ആധാറും ശബരിമലയും; പ്രവാസികൾക്കും പറയാനുണ്ട്

Gulf-Thisweek-sabarimala-aadhaar
SHARE

സുപ്രീംകോടതിയിൽനിന്നു ചരിത്രവിധികൾ കേട്ട ദിവസങ്ങളാണ്  കടന്നു പോകുന്നത്. പ്രവാസികളുടെ പ്രധാനആശങ്കയായിരുന്ന ആധാർ കാർഡും ശബരിമലയിലെ സ്ത്രീപ്രവേശനവും ഏറെ ചർച്ച ചെയ്യുപ്പെടുന്ന സമയം. പ്രവാസികൾക്കും ഏറെ പറയാനുണ്ട്. ആധാറിൽ ഇപ്പോഴും തുടരുന്ന അവ്യക്തതകൾ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തും അനുകൂലിച്ചുമുള്ള നിലപാടുകൾ..പ്രവാസികൾക്കും ചിലത് പറയാനുണ്ട്. 

ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം. ആധാർ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും ഭരണഘടനാപരമായ സാധുതയുണ്ടെന്നും ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനവിലക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുത്തുകളഞ്ഞു. കേരളം ഏറെ ചർച്ച ചെയ്യുന്ന ഈ രണ്ട് വിധികളെക്കുറിച്ച് പ്രവാസികൾക്ക് എന്താണ് പറയാനുള്ളതെന്നു കേൾക്കാം. 

ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും നൽകിയിരിക്കുന്ന പന്ത്രണ്ട് അക്ക വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. ആധാർ ഭരണഘടനാ വിരുദ്ധമല്ലെന്നും സോപാധികളോടെ അംഗീകരിക്കുന്നതായും കഴിഞ്ഞമാസം ഇരുപത്തിയാറിന് സുപ്രീംകോടതി വിധിച്ചു. മാസങ്ങൾ നീണ്ട വാദത്തിനൊടുവിൽ അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണപ്രതിപക്ഷ കക്ഷികളുടെ വാദങ്ങളെ പൂർണമായും അംഗീകരിച്ചില്ലെങ്കിലും ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ വിധിയെ സ്വാഗതം ചെയ്തു. ഏതെല്ലാം കാര്യങ്ങൾക്ക് ആധാർ നിർബന്ധമാക്കണം എന്തിനെല്ലാം ആധാർ ആവശ്യപ്പെടരുത് എന്ന കാര്യങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തി. 

‌നിലവിലെ നിയമപ്രകാരം ആധാർ എടുക്കാനുള്ള യോഗ്യത ഇന്ത്യയിൽ താമസിക്കുന്ന പൗരൻമാർക്ക് മാത്രമാണ്. ''കഴിഞ്ഞ പന്ത്രണ്ട് മാസങ്ങൾക്കിടെ ചുരുങ്ങിയത് 182 ദിവസമെങ്കിലും ഞാൻ ഇന്ത്യയിൽ വസിക്കുന്നുണ്ടെന്നും യുഐഡിഎഐ ക്ക് നൽകിയ വിവരങ്ങൾ എന്റെ സ്വന്തമാണെന്നും സത്യസന്ധവും ശരിയായതും കൃത്യവുമാണെന്നും ഞാൻ ഉറപ്പുനൽകുന്നു'' എന്നാണ് ആധാറിനുള്ള അപേക്ഷാ ഫോറത്തിൽ സത്യവാങ്മൂലമായി നൽകുന്നത്. അതിനർഥം, 182 ൽ കുറവ് ദിവസമാണ് പ്രവാസിയായ ഇന്ത്യൻ പൗരൻ നാട്ടിൽ താമസിച്ചതെങ്കിൽ  ആ വ്യക്തിക്ക് ആധാറിന് അപേക്ഷിക്കാൻ അനുവാദമില്ല എന്നതാണ്. ആധാർ ലഭിക്കാണ തെറ്റായവിവരങ്ങൾ നൽകുന്നത് കുറ്റകരവുമാണ്.

എൻ.ആർ.ഐ സ്റ്റേറ്റസിലുള്ള പൗരന് ആധാർ ലഭ്യമാകില്ല എന്നു ചുരുക്കം. പക്ഷേ, പാൻകാർഡ് ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. അതിനാൽ, പ്രവാസിയായ ഇന്ത്യക്കാർക്ക് പാൻകാർഡ് എടുക്കാനാകില്ല എന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിനു പുറത്തു താമസിക്കുന്ന ആയിരക്കണക്കിന് പൌരൻമാർ ആദായനികുതി റിട്ടേണുകൾ അടയ്ക്കുന്നുണ്ട്. അവർക്ക് ഇന്ത്യയിൽ വ്യക്തിഗതമായും കുടുംബസ്വത്തായുമൊക്കെ ആസ്തികളും വസ്തുവകകളുമുണ്ട്. അവയുടെ റജിസ്ട്രേഷൻ നടത്താനും വിവിധ നികുതികൾ നൽകാനും ആധാർ ആവശ്യമായി വരും. 

കേരളത്തിൽ പ്രോപ്പർട്ടി ഡോക്യുമെന്റേഷൻ പൂർണമായും ഡിജിറ്റലൈസേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഡിജിറ്റലൈസ് പ്രോസസിന് ആധാർ വേണം. ഇതും പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇതിനെല്ലാമുള്ള ഏക പരിഹാരം പ്രവാസികളായ ഇന്ത്യൻ പൌരൻമാർക്കും ആധാർ ലഭ്യമാക്കാനുള്ള അവസരം ഒരുക്കുക എന്നതാണ്. പ്രവാസികൾക്ക് ആധാർ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് 2016 ജനുവരി എട്ടിന് നടത്തി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വർഷം രണ്ടരകഴിഞ്ഞിട്ടും ഇക്കാര്യം നടപ്പിലാക്കിയിട്ടില്ല. പ്രവാസികൾക്കും നിർബന്ധമായി ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടുന്നതായാണ് പരാതി. 

ബയോമെട്രിക് ഐഡൻ്ഡിറ്റി കാർഡുള്ള മറ്റു രാജ്യങ്ങൾ, സ്ഥിരമായി രാജ്യത്ത് താമസിക്കുന്നവരെന്നോ പ്രവാസിയെന്നോ വേർതിരിവില്ലാതെ അവരുടെ എല്ലാ പൌരൻമാർക്കും തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. അതേസാഹചര്യം ഇന്ത്യക്കാരായ എല്ലാ പൌരൻമാർക്കും അനുവദിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർക്ക് വിവിധ സംഘടനകളും വ്യക്തികളും ഇക്കാര്യം ആവശ്യപ്പെട്ട് പലകുറി നിവേദനങ്ങൾ കൈമാറിയെങ്കിലും ഇതുവരെ

പ്രവാസികൾക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണെന്നു കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിനു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാകില്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി. ബിജെപി, കോൺഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ വിധിയെ സ്വാഗതം ചെയ്തു. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽ ആർ.എസ്.എസ് ഉറച്ചുനിന്നു. എതിർസ്വരങ്ങളും ഉയർന്നു. റെഡി ടു വെയ്റ്റ് ക്യാംപെയ്നുമായി സ്ത്രീകളടങ്ങിയ സംഘം വിധിയിൽ നിരാശ പ്രകടിപ്പിച്ചു പ്രതിഷേധിക്കുന്നുണ്ട്. മണ്ഡല,മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് പോകാൻ വ്രതം നോക്കുന്ന അനേകം പ്രവാസികൾ ഇവിടെയുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശനത്തെ എതിർത്തും അനുകൂലിച്ചുമുള്ള നിലപാടുകൾ പങ്കുവയ്ക്കുകയാണ് പ്രവാസി സമൂഹം. 

പൗരനെന്ന നിലയിൽ വിധിയെ അംഗീകരിക്കുമ്പോഴും വിശ്വാസിയെന്ന നിലയിൽ വിധി നിരാശാജനകമാണെന്ന് ദുബായിലെ ബിജെപിയുടെ നേതാവുകൂടിയായ രമേഷ് വ്യക്തമാക്കുന്നു. 

പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി വിശ്വാസത്തിനും ആചാരത്തിനും എതിരാണെന്നും അഭിപ്രായമുണ്ട്. 

പന്തളം അടക്കമുള്ല വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പ്രവാസലോകത്തെ വിവിധസംഘടനകളും പങ്കെടുക്കുന്നുണ്ട്. ചില രാഷ്ട്രീയപാർട്ടികൾ വിധിയെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുന്നുവെന്നും ആരോപണമുയർന്നു. വിധിക്കെതിരെ പുനപരിശോധനാ ഹർജി സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിവിധ സംഘടനകൾ പരിഗണിക്കുന്നുണ്ട്.

വിധി എതിരാണെങ്കിലും ആചാരപ്രകാരം കാത്തിരിക്കാമെന്ന നിലപാടിലാണ് പ്രവാസലോകത്തെ സ്ത്രീകളിലേറെയും. അതേസമയം, സ്ത്രീപുരുഷ സമത്വം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന നിലപാടുള്ളവരുമുണ്ട്. ശബരിമലയിൽ മാത്രമല്ല സമൂഹത്തിന്റെ എല്ലാ തുറകളിലും ഈ സമത്വം നിർബന്ധമാക്കണമെന്നാണ് ആവശ്യം. 

MORE IN GULF THIS WEEK
SHOW MORE