശസ്ത്രക്രിയകൾ നടത്താനും നേരിട്ട് പരിശോധന നടത്താതെ വിമാനത്താവളങ്ങളിലേയും തുറമുഖങ്ങളിലേയും കള്ളക്കടത്തു കണ്ടെത്താനും തുടങ്ങി എല്ലാ മേഖലകളിലും അടുത്തതലമുറ Virtual Reality പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. അത്തരമൊരു പദ്ധതിയുമായാണ് പ്രശസ്ത കംപ്യൂട്ടർ ബ്രാൻഡായ എച്ച്.പിയുടെ വരവ്.

ലോകം അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായാണ് തുർക്കി ആസ്ഥാനമായ എവ്റേക്ക എന്ന കമ്പനി ക്രീയേറ്റ് സ്മാർട് സിറ്റീസ് എന്ന പദ്ധതിയൊരുക്കിയിരിക്കുന്നത്. തെരുവുകളിലും ഹോട്ടലുകളിലും സ്ഥാപിച്ചിരിക്കുന്ന മാലിന്യനിക്ഷേപ പെട്ടികളെ കൃത്യമായി ഉപയോഗപ്പെടുത്താനും അവ നിറയുമ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ഉപകരിക്കുന്ന സെൻസർഘടിപ്പിച്ച ചെറിയ യന്ത്രമാണിത്. ഇന്ത്യയിൽ ജയ്പൂർ അടക്കമുള്ള നഗരങ്ങളിൽ ഇതു ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സമയലാഭം, വൃത്തി, ഇന്ധനലാഭം എന്നിവയാണ് എവ്റേക്ക സെൻസറിന്റെ പ്രധാന ഗുണങ്ങൾ.

ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അവതരിപ്പിച്ച ഡ്രൈവറില്ലാത്ത ടാക്സിയായിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഉയർന്ന സുരക്ഷയും നിലവാരവുമുള്ള വാഹനമാണ് ആർടിഎ അവതരിപ്പിച്ചത്. ടാക്സിയുടെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളുമാണ് അപകടങ്ങളില്ലാതെ വാഹനങ്ങളെ മുന്നോട്ടു നയിക്കുന്നത്. നാന്നൂറു മീറ്റർ അകലം വരെ 360 ഡിഗ്രീ ചുറ്റളവിൽ സെൻസറുകൾ സ്കാൻ ചെയ്യും. രണ്ടായിരത്തിമുപ്പതോടെ ദുബായിലെ ഇരുപത്തിയഞ്ചുശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാട്ടുപാടി ഉറക്കാൻ മുതൽ മഞ്ഞുറഞ്ഞ ധ്രുവപ്രദേശങ്ങളിലെ പര്യവേഷണത്തിനു വരെ ഉപയോഗിക്കാവുന്ന റോബൊട്ടുകളുടെ വിപുലമായ കാഴ്ചകളാണ് ജൈറ്റക്സിലെ മറ്റൊരു ആകർഷകഘടകം. കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനത്തിന് സഹായകരമാകുന്നത്, ക്ളാസ് മുറികളിൽ ഉപയോഗിക്കാവുന്നവ തുടങ്ങി സാങ്കേതികവിദ്യകളാൽ കുട്ടികളുടെ ഭാവി മെച്ചപ്പെട്ടതാക്കാൻ സഹായിക്കുന്ന കുഞ്ഞു റോബോട്ടുകൾ ലോകവും കുട്ടികളുടെ മനസുകളും കീഴടക്കിതുടങ്ങിയിരിക്കുന്നു. 

ദുബായിലെ വൈദ്യുതി, വെള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനും സംശയങ്ങൾ ദുരീകരിക്കാനും സഹായിക്കുന്ന ദിവയുടെ റോബൊട്ടുകൾ പ്രവാസികളടക്കമുള്ളവർക്ക് ഒരേ സമയം സഹായകരവും വിസ്മയിപ്പിക്കുന്നതുമായി. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ കമ്പനികളും റോബൊട്ടിക് സാങ്കേതിക വിദ്യയുടെ നൂതനവിദ്യകൾ പരിചയപ്പെടുത്തി ജൈറ്റക്സിലെത്തിയിട്ടുണ്ട്. ഷോപ്പിങ് മാളുകളിലും പാർക്കിങ് ഏരിയയിലുമൊക്കെ റോബൊട്ട്സിൻറെ പ്രവർത്തനങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

ഇത്തരത്തിൽ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകളുടെ നൂതന ആശയങ്ങളും കാഴ്ചകളുമാണ് ജൈറ്റക്സ് പങ്കുവയ്ക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിവിര സാങ്കേതിക വിദ്യാപ്രദർശനത്തിനാണ് ദുബായ് വേൾഡ് ട്രേഡ് സെൻറർ വേദിയായത്. ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്‌, സാപ്പ്, ഹുവായ് തുടങ്ങിയ ടെക് ഭീമന്മാർ ഏറ്റവുംപുതിയ സാങ്കേതികവിദ്യകളും ജൈറ്റക്സിലൂടെ അനാവരം ചെയ്തു. തുടർച്ചയായ മുപ്പത്തിയെട്ടാം വർഷമാണ് ജൈറ്റക്സ് നടക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE